തിരുവനന്തപുരം: കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ അനുമതിയില്ലാതെ എയ്ഡഡ് കോളജ് അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകരുതെന്ന് സർവകലാശാലകൾക്ക് സർക്കാർ നിർദേശം. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയാണ് സർവകലാശാല രജിസ്ട്രാർമാർക്ക് കത്ത് നൽകിയത്. ഇതോടെ പുതിയ നിയമനങ്ങൾക്ക് അംഗീകാരം നൽകുന്നത് കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾ നിർത്തിവെക്കും.
കോളജ് അധ്യാപക തസ്തികക്ക് ആവശ്യമായ ജോലിഭാരത്തിൽ മാറ്റം വരുത്തിയും പി.ജി അധ്യാപനത്തിനുള്ള വെയ്റ്റേജ് റദ്ദാക്കിയുമുള്ള ഏപ്രിൽ ഒന്നിെല ഉത്തരവിെൻറ പശ്ചാത്തലത്തിലാണ് നിർദേശം.
മുഴുവൻ അധ്യാപക തസ്തികകൾക്കും ആഴ്ചയിൽ 16 മണിക്കൂർ ജോലിഭാരം നിർബന്ധമാക്കിയ ഏപ്രിൽ ഒന്നിലെ ഉത്തരവോടെ കോളജുകളിൽ അധ്യാപകതസ്തികകൾ കുറയും. ഇതോടെ നിയമനാംഗീകാരം ലഭിക്കാത്ത എയ്ഡഡ് കോളജുകളിലെ അധ്യാപകർ പ്രതിസന്ധിയിലാകും.
കോളജ് അധ്യാപക തസ്തികക്ക് 16 മണിക്കൂറും അധിക തസ്തികക്ക് ഒമ്പത് മണിക്കൂറിൽ കുറയാത്ത ജോലിഭാരവും നിശ്ചയിച്ച് സർക്കാർ 2018 മേയ് ഒമ്പതിന് ഉത്തരവിറക്കിയിരുന്നു. പി.ജി വെയ്റ്റേജ് തുടരുമെന്നും വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇൗ ഉത്തരവിലെ വ്യവസ്ഥകൾ മുൻകാല പ്രാബല്യത്തോടെയാണ് കഴിഞ്ഞ ഏപ്രിൽ ഒന്നിലെ ഉത്തരവിൽ റദ്ദാക്കിയത്.
ഇതോടെ 2018 മേയ് ഒമ്പതിലെ ഉത്തരവിെൻറ അടിസ്ഥാനത്തിൽ എയ്ഡഡ് കോളജുകളിൽ നടത്തിയ നിയമനങ്ങളിൽ സർവകലാശാല അംഗീകാരം ലഭിക്കാത്ത അധ്യാപകർ പ്രതിസന്ധിയിലാകും.
നിലവിൽ എയ്ഡഡ് കോളജ് അധ്യാപക നിയമനാംഗീകാരം സർവകലാശാല ചുമതലയാണ്. ഇത് കോളജ് വിദ്യാഭ്യാസ ഡയറക്ടറിൽ നിക്ഷിപ്തമാക്കാൻ സർക്കാർ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിെൻറ ഭാഗമായി ഉന്നത വിദ്യാഭ്യാസ കൗൺസിലിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു.
സർക്കാർ നീക്കത്തെ എതിർത്ത കൗൺസിൽ നടപടി നിയമവിരുദ്ധവും നിലനിൽക്കുന്നതല്ലെന്നും റിപ്പോർട്ട് നൽകി. 1972ൽ സർക്കാറും എയ്ഡഡ് മാനേജ്മെൻറുകളും തമ്മിൽ ഒപ്പുവെച്ച ഡയറക്ട് പേമെൻറ് കരാറിൽ നിന്ന് ഏകപക്ഷീയമായി സർക്കാറിന് പിന്മാറാൻ കഴിയില്ലെന്നും കൗൺസിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.