തിരുവനന്തപുരം: എ.ഡി.ജി.പി അജിത് കുമാറിന്‍റെ മുമ്പിൽ അധോലോക നായകൻ ദാവൂദ് ഇബ്രാഹീം എത്ര ചെറുതാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. സുജിത് ദാസിനെ പോലുള്ള ഒരു ക്രിമിനലാണ് അജിത് കുമാർ ക്രിമിനലാണെന്ന് പറയുന്നത്. കേരളത്തിലെ ആഭ്യന്തര വകുപ്പിൽ ക്രിമിനലുകളുടെ ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്നും അതിനുള്ള കവചം കേന്ദ്രം നൽകുന്നുണ്ടെന്നും രാഹുൽ ആരോപിച്ചു.
തൃശൂർ പൂരം കുളമാക്കി ബി.ജെ.പിക്ക് വഴിവെച്ച് കൊടുക്കാൻ കേരള പൊലീസ് സഹായിച്ചെന്നാണ് പറയുന്നത്. തൃശൂരും തിരുവനന്തപുരവും ബി.ജെ.പി ജയിക്കണമെന്നുള്ളത് മുഖ്യമന്ത്രിയുടെ താൽപര്യമാണ്. പ്രതിപക്ഷം ഇന്നലകളിൽ ഉന്നയിക്കുകയും അന്ന് ഇവർ പരിഹസിക്കുകയും ചെയ്ത ആരോപണങ്ങൾ ഓരോന്നായി മറനീക്കി പുറത്തുവരികയാണ്.
സംസ്ഥാന സർക്കാറിന്‍റെ യൂണിഫോമിട്ട കൊടി സുനിയാണ് എ.ഡി.ജി.പി അജിത് കുമാർ. അജിത് കുമാറിനെതിരെ കേസെടുക്കുകയാണ് വേണ്ടത്. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കണം. പ്രതിപക്ഷ നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും ഫോണുകൾ ചോർത്തുന്നത് സംസ്ഥാന സർക്കാറിനെ സഹായിക്കാനാണ്. വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ പി.വി. അൻവർ എം.എൽ.എയെ സാക്ഷിയാക്കി കേസ് രജിസ്റ്റർ ചെയ്യണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
എല്ലാവരുടെയും ഫോണുകൾ എ.ഡി.ജി.പി ചോർത്തുന്നുവെന്ന് പറയുന്ന അൻവർ, എ.ഡി.ജി.പിയുടെ ഫോൺ താൻ ചോർത്തുന്നുവെന്നും പറയുന്നു. വലിയ അരാജകത്വത്തിലേക്കാണ് കേരളം പോകുന്നതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
ശക്തമായ പ്രക്ഷോഭവുമായി യൂത്ത് കോൺഗ്രസ് മുന്നോട്ടു പോകുമെന്നും മുഴുവൻ എസ്.പി ഓഫീസിലേക്കും മാർച്ച് നടത്തുമെന്നും രാഹുൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.