ആന്‍റണിയുടെ പ്രസ്താവന കോണ്‍ഗ്രസ്  പാപ്പരത്തത്തിന്‍െറ തുറന്നുപറച്ചില്‍ –കോടിയേരി

തിരുവനന്തപുരം: പകല്‍ കോണ്‍ഗ്രസും രാത്രി ആര്‍.എസ്.എസുമായവരെ വേണ്ടെന്ന എ.കെ. ആന്‍റണിയുടെ പ്രസ്താവന കോണ്‍ഗ്രസ് ചെന്നുപെട്ട രാഷ്ട്രീയ പാപ്പരത്തത്തിന്‍െറ തുറന്നുപറച്ചിലാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 

രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ച് ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച വര്‍ഗീയവിരുദ്ധസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്‍.എസ്.എസുമായി കോണ്‍ഗ്രസ് ഒരിടത്തും കൂട്ടുകൂടാന്‍ പാടില്ളെന്ന് പറയാന്‍ ആന്‍റണി തയാറാകുമോ എന്നും കോടിയേരി ചോദിച്ചു. കഴിഞ്ഞ നിയമസഭതെരഞ്ഞെടുപ്പില്‍ നേമത്ത് ഒ. രാജഗോപാലിനെ ജയിപ്പിക്കാന്‍ വോട്ട് ചെയ്തത് പകല്‍ കോണ്‍ഗ്രസുകാരും രാത്രി ആര്‍.എസ്.എസ് ആകുന്നവരുമാണ്. അതിന് പ്രത്യുപകാരമായി തിരുവനന്തപുരം മണ്ഡലത്തില്‍ വി.എസ്. ശിവകുമാറിനുവേണ്ടി ബി.ജെ.പിവോട്ടുകള്‍ മറിച്ചുനല്‍കിയതിനെപ്പറ്റി ആന്‍റണി നിലപാട് വ്യക്തമാക്കണം. കോണ്‍ഗ്രസ് 20 മണ്ഡലങ്ങളില്‍ ബി.ഡി.ജെ.എസിന്‍െറ വോട്ട് വാങ്ങുകയും അതില്‍ 12 ഇടങ്ങളില്‍ വിജയിക്കുകയും ചെയ്തു. കോണ്‍ഗ്രസുകാരെ രാത്രി ആര്‍.എസ്.എസുകാരാക്കി മാറ്റുന്നതില്‍ ആന്‍റണിക്കും ഉത്തരവാദിത്തമുണ്ട്. 1991ല്‍ അദ്ദേഹം കെ.പി.സി.സി പ്രസിഡന്‍റായിരുന്നപ്പോഴാണ് വടകരയിലും ബേപ്പൂരിലും ബി.ജെ.പിയുമായി കോണ്‍ഗ്രസും മുസ്ലിം ലീഗും സഖ്യമുണ്ടാക്കിയത്. 

പ്രസംഗവേദിയിലേക്ക് ബോംബേറ് നടത്തുകയും എതിര്‍ക്കുന്നവരെ തടങ്കലിലിട്ട് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്യുന്ന ആര്‍.എസ്.എസിലെ ഒരു വിഭാഗം ക്വട്ടേഷന്‍ സംഘമായി മാറി. അവരെ നിയന്ത്രിക്കാന്‍ കുമ്മനം രാജശേഖരനും കഴിയുന്നില്ല. സംസ്ഥാനത്ത് കേന്ദ്രസേനയെ വിളിക്കണമെന്നാണ് ബി.ജെ.പി പറയുന്നത്. കേന്ദ്രസേനയെ കാണിച്ച് കേരളത്തെ ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്നും കോടിയേരി വ്യക്തമാക്കി.  

Tags:    
News Summary - ak antoney's remark kodiyeri balakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.