തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മക്കളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു എന്ന ഗുരുതര ആരോപണം അന്വേഷിക്കണമെന്ന് ലോക് സഭ എം.പി അടൂർ പ്രകാശ്. കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ നടക്കുന്ന വാക്പോരിന്റെ പശ്ചാത്തലത്തിലാണ് അടൂർ പ്രകാശ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ചീഞ്ഞളിഞ്ഞ, വിദ്വേഷമുള്ള മനസല്ല, തുറന്ന മനസാണ് കേരളത്തിലെ മുഖ്യമന്ത്രിക്ക് വേണ്ടതെന്നും അടൂർ പ്രകാശ് ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനും തമ്മിൽ നേർക്കുനേർ വാക്പോരാണ് നടക്കുന്നത്. തലശ്ശേരി ബ്രണ്ണൻ കോളജിലെ പഠന കാലത്ത് പിണറായി വിജയനെ മർദിച്ചെന്ന് കെ. സുധാകരൻ ഒരു വാരികക്ക് നൽകിയ അഭിമുഖത്തിലെ പരാമർശങ്ങേളാടുള്ള പ്രതികരണമായാണ് സുധാകരനെതിരെ മുഖ്യമന്ത്രി ഗുരുതര ആരോപണങ്ങളുന്നയിച്ചത്.
കോളജ് പഠനകാലത്ത് തന്നെ ചവിട്ടിവീഴ്ത്തിയെന്നത് സുധാകരന്റെ സ്വപ്നാടനം മാത്രമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇത്രയും പൊങ്ങച്ചം പാടുണ്ടോയെന്നും പിണറായി ചോദിച്ചു. സുധാകരന് തന്നെ ചവിട്ടിവീഴ്ത്താൻ മോഹമുണ്ടാകും. വിചാരിക്കുന്ന പോലെ വിജയനെ വീഴ്ത്താനാകില്ലെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. സുധാകരൻ തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിടുന്നെന്നും ശ്രദ്ധിക്കണമെന്നും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് ഒരിക്കൽ തന്നോട് പറഞ്ഞതായും പിണറായി ആരോപിച്ചിരുന്നു.
വില കുറഞ്ഞ വ്യക്തിപരമായ ആരോപണങ്ങൾ ഉയർത്തി മരംമുറി വിവാദത്തെ വഴിതിരിച്ചു വിടാൻ അനുവദിക്കില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ പിണറായിക്ക് മറുപടിയായി പറഞ്ഞിരുന്നു. മരംമുറി വിവാദത്തിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നത്. പാർട്ടിക്കാരായ മാധ്യമ പ്രവർത്തകരും സി.പി.എമ്മും എൽ.ഡി.എഫും ചേർന്ന് വിവാദം വഴിതിരിച്ചുവിടാൻ ശ്രമിച്ചാൽ പ്രതിപക്ഷം ആളിക്കത്തിക്കും. മരംമുറി വിവാദത്തിൽ അന്വേഷണം നടക്കുംവരെ കോൺഗ്രസും യു.ഡി.എഫും ഒപ്പമുണ്ടാകുമെന്നും കെ. സുധാകരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.