കൊച്ചി: തുടർച്ചയായ അഞ്ച് വർഷത്തെ ദീർഘാവധിക്കുശേഷം തിരികെ കയറാത്ത എയ്ഡഡ് സ്കൂൾ അധ്യാപകർ ജോലിയിൽനിന്ന് പുറത്താകുമെന്ന് ഹൈകോടതി. അഞ്ച് വർഷത്തിനുശേഷവും അവധി നീണ്ടാൽ സർവിസ് അവസാനിച്ചതായി കണക്കാക്കുമെന്ന കേരള വിദ്യാഭ്യാസ ചട്ടത്തിലെ റൂൾ 56 (4) ഉദ്ധരിച്ചാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്. കേരള വിദ്യാഭ്യാസ ചട്ടം സർക്കാർ, സ്വകാര്യ എയ്ഡഡ് അധ്യാപകർക്ക് ഒരുപോലെ ബാധകമാണെങ്കിലും ദീർഘാവധിയുടെ കാര്യത്തിൽ എയ്ഡഡ് അധ്യാപകർക്ക് അഞ്ച് വർഷത്തിലധികം അവധി റൂൾ 56(4) പ്രകാരം അനുവദനീയമല്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
മലപ്പുറം ചെങ്ങോട്ടൂർ എ.എം.എൽ.എസ് അധ്യാപകനായിരിക്കെ 2005 സെപ്റ്റംബറിൽ ഉപാധികളോടെ അഞ്ച് വർഷത്തെ അവധി വാങ്ങി യു.കെയിലേക്ക് പോയ എറണാകുളം സ്വദേശി ഷാജി പി. ജോസഫ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. അഞ്ച് വർഷത്തെ അവധി പൂർത്തിയായതിനെ തുടർന്ന് അഞ്ച് വർഷം കൂടി നീട്ടി അനുവദിച്ചു. പിന്നീട് അഞ്ച് വർഷം കൂടി ദീർഘാവധി ആവശ്യപ്പെട്ടെങ്കിലും മാനേജർ അപേക്ഷ തള്ളി. ഇതിനെതിനെതിരെയാണ് കോടതിയെ സമീപിച്ചത്.
സർക്കാർ അധ്യാപകരുടേതിന് സമാനമായ നിയമങ്ങളാണ് അവധിയുടെ കാര്യത്തിലടക്കം എയ്ഡഡ് അധ്യാപകർക്ക് ബാധകമെന്നും മാനേജർ ഏകപക്ഷീയ തീരുമാനമെടുക്കുകയായിരുന്നെന്നുമായിരുന്നു ഹരജിക്കാരെൻറ വാദം. എന്നാൽ, തുടർച്ചയായി അഞ്ചുവർഷത്തെ ദീർഘാവധിക്കുശേഷം അവധി അവസാനിപ്പിച്ച് ജോലിക്ക് കയറാത്തപക്ഷം സർവിസിൽ ഇല്ലാതാകുമെന്ന 56 (4) റൂൾ സ്വകാര്യ എയ്ഡഡ് അധ്യാപകർക്ക് ബാധകമായ വ്യവസ്ഥയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇത് സർക്കാർ മേഖലയിലെ അധ്യാപകർക്ക് ബാധകമല്ല. ഹരജിക്കാരൻ അഞ്ച് വർഷത്തെ തുടർച്ചയായ അവധി പൂർത്തിയാക്കുകയും ജോലിയിൽ തിരികെ പ്രവേശിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ അവധി നീട്ടണമെന്ന അപേക്ഷയിൽ മാനേജർക്ക് മറ്റ് നടപടിക്രമങ്ങൾ പാലിക്കേണ്ട ബാധ്യതയില്ല. മാേനജറുടെ തീരുമാനത്തിൽ തെറ്റില്ലെന്ന് വ്യക്തമാക്കിയ ഡിവിഷൻ ബെഞ്ച് ഹരജി തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.