കൽപറ്റ: വയനാട്ടില്‍ ആഫ്രിക്കന്‍ പന്നിപ്പനി വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ വ്യാപനം തടയാൻ മുൻകരുതൽ നിർദേശം പുറത്തിറക്കി ജില്ല ഭരണകൂടം.
കണിയാരത്തെയും തവിഞ്ഞാലിലെയും ഫാമുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കരുതൽ നടപടികൾ.
പന്നികളിൽനിന്ന് രോഗം മനുഷ്യരിലേക്കോ മറ്റു മൃഗങ്ങളിലേക്കോ പടരാത്തതിനാൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
ജില്ലയിലെ റവന്യൂ, ആരോഗ്യ, മൃഗസംരക്ഷണ വകുപ്പുകള്‍, തദ്ദേശസ്വയം ഭരണം, പൊലീസ്, വനം വകുപ്പുകള്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തും. രോഗവ്യാപനം തടയുന്നതിന് ജില്ല ദുരന്തനിവാരണ അതോറിറ്റി പ്രത്യേക മുന്‍കരുതല്‍ നിർദേശങ്ങളുമായി ഉത്തരവിറക്കി.
രോഗപ്രഭവ കേന്ദ്രത്തിന്റെ ഒരുകിലോമീറ്റര്‍ ചുറ്റളവ് രോഗബാധിത പ്രദേശമായി കണക്കാക്കിയിട്ടുണ്ട്. ഇവിടങ്ങളിലെ പന്നികളെ രോഗവ്യാപനം തടയുന്നതന്റെ ഭാഗമായി ഉന്മൂലം ചെയ്യും. 10 കിലോമീറ്റര്‍ പരിധി രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു.
ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളില്‍നിന്ന് പന്നിമാംസം വിതരണം ചെയ്യുന്നതും വിൽപന നടത്തുന്നതും താല്‍ക്കാലികമായി നിരോധിച്ചു. ഇവിടെനിന്നും പന്നികളെ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും വിലക്കേര്‍പ്പെടുത്തി.
രോഗം സ്ഥിരീകരിച്ച പന്നിഫാമുകളില്‍ നിന്നും മറ്റ് ഫാമുകളിലേക്ക് രണ്ടുമാസത്തിനുള്ളില്‍ പന്നികളെ കൊണ്ടു പോയിട്ടുണ്ടെങ്കില്‍ ഇവയെയും നിരീക്ഷിക്കും.
രോഗം സ്ഥീരീകരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ പൊലീസ്, മൃഗസംരക്ഷണ വകുപ്പ്, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥന്, വില്ലേജ് ഓഫിസര്‍ എന്നിവരുള്‍പ്പെട്ട റാപിഡ് റെസ്പോണ്‍സ് ടീം രൂപവത്കരിച്ചിട്ടുണ്ട്. ഇവരാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവുകയെന്നും കലക്ടർ അറിയിച്ചു.
പന്നിക്കർഷകർ ആശങ്കയിൽ
മാനന്തവാടി: വയനാട്ടിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതോടെ പന്നി കർഷകർ ആശങ്കയിൽ. മാനന്തവാടി നഗരസഭയിലെയും തവിഞ്ഞാലിലെയും രണ്ട് പന്നിഫാമുകളിലാണ് രോഗം സ്ഥിരീകരിച്ചത്. തവിഞ്ഞാലിലെ ഫാമിൽ 360 പന്നികളും കണിയാരത്തെ ഫാമിൽ 10 പന്നികളുമാണ് നിലവിലുള്ളത്. ത വിഞ്ഞാലിൽ ഒന്നും കണിയാരത്ത് 43 പന്നികളും ചത്തിരുന്നു. ഈ ഫാമുകളിലെ പന്നികളെ ശനിയാഴ്ച മൃഗസംരക്ഷണവകുപ്പിന്റെ റാപിഡ് റെസ്പോൺസ് ടീം വെടിവെച്ച് കൊല്ലും. രോഗം സ്ഥിരീകരിച്ച ഫാമുകളിൽനിന്ന് ഒരു കി.മീ ആകാശദൂരത്തിലുള്ള സ്ഥലങ്ങളിലെ പന്നികളെയും ഇതേ രീതിയിൽ കൊല്ലും. ജില്ലയിൽ മൂവായിരത്തോളം പന്നി കർഷകർ ഉണ്ടെന്നാണ് പന്നി കർഷകസംഘടനകളുടെ കണക്ക്. ഇതരസംസ്ഥാനങ്ങളിൽ പന്നികളെ ചെക്ക് പോസ്റ്റുകൾ വഴി കടത്തുന്നതും കൊണ്ടു പോകുന്നതും നിരോധിച്ചതോടെ കർഷകർ പ്രയാസത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.