തിരുവനന്തപുരം: തൃശൂർപൂരം അലങ്കോലമായതിനു പിന്നിൽ എ.ഡി.ജി.പി അജിത്കുമാറിന്റെ രഹസ്യ ഇടപെടലെന്ന് സൂചന. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി ക്രമീകരണങ്ങളിൽ മാറ്റം വരുത്താൻ അജിത്കുമാർ ഇടപെട്ടെന്നാണ് സേനാംഗങ്ങൾ പറയുന്നത്. മൂകാംബിക ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെ തൃശൂരിൽ താമസിച്ച് രാവിലെതന്നെ അവിടേക്കു പോയെന്ന് അജിത്കുമാർ നേരത്തേ ഡി.ജി.പിയെ അറിയിച്ചിരുന്നു.
എന്നാൽ, അജിത്കുമാർ പൂരദിവസം പുലർച്ച മൂന്നര വരെ സ്ഥലത്തുണ്ടായിരുന്നത്രെ. ഇതിനിടെ രണ്ടു തവണ പൂരസ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിച്ചു. പുലർച്ചെ മടങ്ങിയ ശേഷം ഫോണിൽ ബന്ധപ്പെടാനായില്ലെന്നും സേനയിൽനിന്നുള്ളവർ പറയുന്നു.
മുൻവർഷങ്ങളെ അപേക്ഷിച്ച് മുകളിൽനിന്നുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിൽ എന്ന വ്യാഖ്യാനത്തോടെ പൊലീസ് സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് പൊലീസുകാർ പറയുന്നത്. പൂരസ്ഥലത്ത് അനാവശ്യ നിയന്ത്രണം സൃഷ്ടിച്ചെന്നും മേൽനോട്ടച്ചുമതലയിൽ എ.ഡി.ജി.പിക്ക് വീഴ്ചയുണ്ടായെന്നുമുള്ള വികാരം പൊലീസ് സേനയിൽ നിലനിൽക്കുന്നുണ്ട്. പൂരത്തിന് ഏതാനും ദിവസം മുമ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് പൂരനഗരിയിലെ ക്രമീകരണങ്ങൾ മാറ്റാൻ അജിത്കുമാൻ നിർദേശിച്ചിരുന്നു. വർഷങ്ങളായി തുടരുന്നതിൽനിന്നും വ്യത്യസ്തമായി രാത്രി നേരത്തേ ബാരിക്കേഡുകൾ സ്ഥാപിച്ചു.
21ന് പുലർച്ച മൂന്നിന് നടക്കേണ്ട വെടിക്കെട്ടിന് തിരക്കു നിയന്ത്രിക്കാനെന്ന പേരിൽ രാത്രി പത്തോടെ പൊലീസ് ബാരിക്കേഡ് കെട്ടി സ്വരാജ് റൗണ്ടിലേക്കുള്ള പ്രവേശനം അടച്ചു. ഇതോടെ, തിരുവമ്പാടി ഭാഗത്തുനിന്ന് വടക്കുന്നാഥ ക്ഷേത്രത്തിലേക്കുള്ള എല്ലാ വഴികളും അടഞ്ഞു. ഇതോടെ തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പും പഞ്ചവാദ്യവും തടസ്സപ്പെട്ടു. ജനക്കൂട്ടം പൊലീസിനെ ചോദ്യം ചെയ്തു. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അനുനയ ചർച്ച നടന്നെങ്കിലും പൂരം പിരിച്ചുവിട്ടതായി ദേവസ്വം പ്രഖ്യാപിച്ചു.
ദേവസ്വം അധികൃതർ വിളിച്ചതിന്റെ അടിസ്ഥാനത്തിൽ സേവാഭാരതിയുടെ ആംബുലൻസിൽ ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഗോപി പൂരനഗരിയിലെത്തി പ്രശ്നം ഒത്തുതീർപ്പാക്കിയെന്ന തരത്തിലായി പ്രചാരണം. ഇതെല്ലാം നേരത്തേ ആസൂത്രണം ചെയ്തതിന്റെ തുടർച്ചയാണെന്നാണ് സി.പി.ഐ സ്ഥാനാർഥി വി.എസ്. സുനിൽകുമാർ ഉൾപ്പെടെ ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.