കണ്ണൂർ: എലത്തൂർ ട്രെയിൻ തീവെപ്പിന് രണ്ടു മാസം തികയുന്നതിനിടയിൽ കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടിവിൽ വീണ്ടും തീപിടിത്തമുണ്ടായത് ദുരൂഹം.
ഏപ്രിൽ രണ്ടിന് രാത്രി ഒമ്പതരയോടെയാണ് എക്സിക്യൂട്ടിവ് ട്രെയിൻ എലത്തൂരിൽ എത്തിയപ്പോൾ ഒരാൾ യാത്രക്കാരുടെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ചശേഷം കത്തിച്ചത്. പൊള്ളലേറ്റ പരിഭ്രാന്തിയിൽ ട്രെയിനിൽനിന്ന് ചാടിയ മൂന്നുപേർ മരിച്ചിരുന്നു. ഈ സംഭവത്തിൽ ഡൽഹി സ്വദേശി ഷാറൂഖ് സെയ്ഫി പിടിയിലായിരുന്നു.
കേസിൽ എൻ.ഐ.എ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് അതേ ട്രെയിൻ കണ്ണൂരിൽ അഗ്നിക്കിരയാക്കപ്പെട്ടത്. ബുധനാഴ്ച ഓട്ടം അവസാനിപ്പിച്ചശേഷം കിഴക്കുഭാഗത്തെ എട്ടാം യാർഡിൽ നിർത്തിയിട്ടിരുന്ന എക്സിക്യൂട്ടിവ് ട്രെയിനിൽ അതിക്രമിച്ചുകയറി തീയിടുകയായിരുന്നു. എലത്തൂരിൽ അഗ്നിബാധക്കിരയായ കോച്ചുകൾ സീൽചെയ്തശേഷം സൂക്ഷിച്ചിരുന്നതിനു സമീപം നിർത്തിയിട്ട ട്രെയിനിന്റെ കോച്ചുകളാണ് കത്തിച്ചത് എന്നതിനാൽ അട്ടിമറി സംശയിക്കുന്നുണ്ട്. ആക്രമണം നടന്ന രണ്ടിടത്തും 100 മീറ്റർ ചുറ്റളവിൽ ബി.പി.സി.എൽ ഇന്ധന സംഭരണശാല ഉണ്ടായിരുന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
തീയിട്ടുവെന്നു കരുതുന്നയാൾ ഇന്ധന സംഭരണശാലക്കു സമീപം കറങ്ങിനടന്നതായി സുരക്ഷാജീവനക്കാരൻ മൊഴിനൽകിയിട്ടുണ്ട്. ഇവിടത്തെ നിരീക്ഷണ കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. ട്രെയിനിന്റെ പിൻഭാഗത്തെ മൂന്നാമത്തെ കോച്ചാണ് കത്തിയത്. ശുചിമുറിയിലെ ഗ്ലാസ് തകർത്തിട്ടുണ്ട്. ക്ലോസറ്റിൽനിന്ന് വലിയ കല്ലും കണ്ടെടുത്തിട്ടുണ്ട്.
കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട എക്സിക്യൂട്ടിവ് എക്സ്പ്രസിന്റെ കോച്ചിന് തീ വെച്ച സംഭവത്തിൽ വൻ ദുരന്തം ഒഴിവായ ആശ്വാസത്തിലാണ് നാട്ടുകാരും റെയിൽവേ ജീവനക്കാരും. തീപിടിച്ച കോച്ചിന് നൂറുമീറ്റർ മാത്രം അകലെയാണ് ഭാരത് പെട്രോളിയത്തിന്റെ എണ്ണ സംഭരണ കേന്ദ്രം. ട്രെയിൻ നിർത്തിയിട്ട എട്ടാം യാർഡിന്റെ എതിർവശത്ത്, നഗരത്തിന്റെ ഹൃദയഭാഗത്താണ് എണ്ണ സംഭരണി. പെട്രോളിയം ഉൽപന്നങ്ങളുടെ സംഭരണ ശാലയിലേക്ക് ടാങ്കറുകളിൽനിന്ന് എണ്ണ മാറ്റുന്ന വലിയ കുഴൽ തീപിടിച്ച ട്രെയിൻ നിർത്തിയ ട്രാക്കിന് സമീപത്തുകൂടി കടന്നുപോവുന്നുണ്ട്. തീപടർന്നാൽ കണ്ണൂർ നഗരം കത്തിച്ചാമ്പലാക്കാനുള്ള ശേഷി ഇവിടെ സംഭരിച്ച പെട്രോളിയം ഉൽപന്നങ്ങൾക്കുണ്ട്.
കണ്ണൂർ: ട്രെയിൻ തീവെപ്പുപോലുള്ള കുറ്റകൃത്യങ്ങൾ ആവർത്തിക്കുമ്പോഴും കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ തെക്കു-കിഴക്ക് ഭാഗത്ത് ഒരു സുരക്ഷയും ഏർപ്പെടുത്തുന്നില്ല. വ്യാഴാഴ്ച പുലർച്ച തീപിടിച്ച എക്സിക്യൂട്ടിവ് എക്സ്പ്രസിന്റെ കോച്ച് നിർത്തിയിട്ടത് ഈ ഭാഗത്തെ എട്ടാം നമ്പർ ട്രാക്കിലാണ്.
കണ്ണൂരിൽ നിർത്തിയിടുന്ന ട്രെയിനുകളും ചരക്കുവണ്ടികളും ഈ ഭാഗത്താണുണ്ടാവുക. ടിക്കറ്റ് കൗണ്ടറിന് തെക്കുഭാഗത്തായി അര കിലോമീറ്ററോളം നീളത്തിൽ കുറ്റിക്കാടുകളും ആളൊഴിഞ്ഞ റെയിൽവേ ക്വാർട്ടേഴ്സുകളുമാണ്. ഈ ഭാഗത്ത് സാമൂഹിക വിരുദ്ധർ തമ്പടിക്കാറുണ്ടെന്ന് റെയിൽവേ ജീവനക്കാരും നാട്ടുകാരും പറയുന്നു. വാതിലുകളും ജനലുമില്ലാത്ത ഇടിഞ്ഞുപൊളിയാറായ റെയിൽവേ ക്വാർട്ടേഴ്സുകൾ പലവിധ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കും സൗകര്യപ്രദമാണ്. നിർത്തിയിടുന്ന തീവണ്ടികളുടെ കോച്ചുകളും കുറ്റവാളികൾക്ക് ഉപയോഗിക്കാൻ പാകത്തിലാണ്. ട്രെയിൻ യാത്രക്കാരിയെ തീവെച്ച് കൊന്നതടക്കം കുറ്റകൃത്യങ്ങൾ മുമ്പ് റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് നടന്നിട്ടുണ്ട്.
കണ്ണൂർ: മാലിന്യത്തിന് തീപിടിച്ചതാണെന്നാണ് ആദ്യം കരുതിയതെന്ന് ട്രെയിൻ തീപിടിത്തത്തിന്റെ ദൃക്സാക്ഷികളായ ചുമട്ടുതൊഴിലാളിയായ കാക്കയങ്ങാട് സ്വദേശി ജോർജ്. പുലർച്ച ഒന്നരയോടെയാണ് പുക കണ്ടത്. പാർസൽ ഇറക്കാൻ സഹപ്രവർത്തകരോടൊപ്പം മൂന്നാമത്തെ പ്ലാറ്റ്ഫോമിലൂടെ നടക്കുന്നതിനിടെയായിരുന്നു ഇത്. കൂട്ടിയിട്ട മാലിന്യക്കൂന കത്തുന്നതാണെന്ന് ആദ്യം കരുതി. അവിടെയുണ്ടായിരുന്ന പാർസൽ ജീവനക്കാരോട് കാര്യം പറഞ്ഞു. അവർ പോയി നോക്കിയപ്പോഴാണ് ട്രെയിനിന് തീപിടിച്ചതാണെന്ന് മനസ്സിലായത്. തുടർന്ന് സ്റ്റേഷൻ മാസ്റ്ററെ വിവരമറിയിച്ചു. സ്റ്റേഷനിലെ അപായ സൈറൺ മുഴക്കുകയും ആർ.പി.എഫ് സ്ഥലത്തെത്തുകയും ചെയ്തു. 15 മിനിറ്റോടെ തീ ആളിപ്പടർന്നു. ആദ്യം ട്രെയിനിന്റെ ശുചിമുറിയുടെ ഭാഗത്താണ് തീ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.