കോടതികൾക്കും ജഡ്ജിമാർക്കും മതിയായ പൊലീസ് സുരക്ഷ ഉറപ്പുവരുത്തണം -ഹൈകോടതി

കൊച്ചി: സംസ്ഥാനത്തെ കോടതികൾക്കും ജഡ്ജിമാർക്കും മതിയായ പൊലീസ് സുരക്ഷ ഉറപ്പു വരുത്തണമെന്ന് ഹൈകോടതി. കുടുംബ കോടതി വിഷയങ്ങളുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹരജികളിൽ ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവരെ സ്വമേധയാ കക്ഷി ചേർത്താണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് സി.എസ്. ഡയസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ നിർദേശം. ജില്ല ജഡ്ജിമാർക്കും കോടതികൾക്കും ഏർപ്പെടുത്തിയ സുരക്ഷയുടെ വിശദാംശങ്ങൾ നൽകാൻ കഴിഞ്ഞ മാർച്ചിൽ ഡിവിഷൻ ബെഞ്ച് സർക്കാറിന് നിർദേശം നൽകിയിരുന്നു.

എന്നാൽ, കുറച്ച് കോടതികളിൽ മാത്രമാണ് ഇതുവരെ സുരക്ഷാ സജ്ജീകരണങ്ങൾ ഒരുക്കിയതെന്ന് ജില്ല ജുഡീഷ്യറി രജിസ്ട്രാർ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഡിവിഷൻ ബെഞ്ചിന്‍റെ നിർദേശം. ഝാർഖണ്ഡിൽ ഒരു ജഡ്‌ജിയെ വധിച്ച സംഭവം കണക്കിലെടുത്ത് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിൽ കേരളത്തിലെ കോടതികൾക്കും ജഡ്ജിമാർക്കും മതിയായ സുരക്ഷ നൽകുമെന്ന് സത്യവാങ്മൂലം നൽകിയിട്ടുണ്ടെന്ന് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ഹൈകോടതിയിൽ അറിയിച്ചിരുന്നു.

പ്രവൃത്തി സമയങ്ങളിൽ കോടതികളുടെ സുരക്ഷക്ക് മതിയായ പൊലീസിനെ നിയോഗിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. ഇതു സംബന്ധിച്ച് ജില്ല കോടതികളിൽനിന്ന് റിപ്പോർട്ട് തേടാൻ ഹൈകോടതി ജില്ല ജുഡീഷ്യറി രജിസ്ട്രാർക്ക് നിർദേശം നൽകിയിരുന്നു. ഇതേതുടർന്നാണ് റിപ്പോർട്ട് സമർപ്പിച്ചത്. അടുത്തിടെ ചില കോടതികളിലുണ്ടായ അപ്രതീക്ഷിത സംഭവങ്ങൾകൂടി കണക്കിലെടുത്താണ് ഹൈകോടതി ഈ ഉത്തരവിട്ടത്.

Tags:    
News Summary - Adequate police security should be ensured for courts and judges - High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.