കൊച്ചി: ദാരിദ്ര്യത്തോടും രോഗാവസ്ഥയോടും പൊരുതി സഭാനായകനിലേക്കുള്ള തോമസ് പ്രഥമൻ ബാവയുടെ ജീവിതയാത്ര സംഭവബഹുലമായിരുന്നു. പുത്തൻകുരിശ് വടയമ്പാടിയിലെ ദരിദ്രകുടുംബത്തിൽ ജനിച്ച് ക്ലേശങ്ങളോട് പടവെട്ടിയായിരുന്നു വളർച്ച.
വീട്ടിലെ ദാരിദ്ര്യംമൂലം നാലാം ക്ലാസ് വരെ മാത്രമായിരുന്നു വിദ്യാഭ്യാസം. തുടർന്ന് അഞ്ചലോട്ടക്കാരനായി. എന്നും രാവിലെ ആറിന് തപാൽ ഉരുപ്പടികൾ നിറച്ച സഞ്ചിയുമായി ഏഴക്കരനാട് പോസ്റ്റ്ഓഫിസിൽനിന്ന് തൃപ്പൂണിത്തുറ തപാൽ ഓഫിസിലേക്ക് ഓടലായിരുന്നു ജോലി. പത്രവിതരണക്കാരൻ, കാളപൂട്ടുകാരൻ തുടങ്ങി വിവിധ വേഷങ്ങളാണ് സി.എം. തോമസ് എന്ന കുഞ്ഞൂഞ്ഞ് 15 വയസ്സിനുള്ളിൽ ആടിയത്.
മലേക്കുരിശ് ദയറയിൽ സൺഡേ സ്കൂൾ അധ്യാപകനായി ചേർന്നത് ജീവിതത്തിൽ വഴിത്തിരിവായി. തുടർന്നാണ് ആത്മീയ വളർച്ച. 23ാം വയസ്സിൽ കോറൂയോ പട്ടം നേടിയ ഇദ്ദേഹം 1958 നവംബറിൽ പുരോഹിതനായി. തുടർന്ന് വിവിധ ഇടവകകളിൽ വൈദികനായി. ഇക്കാലയളവിൽ സുവിശേഷ പ്രസംഗകനായും തിളങ്ങി. കോലഞ്ചേരി ആശുപത്രിയുടെ സ്ഥാപനത്തിനും വളർച്ചക്കും നിർണായക പങ്കുവഹിച്ചു. യാക്കോബായ-ഓർത്തഡോക്സ് ഭിന്നത രൂക്ഷമായ എഴുപതുകളിലാണ് സഭ മേൽപട്ട സ്ഥാനത്തേക്കുള്ള വളർച്ച.1974 ഫെബ്രുവരി 24ന് ദമസ്കസിൽെവച്ച് തോമസ് മാർ ദിവന്നാസിയോസ് എന്ന പേരിൽ അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തയായി. തുടർന്ന്, യാക്കോബായ വിഭാഗത്തെ മുന്നിൽനിന്ന് നയിച്ച മോർ ദിവന്നാസിയോസിനെ 2002ൽ യാക്കോബായ സഭ ഔദ്യോഗികമായി രൂപവത്കരിച്ചപ്പോൾ മലങ്കര മെത്രാപ്പോലീത്തയാക്കി. 2002 ജൂലൈ 16ന് ദമസ്കസിൽ െവച്ച് ബസേലിയോസ് തോമസ് പ്രഥമൻ എന്ന പേരിൽ സഭയുടെ പ്രാദേശിക തലവനാക്കി.
അധ്യക്ഷനെന്ന നിലയിൽ ജനപിന്തുണ കൈമുതലാക്കി അദ്ദേഹം നടത്തിയ ഇടപെടലുകളാണ് യാക്കോബായ സഭക്ക് അടിത്തറ പാകിയത്. നിരന്തര സംഘർഷങ്ങളിലും നിയമനടപടികളിലും പതറാതെ അദ്ദേഹം സഭയെ നയിച്ചു. ഇതിനിടെ, കീഴ്കോടതികൾ മുതൽ സുപ്രീംകോടതി വരെ അറുന്നൂറോളം കേസിൽ പ്രതിയായി. ജയിൽവാസവും അനുഭവിച്ചു
14 ദിവസം ദുഃഖാചരണം പ്രഖ്യാപിച്ച് യാക്കോബായ സഭ
കൊച്ചി: ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന് കാതോലിക്ക ബാവയുടെ വിയോഗത്തിൽ യാക്കോബായ സുറിയാനി സഭയുടെ പള്ളികളിലും സ്ഥാപനങ്ങളിലും 14 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. സഭയുടെ കീഴിലെ പള്ളിവക സ്ഥാപനങ്ങളിലും നവംബർ ഒന്ന്, രണ്ട് തീയതികളിൽ അവിടുത്തെ ക്രമീകരണങ്ങൾ അനുസരിച്ച് അവധി നൽകും.
ബാവയുടെ ഭൗതിക ശരീരം ആസ്റ്റർ മെഡ്സിറ്റി ആശുപത്രിയിലെ ക്രമീകരണങ്ങൾക്കുശേഷം വ്യാഴാഴ്ച രാത്രി കോതമംഗലം ചെറിയ പള്ളിയിൽ എത്തിച്ചു. തുടർന്ന് അവിടെ പൊതുദർശനത്തിന് െവച്ചു. വെള്ളിയാഴ്ച രാവിലെ എട്ടിന് കുർബാന നടക്കും. രാവിലെ 9.30ന് സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസിന്റെയും വർക്കിങ് കമ്മിറ്റിയുടെയും സംയുക്തയോഗം. 10.30ന് സംസ്കാരത്തിന്റെ പ്രാരംഭ ശുശ്രൂഷകൾ ആരംഭിക്കും. ഉച്ചക്ക് ഒരുമണിക്ക് ഭൗതികശരീരം കോതമംഗലം വലിയ പള്ളിയിൽ എത്തിക്കും. നാലുമണിക്ക് വലിയ പള്ളിയിൽനിന്ന് മൂവാറ്റുപുഴ വഴി പുത്തൻകുരിശ് പാത്രിയാർക്കാ സെന്ററിൽ എത്തിക്കും. അതിനുശേഷം പൊതുദർശനം. ശനിയാഴ്ച രാവിലെ എട്ടിന് പാത്രിയാർക്കാ സെന്റർ മോർ അത്തനേഷ്യസ് കത്തീഡ്രലിൽ കുർബാന ഉണ്ടാകും. മൂന്നുമണിക്ക് കബറടക്കത്തിന്റെ സമാപന ശുശ്രൂഷകൾ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.