കൊച്ചി: വാട്സ്ആപ് ഗ്രൂപ് അംഗങ്ങൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങളുടെ പേരിൽ അഡ്മിനെതിരെ നടപടി സാധ്യമല്ലെന്ന് ഹൈകോടതി. വാട്സ്ആപ് ഗ്രൂപ്പിൽ അംഗങ്ങളെ ചേർക്കാനും ഒഴിവാക്കാനും മാത്രമാണ് അഡ്മിന് കഴിയുകയെന്നിരിക്കെ, ഗ്രൂപ്പിലിടുന്ന പോസ്റ്റുകളിൽ അഡിമിന് പ്രത്യേക നിയന്ത്രണമില്ല.
ഗ്രൂപ്പിൽ പങ്കുവെക്കുന്ന സന്ദേശങ്ങൾ നിയന്ത്രിക്കാനോ സെൻസർ ചെയ്യാനോ അഡ്മിന് കഴിയില്ല. അതിനാൽ, അംഗങ്ങളിടുന്ന ദോഷകരമായ പോസ്റ്റുകൾക്കടക്കം അഡ്മിൻ ഉത്തരവാദിയാകില്ലെന്ന് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് വ്യക്തമാക്കി. ആലപ്പുഴ ചേർത്തല സ്വദേശി മാനുവലിനെതിരെ എറണാകുളം പോക്സോ കോടതിയിലുള്ള കേസ് റദ്ദാക്കി പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ നിരീക്ഷണം.
'ഫ്രണ്ട്സ്' വാട്സ്ആപ് ഗ്രൂപ്പിന്റെ അഡ്മിനായ ഹരജിക്കാരൻ മറ്റ് രണ്ടുപേരെക്കൂടി ഗ്രൂപ് അഡ്മിനായി ചേർത്തിരുന്നു. ഇതിൽ ഒരാൾ ഗ്രൂപ്പിൽ കുട്ടികളുടെ അശ്ലീല വിഡിയോ പോസ്റ്റ് ചെയ്തതിനെത്തുടർന്ന് എറണാകുളം സിറ്റി പോലീസ് ഇയാളെ ഒന്നാം പ്രതിയും വാട്സ്ആപ് ഗ്രൂപ്പിന് രൂപംനൽകിയയാളെന്ന നിലയിൽ ഹരജിക്കാരനെ രണ്ടാം പ്രതിയായും ചേർത്ത് കേസെടുത്ത് കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകി. ഐ.ടി, പോക്സോ നിയമപ്രകാരമെടുത്തിട്ടുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്. അശ്ലീല വിഡിയോ ഷെയർ ചെയ്തെന്ന് കൃത്യമായ ആരോപണങ്ങളൊന്നും ഹരജിക്കാരനെതിരെ നിലവിലില്ലെന്ന് വിലയിരുത്തിയ കോടതി, തുടർന്ന് ഹരജിക്കാരനെതിരെ ചുമത്തിയ കുറ്റം റദ്ദാക്കി. വാട്സ്ആപ് ഗ്രൂപ്പുകളിൽ പങ്കുവെക്കുന്ന സന്ദേശങ്ങളിൽ അഡ്മിന് ഉത്തരവാദിത്തമില്ലെന്ന മുംബൈ, ഡൽഹി ഹൈകോടതി വിധികളും കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.