ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയോടൊപ്പം ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അമീർ പി. മുജീബ് റഹ്മാൻ (ഫയൽ ചിത്രം)

ബസേലിയോസ് തോമസ് ബാവ സമുദായ സൗഹാർദത്തിന് നിലകൊണ്ട മതമേധാവി, ജമാഅത്തെ ഇസ്‍ലാമിയുടെ നല്ല സുഹൃത്ത് -പി. മുജീബ് റഹ്മാൻ

കോഴിക്കോട്: സാഹോദര്യത്തിനും വിവിധ സമുദായങ്ങൾ തമ്മിലെ സൗഹാർദത്തിനും വേണ്ടി നിലകൊണ്ട മതമേധാവിയായിരുന്നു വിടപറഞ്ഞ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അമീർ പി. മുജീബ് റഹ്മാൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ജമാഅത്തെ ഇസ്‍ലാമിയുടെ നല്ല സുഹൃത്തായിരുന്നു. അദ്ദേഹവുമായി പലതവണ കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ട്. സൗഹാർദവും വിനയവും ഒരുപോലെ നിറഞ്ഞുനിൽക്കുന്ന പെരുമാറ്റം ആരെയും ആകർഷിക്കും. വിവിധ വിശ്വാസങ്ങളും ആശയങ്ങളും പിന്തുടരുമ്പോൾ തന്നെ പരസ്പരമുള്ള ആദരവും ഉൾക്കൊള്ളലുമാണ് സമൂഹത്തിന്റെ ശക്തിയെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത വ്യക്തിത്വമാണ് തോമസ് പ്രഥമൻ ബാവ -മുജീബ് റഹ്മാൻ അനുസ്മരിച്ചു.

പ്രതിസന്ധിഘട്ടങ്ങളില്‍ യാക്കോബായ സഭയെ കരുത്തോടെ മുന്നോട്ട് നയിച്ച നേതാവാണ് കാതോലിക്കാ ബാവ ബസേലിയോസ് തോമസ് പ്രഥമൻ. ഏത് പ്രയാസകരമായ സന്ദർഭത്തെയും പ്രാർഥനകൊണ്ട് അതിജീവിക്കാമെന്ന തത്വമാണ് അദ്ദേഹം ജീവിതത്തിലൂടെ പകർന്നുനൽകിയത്. അവശ്യസമയത്ത് പോരാട്ട വീര്യത്തോടെ സമരരംഗത്തിറങ്ങാനും അദ്ദേഹം മടികാണിച്ചില്ല.

യാക്കോബായ സഭയെ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കാണ് ബസേലിയോസ് തോമസ് പ്രഥമൻ വഹിച്ചത്. സഭയുടെ സമഗ്രവളർച്ചയിൽ അദ്ദേഹം വഹിച്ച പങ്ക് അവിസ്മരണീയമാണ്. അദേഹത്തിന്റെ അഭാവം സഭയ്ക്കും കേരളീയ സമൂഹത്തിനും വലിയ നഷ്ടമാണ്. സഭയുടെയും വിശ്വാസികളുടെയും ദുഃഖത്തിൽ ജമാഅത്തെ ഇസ്‍ലാമി പങ്ക് ചേരുന്നുവെന്നും അമീർ അനുശോചനക്കുറിപ്പിൽ പറഞ്ഞു.

Tags:    
News Summary - jamaat e islami leader p mujeeburahman Remembering Mor Baselios Thomas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.