തിരുവനന്തപുരം: കരിമണൽ മാസപ്പടിയുമായി ബന്ധപ്പെട്ട കമ്പനി രജിസ്ട്രാർ റിപ്പോർട്ടിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പരാമർശം. കരിമണൽ കമ്പനി സി.എം.ആർ.എല്ലിനെ പരോക്ഷമായി നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയാണെന്നും മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി എക്സാലോജിക്കുമായി കരിമണൽ കമ്പനിയുണ്ടാക്കിയ കരാർ തല്പരകക്ഷികള് തമ്മിലുള്ളതായി കണക്കാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
കരിമണൽ കമ്പനിയിൽ മുഖ്യമന്ത്രിക്കുള്ള പരോക്ഷ നിയന്ത്രണം റിപ്പോർട്ടിൽ വിശദീകരിക്കുന്നത് ഇപ്രകാരമാണ്. വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ വ്യവസായ വികസന കോർപറേഷൻ (കെ.എസ്.ഐ.ഡി.സി) മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലാണ്.
കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിൽ കെ.എസ്.ഐ.ഡി.സിക്ക് 13.4 ശതമാനം ഓഹരിയുണ്ട്. കെ.എസ്.ഐ.ഡി.സി പ്രതിനിധികളായി സി.എം.ആർ.എല്ലിൽ നിർണായക സ്വാധീനം ചെലുത്താൻ കഴിയുന്നവരെ അവിടെ നിയമിച്ചിട്ടുണ്ട്. അങ്ങനെ സി.എം.ആർ.എല്ലിനെയും പരോക്ഷമായി മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എക്സാലോജികും സി.എം.ആർ.എല്ലും തമ്മിൽ കരാര്‍ ഒപ്പിട്ടകാലത്ത് പിണറായി വിജയനായിരുന്നു മുഖ്യമന്ത്രി.
എക്സാലോജികിന്റെ ഡയറക്ടര്‍ വീണ വിജയൻ, പിണറായി വിജയന്റെ മകളാണ്. അതിനാൽ, എക്സാലോജികും സി.എം.ആർ.എല്ലും തമ്മിലുള്ള കരാർ തല്പരകക്ഷികള് തമ്മിലുള്ളതായി കണക്കാക്കണം. കരാര്‍ ഒപ്പിടുമ്പോള്‍ ഈ തല്പരകക്ഷി ബന്ധം ബോര്‍ഡിനെ അറിയിച്ചില്ല. ഇത് കമ്പനീസ് ആക്ടിന്റെ ലംഘനമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
എക്സാലോജിക് കമ്പനി മരവിപ്പിക്കാനായി നൽകിയ അപേക്ഷയിലും സത്യവാങ്മൂലത്തിലും മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ തെറ്റായ വിവരം നൽകിയെന്നും വീണയെ പ്രോസിക്യൂട്ട് ചെയ്യണമെന്നും റിപ്പോർട്ടിലുണ്ട്. മരവിപ്പിക്കലിന് അപേക്ഷിക്കാനുള്ള യോഗ്യത എക്സാലോജിക്കിന് ഉണ്ടായിരുന്നില്ല. രണ്ട് വർഷത്തിനിടെ ഒരു ഇടപാടും നടത്താത്ത കമ്പനികൾക്കാണ് മരവിപ്പിക്കൽ അപേക്ഷ നൽകാനാവുക.
ഇത് മറച്ചുവെച്ചാണ് 2022ൽ അപേക്ഷ നൽകിയത്. 2021 മേയിൽ എക്സാലോജിക് ഇടപാട് നടത്തിയതിന് രേഖയുണ്ടെന്ന് ആർ.ഒ.സി പരിശോധനയിൽ കണ്ടെത്തി. തീർപ്പ് കൽപിക്കാത്ത നിയമനടപടികളോ നികുതി അടയ്ക്കാൻ ഉണ്ടെങ്കിലോ മരവിപ്പിക്കാൻ അപേക്ഷിക്കാനാകില്ല.
നിയമനടപടികളില്ലെന്നും നികുതി ബാക്കിയില്ലെന്നുമാണ് എക്സാലോജിക് നൽകിയ രേഖ. എന്നാൽ, 2021ൽ കമ്പനീസ് ആക്ട് പ്രകാരം കമ്പനി ഡയറക്ടർക്കടക്കം നോട്ടീസ് കിട്ടിയത് എക്സാലോജിക് മറച്ചുവെച്ചു.
ആദായനികുതിയായി 42,38,038 രൂപയും അതിന്റെ പലിശയും എക്സാലോജിക് അടയ്ക്കാൻ ബാക്കിയുണ്ടായിരുന്നു. ഇതെല്ലാം മറച്ച്, എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന തെറ്റായ സാക്ഷ്യപത്രങ്ങളാണ് വീണയും എക്സാലോജിക്കും ഹാജരാക്കിയത്. 2022 നവംബറിൽ കമ്പനി മരവിപ്പിച്ചശേഷം സമർപ്പിക്കേണ്ട എം.എസ്.സി-3 രേഖ ഹാജരാക്കിയതുമില്ല.
രേഖകൾ കെട്ടിച്ചമച്ചതിനും തെറ്റായ വിവരങ്ങൾ നൽകിയതിനും എക്സാലോജിക്കിനും വീണക്കുമെതിരെ തടവും പിഴയും കിട്ടാവുന്ന ഐ.പി.സി 447, 448, 449 വകുപ്പുകൾ ചുമത്തണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ. വീണാ വിജയന്റെയും കമ്പനിയുടെയും രേഖകൾ സാക്ഷ്യപ്പെടുത്തിയ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കന്തസ്വാമി ത്യാഗരാജു ഇളയരാജയെയും പ്രോസിക്യൂട്ട് ചെയ്യണം. വീണ നടത്തിയ ക്രമക്കേടുകൾ പിഴശിക്ഷയിൽ ഒതുക്കാവുന്നതെല്ലന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.