കൊച്ചി: ശബരിമല വിമാനത്താവളത്തിന് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള നടപടി കലക്ടർക്ക് തുടരാമെന്ന് ഹൈകോടതി. അതേസമയം, 2013ലെ ഭൂമി ഏറ്റെടുക്കൽ-പുനരധിവാസ നിയമപ്രകാരം നഷ്ടപരിഹാരത്തുക കലക്ടർ കോടതിയിൽ കെട്ടിവെക്കണമെന്ന സർക്കാർ ഉത്തരവിലെ നിർദേശം ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് റദ്ദാക്കി. സ്ഥലം ഏറ്റെടുക്കാനുള്ള സർക്കാറിെൻറ പ്രാഥമിക തീരുമാനം മാത്രമാണിതെന്നും 2013ലെ നിയമപ്രകാരം ഏറ്റെടുക്കലിന് ഒട്ടേറെ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.
എസ്റ്റേറ്റ് ഏറ്റെടുക്കാൻ കലക്ടർക്ക് നിർദേശം നൽകി ജൂൺ 18ന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്ത് ഗോസ്പൽ ഫോർ ഏഷ്യയെന്ന് അറിയപ്പെട്ടിരുന്ന അയന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹരജിയാണ് കോടതി തീർപ്പാക്കിയത്. എസ്റ്റേറ്റിലെ 2263.18 ഏക്കറാണ് വിമാനത്താവളത്തിന് കണ്ടെത്തിയത്.
ഇതടക്കം ഹാരിസൺ കൈവശം െവച്ചിരുന്ന ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ നടപടി 2018ൽ ഹൈകോടതിയും സുപ്രീംകോടതിയും തടയുകയും ഉടമസ്ഥാവകാശം സിവിൽ കേസിലൂടെ തീരുമാനിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. പാലാ സബ് കോടതിയിൽ സർക്കാർ നൽകിയ സിവിൽ സ്യൂട്ട് നിലനിൽക്കെയാണ് എസ്റ്റേറ്റ് ഏറ്റെടുക്കാൻ നടപടി തുടങ്ങിയത്. സിവിൽ കേസ് നിലവിലിരിക്കെ ഭൂമി ഏറ്റെടുക്കാനും നഷ്ടപരിഹാരം കെട്ടിവെക്കാൻ കലക്ടററെ ചുമതലപ്പെടുത്താനും സർക്കാറിന് അധികാരമില്ലെന്നായിരുന്നു ഹരജിക്കാരുടെ വാദം.
എന്നാൽ, ഇത് സർക്കാർ ഭൂമിയാണെന്നും കൈയേറിയവർ വരുത്തിയ രൂപമാറ്റങ്ങൾ നശിക്കുന്നതുമൂലമുണ്ടായ നഷ്ടത്തിന് ആനുപാതികമായി പരിഹാരത്തുക നൽകാനാണ് നിർദേശിച്ചതെന്നുമായിരുന്നു സർക്കാർ വാദം. സ്ഥലം ഏറ്റെടുക്കാൻ തീരുമാനിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഏറ്റെടുക്കലുമായി മുന്നോട്ടു പോകണമെങ്കിൽ പൊതുതെളിവെടുപ്പടക്കം നടത്തി സാമൂഹികാഘാത പഠനം നടത്തുകയും നഷ്ടപരിഹാരമടക്കം തീരുമാനിക്കുകയും വേണം. ഈ സാഹചര്യത്തിൽ ഹരജി അപക്വമാണെന്ന സർക്കാർ വാദം കോടതിയും അംഗീകരിച്ചു.
ഈ ഘട്ടത്തിൽ സ്ഥലത്തിെൻറ ഉടമസ്ഥാവകാശവും ഭൂമിയിലെ കക്ഷികളുടെ താൽപര്യവുമൊന്നും പരിഗണിക്കേണ്ടതില്ല. 2013ലെ നിയമപ്രകാരം നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താൻ സർക്കാറിന് അധികാരമില്ല. ഈ നിയമപ്രകാരം ഭൂവുടമക്ക് നൽകാനല്ലാതെ നഷ്ടപരിഹാരം കോടതിയിൽ കെട്ടിവെക്കാൻ വ്യവസ്ഥയില്ല. നിയമപ്രകാരം നടപടിക്രമങ്ങൾ ആരംഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ സർക്കാറിന് അതിെൻറ പരമാധികാരം ഉപേയാഗിക്കാനാവില്ലെന്ന് വിലയിരുത്തിയ കോടതി, നഷ്ടപരിഹാരം കെട്ടിവെക്കാൻ കലക്ടറെ ചുമതലപ്പെടുത്തിയ നടപടി റദ്ദാക്കുകയായിരുന്നു. ഭൂമി ഏറ്റെടുക്കാനുള്ള നടപടി തുടങ്ങി ഉചിതഘട്ടത്തിൽ ഹരജിക്കാർക്ക് ഇതിനെ ചോദ്യം ചെയ്യാം. സർക്കാർ അധികാര ദുർവിനിയോഗം നടത്തിയെന്ന ആരോപണത്തിൽ അഭിപ്രായം പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.