പാലക്കാട്: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ഡോ. പി. സരിന്‍റെ ഭാഗത്തുനിന്നുണ്ടായതെന്നും അത് ഗൗരവമായി ചര്‍ച്ച ചെയ്യണമെന്നും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ.കെ. ബാലൻ. അതാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാനഭാഗം. എങ്ങനെയാണ് വടകരയിൽ കോൺഗ്രസ്-ബി.ജെ.പി ഡീല്‍ നടന്നതെന്ന് ഇപ്പോള്‍ വ്യക്തമായി. ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകരയിലെ ബി.ജെ.പിക്കാരുടെ വീടുകളില്‍ പോയവരോട് ഷാഫി പറമ്പിലിനാണ് ഇത്തവണ വോട്ട് കൊടുക്കുന്നതെന്ന് അവര്‍ പറഞ്ഞു. ബി.ജെ.പിക്കാരുടെ വീട്ടിലെ സ്ത്രീകളടക്കമാണ് ഇക്കാര്യം പറഞ്ഞത്. അതിന് പ്രത്യുപകാരമായി പാലക്കാട് ജില്ലയില്‍ ഗുണം കിട്ടും -അദ്ദേഹം പറഞ്ഞു.
എങ്ങനെയാണ് എൽ.ഡി.എഫിനെയും സര്‍ക്കാറിനെയും ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുത്താന്‍ ആർ.എസ്.എസും ബി.ജെ.പിയുമായി കോൺഗ്രസ് ഡീലുണ്ടാക്കിയത് എന്നതിന്‍റെ ഏറ്റവും നല്ല തെളിവാണ് സരിന്‍റെ പ്രസ്താവന. ഇനിയും കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്.
രഹസ്യങ്ങളുടെ ഉള്ളറയിലെ കാവല്‍ഭടനാണ് സരിൻ. കുഞ്ഞാലിയുടെ കൊലപാതകത്തിൽ പ്രതിസ്ഥാനത്ത് വന്ന ആര്യാടൻ മുഹമ്മദിനെ വരെ തങ്ങൾ സ്ഥാനാർഥിയാക്കിയിട്ടുണ്ടെന്ന് എ.കെ. ബാലൻ പറഞ്ഞു. അന്ന് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ആര്യാടനെ എൽ.ഡി.എഫ് സ്ഥാനാർഥിയാക്കി. രാഷ്ട്രീയ സാഹചര്യം നോക്കിയാണ് സ്ഥാനാർഥിയെ തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.