‘എ.ഡി.എമ്മിന്‍റെ മരണം ആത്മഹത്യയല്ല, സി.പി.എം നടത്തിയ കൊലപാതകം’; വിമർശനവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: കണ്ണൂര്‍ എ.ഡി.എം പത്തനംതിട്ട സ്വദേശി നവീന്‍ കുമാറിന്റെ മരണം ആത്മഹത്യയല്ല മറിച്ച് സി.പി.എം നേതൃത്വത്തില്‍ പരസ്യവിചാരണയിലൂടെ നടത്തിയ കൊലപാതകം തന്നെയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. ഒരു മനുഷ്യനെ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ക്രൂരമായി അപമാനിച്ച് ആത്മഹത്യയിലേക്ക് തള്ളിവിടുകയെന്നത് കൊലപാതകം തന്നെയാണ്. വിരമിക്കാന്‍ വെറും ഏഴു മാസം ബാക്കിയുണ്ടായിരുന്ന മനുഷ്യനെയാണ് വ്യക്തിവിരോധത്തിന്റെ പേരില്‍ അപമാനിച്ച് മരണത്തിലേക്ക് തള്ളിയിട്ടത്. ഈ വിഷയത്തില്‍ സമഗ്ര അന്വേഷണം വേണം.

സര്‍ക്കാര്‍ ജീവനക്കാരെ കടുത്ത സമ്മര്‍ദ്ദത്തിലാക്കി ഏതഴിമതിയും നടത്തിയെടുക്കുന്ന പരിപാടിയാണ് കേരളത്തിലാകെ സി.പി.എം നടപ്പാക്കുന്നത്. അതിനു വഴങ്ങാത്ത ഉദ്യോഗസ്ഥരെ കടുത്ത പീഡനങ്ങള്‍ക്കു വിധേയരാക്കി പലരെയും മരണത്തിലേക്കു തള്ളിവിടുന്ന പ്രവണത ഇവര്‍ പിന്തുടരുന്നു. ഇത് അംഗീകരിക്കാനാവില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ഡി.എമ്മിനെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് ഗൗരവമുള്ള കാര്യമാണ്. എ.ഡി.എമ്മിന്റെ യാത്രയയപ്പു യോഗത്തിലേക്കു കടന്നുവന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അഴിമതി ആരോപണം പരസ്യമായി ഉന്നയിച്ചത്. അതും താന്‍ ശുപാര്‍ശ ചെയ്ത ഒരു കാര്യം അന്നു സമയത്തിനു ചെയ്തില്ല എന്ന ആരോപണം കൂടി ഉന്നയിച്ച്.

ഏതെങ്കിലും വിഷയത്തില്‍ അഴിമതി ഉണ്ടെങ്കില്‍ അതിനെ കൈകാര്യം ചെയ്യാന്‍ നിയമപരമായ വഴികളുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് പരാതിയുണ്ടെങ്കില്‍ വിജിലന്‍സിന് പരാതി കൊടുക്കാം. വ്യക്തമായ തെളിവുണ്ടെങ്കില്‍ സര്‍ക്കാരിന് പരാതി നല്‍കി കര്‍ശന നടപടി എടുപ്പിക്കാം തുടങ്ങി നിരവധി വഴികള്‍ മുന്നിലുള്ളപ്പോഴാണ് വിരമിക്കാറായ ഒരു മനുഷ്യനെ പരസ്യമായി അപമാനിച്ച് അയാളെ മരണത്തിലേക്കു തള്ളിവിടുന്ന നടപടി ഭരണഘടനാചുമതല വഹിക്കുന്ന ഒരാള്‍ സ്വീകരിച്ചിരിക്കുന്നത്. ഇത് ആള്‍ക്കൂട്ട കൊലപാതകത്തിന്റെ മറ്റൊരു രൂപമാണ്. ഇത് സൂയിസൈഡ് അല്ല ഹോമിസൈഡ് ആണ്. സി.പി.എമ്മില്‍ അല്‍പമെങ്കിലും മനുഷ്യത്വം ബാക്കിയുണ്ടെങ്കില്‍ പി.പി ദിവ്യയെ തല്‍സ്ഥാനത്തുനിന്നു പുറത്താക്കി പ്രേരണാകുറ്റത്തിന് അറസ്റ്റ് ചെയ്യണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

Tags:    
News Summary - ADM's death is not suicide, its homiside; says Ramesh Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.