ഭരണപരിഷ്കാര കമീഷന് സമഗ്ര സമീപനരേഖ തയാറാക്കും

തിരുവനന്തപുരം: ഭരണപരിഷ്കാര കമീഷന്‍െറ പ്രവര്‍ത്തനം സംബന്ധിച്ച സമഗ്ര സമീപനരേഖ തയാറാക്കാന്‍ ശനിയാഴ്ച ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ഭൗതിക സാഹചര്യങ്ങളിലും ഭരണ നടപടികളിലുമുണ്ടായ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തെ മുന്നോട്ട് കൊണ്ടുപോകാനാവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രേഖ തയാറാക്കുക. ഇരുപതിലേറെ വിദഗ്ധര്‍ യോഗത്തില്‍ പങ്കെടുത്തു.

ഭരണസംവിധാനത്തിന്‍െറ ഘടന, വിവിധ വകുപ്പുകള്‍ തമ്മിലെ ഏകോപനം, സേവനം പ്രദാനം ചെയ്യുന്നതിന്‍െറ രീതിശാസ്ത്രം, ആധുനിക മാനേജ്മെന്‍റ് രീതികള്‍, സാമ്പത്തിക മാനേജ്മെന്‍റ്, മാനവവിഭവശേഷി വികസനം, ഭരണസുതാര്യത, വിവരാവകാശം എന്നീ വിഷയങ്ങളെ സ്പര്‍ശിച്ചുള്ള അവതരണങ്ങളും നടന്നു. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തില്‍നിന്നും ഭരണസംവിധാനത്തിന്‍െറ ഭാഗമായി പ്രവര്‍ത്തിക്കുന്ന വിദഗ്ധരില്‍നിന്ന് അഭിപ്രായങ്ങള്‍ ശേഖരിച്ച് കമീഷന്‍െറ ശിപാര്‍ശകള്‍ സമഗ്രമാക്കാനും തീരുമാനിച്ചു.

സ്വകാര്യ സ്കൂളുകള്‍ക്കും കോളജുകള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് യോഗത്തിലുണ്ടായത്. ഇത്തരം സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ നിയന്ത്രണം ദുര്‍ബലമായെന്നും കൂടുതല്‍ ഇടപെടലുണ്ടാകണമെന്നും ആവശ്യമുയര്‍ന്നു. ആരോഗ്യം, പരിസ്ഥിതി, സഹകരണം, കൃഷി തുടങ്ങിയ മേഖലകളെക്കുറിച്ചും പരാമര്‍ശമുണ്ടായി.
ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു.  അംഗം നീല ഗംഗാധരന്‍ മുഖ്യ പ്രഭാഷണം നടത്തി. മെംബര്‍ സെക്രട്ടറി ഷീലാ തോമസ്, ഐ.എം.ജി ഡയറക്ടര്‍ ജനറല്‍ സത്യജിത് രാജന്‍ എന്നിവര്‍ സംസാരിച്ചു. കമീഷന്‍ അംഗം സി.പി. നായര്‍ അധ്യക്ഷതവഹിച്ചു.

Tags:    
News Summary - administrative reforms commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.