തിരുവനന്തപുരം: തെയ്യം ഉൾപ്പെടെയുള്ള അനുഷ്ഠാന കലകളെ പ്രദർശന വസ്തുവാക്കുന്നത് അവസാനിപ്പിക്കണമെന്ന് ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. വട്ടിയൂർക്കാവ് ഗുരു ഗോപിനാഥ് നടനഗ്രാമവും തെയ്യം കലാ അക്കാദമിയും ചേര്‍ന്ന് പൈതൃക പഠനവും, ശാസ്ത്രീയ കലകളും, ആസ്വാദനവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വരവിളി എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇത്തരത്തിൽ പ്രദർശന വസ്തുക്കളാക്കാൻ കലാകാരന്മാരും തെയ്യവുമായി ബന്ധപ്പെട്ടവരും അനുവദിക്കരുത്. വായ്മൊഴിയിലൂടെ കൈമാറിവന്ന കലാരൂപങ്ങളെ സംരക്ഷിക്കുന്നതിനും അടുത്ത തലമുറക്ക് പകർന്നു കൊടുക്കുന്നതിനുമായി യൂനസ്‌കോ പദ്ധതി ആവിഷ്കരിച്ചിരുന്നു. ഇന്ത്യയിൽ നിന്ന് ആദ്യമായി കൂടിയാട്ടമാണ് പദ്ധതിയിൽ ഇടംപിടിച്ചത്.
അത്തരത്തിൽ യൂനസ്കോയുടെ അംഗീകാരത്തിന് അർഹതയുള്ള കലാരൂപമാണ് തെയ്യം. തെയ്യത്തെ യൂനസ്കോയുടെ ശ്രദ്ധയിൽപ്പെടുത്താനുള്ള നടപടികൾ ഉണ്ടാകണം. യുനസ്‌കോ പദ്ധതിയിൽ ഇടംപിടിക്കാൻ സാധിച്ചാൽ കലാകാരന്മാർക്ക് വലിയ സഹായങ്ങൾ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. തെയ്യം കലാകാരന്മാരെ കലാകാരന്മാരായി അംഗീകരിക്കാത്ത സാഹചര്യമായിരുന്നു.
ഈ അവസ്ഥക്ക് മാറ്റം വന്നു. അവരെ കലാകാരന്മാരായി അംഗീകരിക്കുകയും ക്ഷേമനിധിയിൽ ഉൾപ്പെടുത്തുകയും ഒക്കെ ചെയ്തത് സന്തോഷമുള്ള കാര്യമാണ്. തെയ്യം കലാ അക്കാദമി രൂപീകരിച്ചതും വളരെ പ്രധാനപ്പെട്ട ചുവടുവെപ്പാണ്. കേരളത്തിലെ അനുഷ്ഠാന കലകളെക്കുറിച്ച് വേണ്ടത്ര പഠനങ്ങൾ നടന്നിട്ടില്ലെന്നും അടൂർ ചൂണ്ടിക്കാട്ടി. വളരെ ലോലമായ സൗന്ദര്യാത്മകതയുള്ള കലാരൂപമായ തെയ്യം പഠിച്ചു പ്രചരിപ്പിക്കപ്പെടേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ നടനഗ്രാമം സെക്രട്ടറി ശബ്ന ശശിധരൻ സ്വാഗതം പറഞ്ഞു. തെയ്യം കലാ അക്കാദമി ചെയർമാൻ എ.പി. ശ്രീധരൻ, വൈസ് ചെയർമാൻ വി.കെ. മോഹനൻ, നടനഗ്രാമം ഭരണസമിതി അംഗങ്ങളായ എൻ.എസ്. വിനോദ്, ടി. ശശിമോഹൻ, തെയ്യം കലാ അക്കാദമി ട്രഷറർ ഷിജു തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.