തിരുവനന്തപുരം: സി.പി.എമ്മിനെയും സർക്കാറിനെയും വിവാദച്ചുഴിയിലാഴ്ത്തിയ ദത്ത് വിവാദത്തിൽ സി.പി.എമ്മിന്റെ സംഘടനാതല അന്വേഷണം പൂർത്തിയായി. പക്ഷേ റിപ്പോർട്ട് സമർപ്പിച്ച് മൂന്ന് മാസമായിട്ടും സി.പി.എം ജില്ല നേതൃത്വം പരിഗണിച്ചിട്ടില്ല.
മകൾ അനുപമ എസ്. ചന്ദ്രൻ അറിയാതെ കുട്ടിയെ നിയമവിരുദ്ധമായി സംസ്ഥാന ശിശുക്ഷേമ സമിതിയിൽ ദത്ത് നൽകിയതിൽ സി.പി.എം പേരൂർക്കട ലോക്കൽ കമ്മിറ്റിയംഗമായ ബി. ജയചന്ദ്രെൻറ വീഴ്ച എത്രത്തോളമെന്ന് അന്വേഷിക്കാൻ പേരൂർക്കട ഏരിയ കമ്മിറ്റി നിയോഗിച്ച മൂന്നംഗ അന്വേഷണ കമീഷനാണ് റിപ്പോർട്ട് സമർപ്പിച്ചത്. കുട്ടിയുടെ അവകാശം അമ്മക്കാണ്, അത് ജയചന്ദ്രൻ മനഃപൂർവം കവർന്നെടുത്തോ എന്നുകൂടി പരിശോധിക്കാൻ കമീഷന് നിർദേശം നൽകിയിരുന്നു. മുതിർന്ന നേതാവായിരുന്ന പേരൂർക്കട സദാശിവന്റെ ചെറുമകൾ കൂടിയാണ് അനുപമ.
പേരൂർക്കട ഏരിയ കമ്മിറ്റിയംഗങ്ങളായ വട്ടപ്പാറ ബിജുകുമാർ, ജയപാലൻ, വേലായുധൻ നായർ എന്നിവർ അടങ്ങിയ കമീഷനെ കഴിഞ്ഞവർഷം ഒക്ടോബർ 27 നാണ് നിയോഗിച്ചത്. സമിതി റിപ്പോർട്ട് നൽകി മൂന്ന് മാസം കഴിഞ്ഞു. റിപ്പോർട്ടിൽ നടപടി വരും വരെ ജയചന്ദ്രനെ പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് ലോക്കൽ കമ്മിറ്റി വിലക്കിയിട്ടുണ്ട്. അനുപമയുടെ ഭർത്താവ് അജിത്തിന്റെ അച്ഛൻ ബേബിക്ക് എതിരായ നടപടിയും തീരുമാനിച്ചിട്ടില്ല. ഫെബ്രുവരി 12ന് പുതിയ ജില്ല സെക്രട്ടേറിയറ്റ് യോഗം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെന്റ സാന്നിധ്യത്തിൽ ചേരുമ്പോൾ കമീഷൻ റിപ്പോർട്ട് പരിഗണിക്കുമോ എന്നതാണറിയേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.