സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഓണച്ചെലവുകള്‍ക്ക് അധികതുക കണ്ടെത്തുന്നതിനായി മുൻകൂർ വായ്പക്ക് അനുമതി തേടിയെങ്കിലും കേന്ദ്രത്തിൽനിന്ന് കാര്യമായ പ്രതികരണമില്ല. കഴിഞ്ഞ വർഷം ഓണക്കാലത്ത് 14,000 കോടിയായിരുന്നു ചെലവ്. ഇക്കുറിയും 13,000 കോടിയെങ്കിലും വേണ്ടിവരുമെന്നാണ് സംസ്ഥാനത്തിന്‍റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് 5000 കോടി അധിക വായ്പയെടുക്കാൻ സംസ്ഥാനം കേന്ദ്രത്തെ സമീപിച്ചത്.
ഈ സാമ്പത്തിക വർഷം കേരളത്തിന് ആകെ കടമെടുക്കാനാകുന്നത് 37,512 കോടി രൂപയാണ്. ഇതിൽ ഡിസംബർ വരെ കടമെടുക്കാവുന്നത് 21,253 കോടി രൂപയാണ്. ഇക്കാലയളവിൽ ശേഷിച്ചിരുന്ന 3700 കോടിയിൽ ഓണച്ചെലവുകളും ക്ഷേമ പെൻഷൻ വിതരണവുമടക്കം മുന്നിൽകണ്ട് 3000 കോടി കടമെടുത്തതോടെ ഇനിയുള്ളത് 700 കോടി മാത്രമാണ്. ഈ സാഹചര്യത്തിൽ ജനുവരി മുതൽ മാർച്ചുവരെയുള്ള കാലയളവിലെ എടുക്കാവുന്ന 16,259 കോടിയിൽനിന്ന് 5000 കോടി മുൻകൂറായി കടമെടുക്കാൻ കേരളം അനുവാദം ചോദിച്ചത്.
കഴിഞ്ഞ വർഷം ഓണക്കാലത്തിന് ശേഷം പ്രതിസന്ധി രൂക്ഷമായ ഘട്ടത്തിൽ മുൻകൂർ വായ്പക്ക് അനുമതി നേടുകയും കേന്ദ്രം പച്ചക്കൊടി കാട്ടുകയും ചെയ്തിരുന്നു. ഈ കീഴ്വഴക്കമാണ് സംസ്ഥാനം ഇക്കുറിയും പ്രതീക്ഷിക്കുന്നത്.
വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ വിപുലമായ ഓണാഘോഷം സർക്കാർ വേണ്ടെന്നുവെച്ചിട്ടുണ്ടെങ്കിലും ജീവനക്കാർക്കുള്ള ബോണസും ഉത്സവബത്തയും ഇക്കുറിയും നൽകാനാണ് സാധ്യത. ഓണച്ചെലവുകൾക്ക് പുറമേ ശമ്പളം, പെൻഷൻ, മുമ്പ് കടമെടുത്തതിന്റെ പലിശ, ക്ഷേമ പെൻഷൻ എന്നീ ചെലവുകൾ കൂടി ചേരുമ്പോൾ വരുംദിവസങ്ങളിലേത് ഭാരിച്ച ബാധ്യതയാണ്. ഒരുമാസത്തെ ക്ഷേമ പെൻഷൻ വ്യാഴാഴ്ച മുതൽ നൽകിത്തുടങ്ങുന്നുണ്ട്. ഒരു മാസത്തേത് കൂടി ഓണത്തിന് മുമ്പ് വിതരണം ചെയ്യാനാണ് ആലോചന.
കേന്ദ്രത്തിൽനിന്ന് വിവിധ പദ്ധതികളുടേയും ഗ്രാന്റുകളുടേയും വിഹിതത്തിൽ 3900 കോടിയോളം രൂപ കിട്ടാനുണ്ട്. വായ്പ പരിധിയിൽ 5710 കോടിയുടെ വെട്ടിക്കുറവ് വരുത്തിയിട്ടുണ്ടെന്നാണ് സംസ്ഥാനത്തിന്റെ കണക്ക്. ഇക്കാര്യത്തിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് ജൂൺ 22നും 27നും സംസ്ഥാനം കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു. ഈ മാസം ആദ്യം ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഡൽഹിയിൽ പോയപ്പോഴും കേരളത്തിന്റെ നിവേദനം നൽകിയിരുന്നു. എന്നാൽ ഇതിനൊന്നും പ്രതികരണമുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.