ഇരിങ്ങാലക്കുട: മന്ത്രി ഡോ. ആർ. ബിന്ദു വർഷങ്ങൾക്കു ശേഷം വീണ്ടും കഥകളി വേഷത്തിൽ അരങ്ങിലെത്തുന്നു. കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിന്റെ അഞ്ചാം ദിവസമായ മേയ് ഏഴിന് രാത്രി ഏഴിനാണ് നളചരിതം ഒന്നാം ദിവസം കഥകളിയിൽ മന്ത്രി വീണ്ടും ചായമിടുന്നത്. കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലിൽ തുടർച്ചയായി അഞ്ചു വർഷവും ഒരുതവണ സംസ്ഥാന സ്കൂൾ കലോത്സവത്തിലും കഥകളി കിരീടം നേടിയ ബിന്ദു തന്റെ പ്രിയപ്പെട്ട കഥാപാത്രമായ ദമയന്തിയെയാണ് വീണ്ടും അവതരിപ്പിക്കുന്നത്.
13ാം വയസ്സു മുതൽ തന്റെ ഗുരുവായ കലാനിലയം രാഘവൻ ആശാന്റെ നേതൃത്വത്തിലാണ് ആർ. ബിന്ദു കലാപരിപാടികൾ അവതരിപ്പിച്ചത്. രാഘവൻ ആശാന്റെ മകൾ ജയശ്രീ ഗോപിയും സി.എം. ബീനയും തോഴിമാരാകും. ഒന്നര മണിക്കൂർ നീളുന്ന സമ്പൂർണ വനിത മേളയിൽ ജയന്തി ദേവരാജ് ‘ഹംസം’ ആയി ചേരും. അതേ മിടുക്കോടെയും ഊർജത്തോടെയും മന്ത്രിയെ അരങ്ങിലെത്തിക്കാൻ രാഘവൻ ആശാൻ മുന്നിൽത്തന്നെയുണ്ട്. ക്ഷേത്രപരിസരത്തോട് ചേർന്ന് കൂടൽമാണിക്യം ദേവസ്വം നിർമിച്ച പുതിയ വേദിയിൽ ബിന്ദുവിനൊപ്പം നൂറുകണക്കിന് കലാകാരന്മാരും കലാപരിപാടികൾ അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.