പാലക്കാട്: ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർക്കെതിരെ സി.പി.എം നേതാവ് എ.കെ. ബാലൻ. പാലക്കാട് വിജയിക്കാൻ സന്ദീപ് വാര്യരെ കൂട്ടുപിടിക്കാൻ കോൺഗ്രസിനെ ഉപദേശിച്ചത് എസ്ഡിപിഐ ആണ്.
കോൺഗ്രസിൽ ചേർന്നെങ്കിലും സന്ദീപ് വാര്യർ ഏതെങ്കിലും തരത്തിൽ ആർഎസ്എസ് പ്രത്യയശാസ്ത്രത്തെ തള്ളിപ്പറഞ്ഞിട്ടില്ല. പാലക്കാട് തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ കോണ്‍ഗ്രസ് ആര്‍.എസ്.എസ്സിന്‍റെ കാലുപിടിച്ചു. തുടര്‍ന്നുനടന്ന ഗൂഢാലോചനയുടെ ഭാഗമാണ് സന്ദീപിന്‍റെ കോണ്‍ഗ്രസ് പ്രവേശം. ആര്‍.എസ്.എസിനും കോണ്‍ഗ്രസിനുമിടയിലുള്ള പാലമാണ് സന്ദീപ് വാര്യരെന്നും എ.കെ.ബാലന്‍ പറഞ്ഞു.
‘സന്ദീപിന് കോൺഗ്രസിനോടുള്ള അടുപ്പം യുഡിഎഫിനെ സാരമായി ബാധിക്കുമെന്ന് മുരളീധരൻ കഴിഞ്ഞ ദിവസം സൂചിപ്പിച്ചു. അത് പരിപൂർണമായി ശരിയാണെന്നാണ് സിപിഎമ്മിന്റെ അഭിപ്രായം. കേരളം ഇന്നുവരെ കാണാത്ത രൂപത്തിൽ വർഗീയത ഛർദിച്ച സന്ദീപ് വാര്യരെ തുറന്നുകാട്ടുകയാണ് മുരളീധരൻ ചെയ്തത്. മുരളി പറഞ്ഞതിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണം. ആർഎസ്എസിനെ ഒരു തരത്തിലും തള്ളിപ്പറയാൻ സന്ദീപ് തയ്യാറായിട്ടില്ല. ഇതിന് കോൺഗ്രസ് നല്ല വില കൊടുക്കേണ്ടിവരും’ -ബാലൻ പറഞ്ഞു.
അതേസമയം, സന്ദീപ് വാര്യർ സി.പി.എമ്മിലേക്ക് വരുമെന്ന് അഭ്യൂഹം ഉയർന്ന സമയത്ത് അദ്ദേഹം ക്രിസ്റ്റൽ ക്ലിയറായി നമ്പർ വൺ കൊമ്രേഡ് ആകുമെന്നും മുൻപ് പറഞ്ഞതൊന്നും പ്രശ്‌നമല്ലെന്നും എ.കെ. ബാലൻ പറഞ്ഞിരുന്നു. ബി.ജെ.പി വിട്ട് വന്നാൽ സ്വീകരിക്കുമെന്നും മറ്റ് രാഷ്ട്രീയപാർട്ടികളിൽ നിന്ന് എത്രയോ പേരെ സി.പി.എം സ്വീകരിച്ചിട്ടുണ്ടെന്നും ബാലൻ പറഞ്ഞിരുന്നു.
‘മുൻകാലങ്ങളിൽ മറ്റ് നേതാക്കൾക്കെതിരെ ഞങ്ങളൊക്കെ എന്തെല്ലാം പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയം എന്നത് അതതു കാലഘട്ടത്തിലെ വസ്തുനിഷ്ഠമായ നിലപാടുകളെ അപഗ്രഥിച്ചിട്ട് എടുക്കുന്ന നിലപാടുകളാണ്. ആരെയും പാർട്ടിയിലെത്തിക്കാൻ ചൂണ്ടയിടുന്ന ആളൊന്നുമില്ല ഞാൻ. ബുദ്ധിയില്ലാത്ത ആർ.എസ്.എസുകാരനല്ല സന്ദീപ് വാര്യർ. അദ്ദേഹത്തിന്റെ നിലപാടിൽ പോലും മാറ്റം വരുന്നു എന്നത് അത്ഭുതത്തോടെയാണ് കാണുന്നത്. സന്ദീപ് വാര്യരെ പോലുള്ളവരെ എത്രകാലമാണ് ഒതുക്കി നിർത്തുക. കെ. കരുണാകരനെ കരിങ്കാലി എന്ന് വിളിച്ചവരാണ് ഞങ്ങൾ. അദ്ദേഹം പോലും ഞങ്ങൾക്ക് ഒപ്പം വന്നു. എ.കെ. ആന്റണി എ.കെ.ജി സെന്ററിൽ വന്ന് കൂടെയിരുന്ന് ഭരിച്ചിട്ടുണ്ട്. കുഞ്ഞാലിയുടെ കൊലപാതകിക്ക് സി.പി.എം വോട്ട് ചെയ്ത സാഹചര്യമുണ്ടായിട്ടുണ്ട്’ -എ.കെ. ബാലൻ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.