തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തുടർച്ചയായ തിരിച്ചടികളേറ്റ് സി.പി.എം. കനത്ത തോൽവിയുടെ മുറിവുണങ്ങും മുമ്പാണ് കരുവന്നൂർ കേസിൽ കണ്ടുകെട്ടൽ നടപടികൾക്ക് കേന്ദ്ര ഏജൻസി ഇ.ഡി തുടക്കമിട്ടത്. പിന്നാലെ കണ്ണൂരിൽ ക്വട്ടേഷൻ വിവാദവും കത്തി. രണ്ടും പാർട്ടിയെ പ്രതിരോധത്തിലാക്കി. അതിനിടെയാണ് തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് സംസ്ഥാന നേതൃയോഗം അഞ്ചു ദിവസം ചർച്ച ചെയ്ത് തയാറാക്കിയ വിലയിരുത്തൽ കേന്ദ്ര കമ്മിറ്റി തള്ളിയത്.
കോൺഗ്രസിന് അനുകൂലമായ ദേശീയ രാഷ്ട്രീയ സാഹചര്യമാണ് പാർട്ടിയെ ഒറ്റ സീറ്റിൽ ഒതുക്കിയതെന്ന സംസ്ഥാന നേതൃത്വത്തിന്റെ ‘തടിയൂരൽ’ വിലയിരുത്തൽ കേന്ദ്ര നേതൃത്വം അംഗീകരിച്ചില്ല. ഭരണവിരുദ്ധ വികാരം ഉയർന്നെന്നും മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരായ ആക്ഷേപങ്ങൾ ജനങ്ങളെ എതിരാക്കിയെന്നുമൊക്കെ ജില്ല കമ്മിറ്റികളിൽ ഉയർന്ന വിമർശനം കേന്ദ്ര നേതൃത്വം നേരിട്ട് പരിശോധിക്കാൻ തീരുമാനിച്ചാണ് ഞായറാഴ്ച കേന്ദ്ര കമ്മിറ്റി ഡൽഹിയിൽ സമാപിച്ചത്. സമീപകാലത്ത് പാർട്ടിക്കുള്ളിലും പുറത്തും സി.പി.എം ഇത്ര വെല്ലുവിളി നേരിട്ട സാഹചര്യം ഉണ്ടായിട്ടില്ല.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അക്കൗണ്ടും പണവും കണ്ടുകെട്ടി പാർട്ടിയെ പ്രതിചേർത്ത ഇ.ഡി ജില്ല നേതാക്കളെ അറസ്റ്റ് ചെയ്ത് നടപടികളിലേക്ക് നീങ്ങുകയാണ്.അതിന്റെ പരിക്കിനെക്കുറിച്ച് ഭീതിയിലും. കേന്ദ്രത്തിന്റെ രാഷ്ട്രീയപ്രേരിത നീക്കമെന്ന് വിശദീകരിച്ച് പിടിച്ചുനിൽക്കാനാണ് ശ്രമം. എന്നാൽ, കണ്ണൂരിലെ ക്വട്ടേഷൻ വിവാദത്തിൽ നില മറിച്ചാണ്. സ്വർണക്കടത്ത് സംഘങ്ങളുടെ രക്ഷിതാവ് പി. ജയരാജനാണെന്നും പി. ജയരാജന്റെ മകൻ സ്വർണം പൊട്ടിക്കൽ സംഘത്തിന്റെ കോഓഡിനേറ്ററാണെന്നും വിളിച്ചുപറഞ്ഞത് സി.പി.എം മുൻ ജില്ല കമ്മിറ്റിയംഗം മനു തോമസാണ്.
പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിട്ട് നടപടിയില്ലാത്തതിനാലാണ് അംഗത്വം പുതുക്കാതെ പുറത്തുപോകേണ്ടി വന്നതെന്ന മനുവിന്റെ വെളിപ്പെടുത്തലിന് പാർട്ടിക്ക് തൃപ്തികരമായ മറുപടി നൽകാനായിട്ടില്ല. മുതിർന്ന നേതാവിനെതിരെ ക്വട്ടേഷൻ ബന്ധംപോലെ ഗൗരവമുള്ള ആക്ഷേപം ഉയർന്നിട്ടും സംസ്ഥാന സെക്രട്ടറി അടക്കം നേതാക്കൾ പ്രതികരണം ഒഴിവാക്കി മാറിനിൽക്കുന്നതും പാർട്ടിയുടെ നില ദുർബലമായതിനാലാണ്. കണ്ണൂരിലെ ക്വട്ടേഷൻ അഴിഞ്ഞാട്ടക്കഥകൾ ചൊങ്കൊടിക്ക് അപമാനമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുറന്നടിച്ചത് സി.പി.എം നേതൃത്വത്തെ പൂർണമായും ദുർബലമാക്കി.
മനു തോമസിനോടുള്ള പ്രതികരണത്തിനും സി.പി.എമ്മിന്റെ പതിവ് ശൗര്യമില്ല. പാർട്ടി അകപ്പെട്ട പ്രതിസന്ധിയാണ് ഇതു കാണിക്കുന്നത്. തോൽവി കേന്ദ്ര നേതൃത്വം നേരിട്ടു വിലയിരുത്തുമ്പോൾ പാർട്ടി കമ്മിറ്റികളിൽ കേന്ദ്രനേതാക്കളുടെ സാന്നിധ്യത്തിൽ എന്തൊക്കെ വിമർശനം ഉയരുമെന്നതും പിണറായി വിജയൻ അടക്കമുള്ള നേതൃത്വത്തിന് വെല്ലുവിളിയാണ്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആക്ഷേപങ്ങളും കമ്യൂണിസ്റ്റ് വിരുദ്ധ ശൈലിയും തിരിച്ചടിയായെന്ന് ജില്ല കമ്മിറ്റികളിൽ ഉയർന്ന ആക്ഷേപങ്ങൾ ആവർത്തിക്കപ്പെട്ടാൽ കഴിഞ്ഞ കമ്മിറ്റിയിലെന്നപോലെ മറുപടി പറയാതിരിക്കാൻ പിണറായിക്ക് കഴിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.