ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപത മുന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പൗവത്തില്‍ അന്തരിച്ചു. 93 വയസ്സായിരുന്നു. ശനിയാഴ്ച ഉച്ചക്ക് 1.17ന് ചങ്ങനാശ്ശേരി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ത്യൻ കത്തോലിക്ക മെത്രാൻ സമിതിയുടെയും (സി.ബി.സി.ഐ) കേരള കത്തോലിക്ക മെത്രാൻ സമിതിയുടെയും (കെ.സി.ബി.സി) അധ്യക്ഷൻ, ഇന്റർ ചർച്ച് കൗൺസിൽ ഫോർ എജുക്കേഷൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ച മാര്‍ പൗവത്തില്‍ ചങ്ങനാശ്ശേരി ആര്‍ച്ച്ബിഷപ്സ് ഹൗസില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. കബറടക്കം സിറോ മലബാർ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കാര്‍മികത്വത്തില്‍ ബുധനാഴ്ച രാവിലെ 10ന് ചങ്ങനാശ്ശേരി മെത്രാപ്പൊലീത്തന്‍ പള്ളിയില്‍ നടക്കും.
ആരാധനാക്രമ പരിഷ്കരണം, സ്വാശ്രയ വിദ്യാഭ്യാസം എന്നിവയിൽ കർക്കശ നിലപാടെടുത്ത മാര്‍ ജോസഫ് പൗവത്തിൽ, 2007 മാര്‍ച്ച് 19നാണ് മെത്രാപ്പോലീത്തന്‍ സ്ഥാനത്തുനിന്ന് വിരമിച്ചത്. 1962 മുതൽ ഒരു ദശാബ്ദക്കാലം ചങ്ങനാശ്ശേരി എസ്.ബി കോളജിൽ അധ്യാപകനായി പ്രവർത്തിച്ച അദ്ദേഹം മാർപാപ്പ അഭിഷേകം ചെയ്ത സിറോ മലബാർ സഭയിലെ ആദ്യ ബിഷപ്പായിരുന്നു. ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ദീർഘകാല സുഹൃത്തായിരുന്ന അദ്ദേഹം അഞ്ചു മാർപാപ്പമാർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. നിലപാടുകളിലെ കൃത്യതയും സഭാ വിജ്ഞാനീയത്തിലെ പാണ്ഡിത്യവുമായിരുന്നു അദ്ദേഹത്തെ ശ്രദ്ധേയനാക്കിയിരുന്നത്.
1930 ആഗസ്റ്റ് 14ന് കുറുമ്പനാടം പൗവത്തില്‍ കുടുംബത്തില്‍ ഉലഹന്നാന്-മറിയക്കുട്ടി ദമ്പതികളുടെ പുത്രനായി ജനിച്ച മാര്‍ പൗവത്തില്‍ 1962 ഒക്ടോബര്‍ മൂന്നിനാണ് പൗരോഹിത്യം സ്വീകരിച്ചത്. 1972 ജനുവരി 29ല്‍ ചങ്ങനാശ്ശേരി അതിരൂപതയുടെ സഹായമെത്രാനായി അദ്ദേഹത്തെ പ്രഖ്യാപിച്ചു. 1972 ഫെബ്രുവരി 13ന് വത്തിക്കാനില്‍ പോള്‍ ആറാമന്‍ മാര്‍പാപ്പയില്‍നിന്ന് മെത്രാഭിഷേകം സ്വീകരിച്ചു. 1977ല്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായി നിയമിതനായ അദ്ദേഹം രൂപതയുടെ അടിത്തറപാകിയ കര്‍മയോഗിയായിരുന്നു. 1986 ജനുവരി 17ന് ചങ്ങനാശ്ശേരി അതിരൂപതയുടെ അധ്യക്ഷനായി ചുമതലയേറ്റു. 2007വരെ ആര്‍ച്ച്ബിഷപ്പായി സേവനം ചെയ്തു. പൗരസ്ത്യരത്നം, സഭാതാരം, മാര്‍ത്തോമ പുരസ്കാരം തുടങ്ങിയ അവാര്‍ഡുകളും വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തിന്റെ ഓണററി ഡോക്ടറേറ്റും നേടിയിട്ടുണ്ട്.
അശരണര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വേണ്ടി ആശാഭവന്, സ്നേഹനിവാസ് എന്നീ സ്ഥാപനങ്ങളും മെത്രാഭിഷേക രജതജൂബിലിയുടെ ആഘോഷങ്ങള്‍ ഒഴിവാക്കി ജീവകാരുണ്യനിധിയും ആരംഭിച്ചു. വിദ്യാഭ്യാസ വിഷയങ്ങളില്‍ കർക്കശ നയം പിന്തുടർന്ന അദ്ദേഹം 1972ലെ കോളജ് സമരത്തിൽ സജീവമായിരുന്നു. ഇന്റർ ചർച്ച് കൗൺസിൽ ചെയർമാനെന്ന നിലയിൽ സ്വാശ്രയ വിഷയത്തിൽ അതിശക്തമായ നിലപാടായിരുന്നു മാര്‍ ജോസഫ് പൗവത്തില്‍ സ്വീകരിച്ചത്. ‘സഭയുടെ കിരീട’മെന്ന വിശേഷണം ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ മാര്‍ പൗവത്തിലിന് നൽകിയിരുന്നു. സഹോദരങ്ങൾ-പരേതനായ പി.ജെ. സഖറിയാസ്, ഡോ.പി.ജെ. ജോൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.