കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മാതൃ ശിശു കേന്ദ്രത്തിൽ മോഷണം ആരോപിച്ച് ചോദ്യംചെയ്യലിന് ഇരയായ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വയനാട് മേപ്പാടി പാറവയൽ സ്വദേശി വിശ്വനാഥനാണ് (46) മരിച്ചത്. മോഷണം ആരോപിച്ച് മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാർ ചോദ്യം ചെയ്തിരുന്നുവെന്നും ഇതിൽ വിശ്വനാഥന് വിഷമമുണ്ടായിരുന്നെന്നും ഭാര്യാമാതാവ് ലീല പറഞ്ഞു.
ഭാര്യ ബിന്ദുവിന്റെ പ്രസവത്തിനാണ് വയനാട്ടിൽനിന്ന് വിശ്വനാഥൻ എത്തിയത്. വ്യാഴാഴ്ച ബിന്ദു ആൺകുഞ്ഞിന് ജൻമം നൽകിയിരുന്നു. ഇവരുടെ ആദ്യത്തെ കുഞ്ഞാണിത്. വെള്ളിയാഴ്ച പുലർച്ച മുതൽ വിശ്വനാഥനെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. വെള്ളിയാഴ്ച അഗ്നിരക്ഷാസേനയുടെ സഹായത്തോടെ മെഡിക്കൽ കോളജ് പരിസരത്ത് തിരച്ചിൽ നടത്തിയതായി എസ്.എച്ച്.ഒ ബെന്നി ലാലു പറഞ്ഞു.
ശനിയാഴ്ച രാവിലെയാണ് മെഡിക്കൽ കോളജിനു സമീപം ആളൊഴിഞ്ഞ പറമ്പിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്.
ഐ.എം.സി.എച്ചിന് മുറ്റത്തെ കൂട്ടിരിപ്പുകാരുടെ കേന്ദ്രത്തിൽ പണവും മൊബൈലും മോഷണം പോയതായി പരാതി ഉണ്ടായിരുന്നത്രെ. ഇതുമായി ബന്ധപ്പെട്ട് സെക്യൂരിറ്റി ജീവനക്കാർ വിശ്വനാഥനെ ചോദ്യം ചെയ്തിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. മറ്റൊരു പ്രശ്നവും വിശ്വനാഥനില്ലെന്നും ഭാര്യാമാതാവ് പറഞ്ഞു.
മോഷണക്കുറ്റം ആരോപിച്ചതിനെ തുടർന്ന് സങ്കടപ്പെട്ട വിശ്വനാഥൻ മതിൽ ചാടിക്കടന്ന് പുറത്തേക്ക് പോവുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മോഷണം നടന്നുവെന്ന പരാതി വന്നപ്പോൾ സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചതാണെന്നും ഒന്നും ശ്രദ്ധയിൽപെട്ടില്ലെന്നും മെഡിക്കൽ കോളജിലെ പട്ടികവർഗ പ്രമോട്ടർ പ്രിയ പറഞ്ഞു.
സംഭവത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്ന് അസി. കമീഷണർ കെ. സുദർശൻ ‘മാധ്യമ’ത്തോട് പറഞ്ഞു. നടപടി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ മെഡിക്കൽ കോളജിലേക്ക് മാർച്ച് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.