തിരുവനന്തപുരം: എ.ഡി.എം നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് റവന്യൂ മന്ത്രി കെ. രാജന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതിനിടെ, സര്‍ക്കാറിന് നല്കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കാത്ത കാര്യങ്ങള്‍ കണ്ണൂർ ജില്ല കലക്ടര്‍ അരുണ്‍ കെ. വിജയന് പൊലീസിനോട് പറഞ്ഞതിൽ ദുരൂഹത. വിഷയത്തില്‍ റവന്യൂ വകുപ്പിന്റെയും മന്ത്രിയുടെയും നിലപാടുകളെ സംശയനിഴലില്‍ ആക്കുന്ന തരത്തിലാണ് കലക്ടറുടെ മൊഴിയെന്നാണ് ആക്ഷേപം.
കലക്ടറുടെ മൊഴി കെട്ടിച്ചമച്ചതാണെന്നും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നും ആരോപിച്ച് നവീനിന്റെ കുടുംബംതന്നെ രംഗത്തെത്തി. നവീന്‍ ബാബുവിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തില്‍ പി.പി. ദിവ്യക്ക് അനുകൂലമാകാവുന്ന മൊഴിയാണ് കലക്ടര്‍ പൊലീസിന് നല്‍കിയത്. ‘ഒരുതെറ്റു പറ്റി’യെന്ന് എ.ഡി.എം നവീന്‍ ബാബു തന്നോടു പറഞ്ഞതായി കലക്ടര്‍ അരുണ്‍ കെ. വിജയന് പൊലീസിന് നല്കിയ മൊഴി കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
ലാന്‍ഡ് റവന്യൂ ജോയന്റ് കമീഷണര്‍ പി. ഗീത, കലക്ടറുടെ ഉള്‍പ്പെടെ മൊഴിയെടുത്ത ശേഷം നല്കിയ റിപ്പോര്‍ട്ടിൽ ഇക്കാര്യം പറയുന്നില്ലെന്നാണ് സൂചന. ഇതിനു ശേഷമാണ് പൊലീസ് കലക്ടറുടെ മൊഴിയെടുത്തത്. ഇത്ര ഗൗരവമേറിയ വിഷയത്തില്‍ മന്ത്രിയുടെ നിര്‍ദേശപ്രകാരം റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തില്‍നിന്ന് കലക്ടര്‍ നിര്‍ണായക വിവരം മറച്ചുവെക്കുകയും പൊലീസിനോടു മാത്രം പറയുകയും ചെയ്തതാണ് ദുരൂഹത ഉയർത്തുന്നത്.
നവീന്‍ ബാബുവിന്റെ മരണത്തിന് തൊട്ടുപിന്നാലെ കലക്ടര്‍ നല്കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ ഈ പരാമര്‍ശമില്ലെന്ന് റവന്യൂ മന്ത്രി കെ. രാജന് സ്ഥിരീകരിച്ചിരുന്നു. പിന്നീട് കോടതിയില്‍ അന്വേഷണ ഏജന്‍സിക്ക് മുമ്പാകെ നല്കിയ മൊഴിയാകാം ഇതെന്ന് മന്ത്രി പറഞ്ഞു. ദിവ്യക്ക് അനുകൂലമാകുന്ന നിലപാട് കലക്ടറുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് റവന്യൂ ഉദ്യോഗസ്ഥര്‍ക്കിടയില്‍ കടുത്ത അതൃപ്തിക്കും അമർഷത്തിനും ഇടയാക്കിയിട്ടുണ്ട്. ഇതിനിടെ, ലാൻഡ് റവന്യൂ ജോയന്റ് കമീഷണർ, റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് ചീഫ് സെക്രട്ടറി മന്ത്രി കെ. രാജന് കൈമാറി. എ.ഡി.എം നവീൻ ബാബുവുമായി മാത്രം ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിൽ മറ്റാർക്കെതിരെയും നടപടി ഉണ്ടാകില്ലെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.