പാലക്കാട്/കല്ലടിക്കോട്: ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി വനിത അംഗം പി.കെ. ശശി എം.എൽ.എക്കെതിരെ നൽകിയ ലൈംഗിക പരാതിയിൽ പാർട്ടിക്കകത്തും പുറത്തും ഉയർന്ന പ്രതിഷേധങ്ങളും വിവാദങ്ങളും വകവെക്കാതെ, പാർട്ടി അന്വേഷണ കമീഷൻ അംഗം എ.കെ. ബാലനും പി.കെ. ശശിയും ഒരേ വേദിയിൽ. സി.പി.ഐ ഉൾപ്പെടെയുള്ള പാർട്ടികളിൽനിന്നു രാജിെവച്ചു വന്നവർക്ക് പാലക്കാട് തച്ചമ്പാറയിൽ നൽകിയ സ്വീകരണത്തിലാണ് ഇരുവരും വേദി പങ്കിട്ടത്. വേദി പങ്കിടുന്നതിനെതിരെ മണ്ണാർക്കാടും പരിസര പ്രദേശങ്ങളിലും നോട്ടീസ് പതിച്ചിരുന്നെങ്കിലും പിന്നീട് പ്രവർത്തകർ നീക്കം ചെയ്യുകയായിരുന്നു.
ആരോപണ വിധേയനും അന്വേഷണ കമ്മിറ്റി അംഗവും വേദി പങ്കിടുന്നതിെൻറ ശരികേടിനെ കുറിച്ചുള്ള വിമർശനങ്ങൾ വകവെക്കാതെയാണ് സി.പി.എം തച്ചമ്പാറ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ ഇരുവരും പങ്കെടുത്തത്. ശശി നിലവിൽ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗവും സി.ഐ.ടി.യു ജില്ല സെക്രട്ടറിയുമാണെന്നും സ്വീകരണത്തിൽ പങ്കെടുക്കുന്നതിൽ ശരികേടില്ലെന്നും ജില്ല നേതൃത്വത്തിലെ ഒരു വിഭാഗം പറയുന്നു. വിവാദമായ പരിപാടിയിൽ അവസാന നിമിഷം വരെ എം.എൽ.എ എത്തില്ലെന്ന അഭ്യൂഹം ശക്തമായിരുന്നു. ഇരുവരും പരസ്യമായി വേദി പങ്കിട്ടതോടെ ശശിക്കെതിരെയുള്ള പാർട്ടി നടപടി പേരിനുമാത്രമായി ഒതുങ്ങാനാണ് സാധ്യതയെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.
ആരോപണത്തിൽ ഇത്രയും ദിവസമായിട്ടും പാർട്ടി നടപടിയുണ്ടാകുന്നതിെൻറ സൂചനയുണ്ടായിട്ടില്ല. അതേസമയം, പാർട്ടി പരിപാടികളിൽ പി.കെ. ശശി സജീവമാകുകയും ചെയ്യുകയാണ്. നവംബർ അവസാന വാരം പാർട്ടി സംഘടിപ്പിക്കുന്ന നിയോജക മണ്ഡലം ജാഥയിൽ ക്യാപ്റ്റനായി ജില്ല സെക്രേട്ടറിയറ്റ് തീരുമാനിച്ചിരിക്കുന്നത് ശശിയെയാണ്.യോഗത്തിൽ ഏരിയ സെക്രട്ടറി യു.ടി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ, സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗവും എം.എൽ.എയുമായ കെ.വി. വിജയദാസ് എന്നിവർ സ്വീകരണ യോഗത്തിൽ പങ്കെടുത്തു.
‘മറ്റേ പ്രശ്നം ഞങ്ങൾക്ക് ഒന്നുമല്ല’
ശശിക്കെതിരെയുള്ള പീഡന പരാതിയെ പരോക്ഷമായി സൂചിപ്പിച്ച് അന്വേഷണ കമീഷൻ അംഗം എ.കെ. ബാലൻ. ‘‘വരാതിരുന്നാൽ വിവാദമാവുമെന്ന് കരുതിയാണ് യോഗത്തിന് വന്നത്. വിവാദം നിങ്ങളുദ്ദേശിച്ചതല്ല. സി.പി.ഐ ജില്ല നേതാവിനെ സ്വീകരിക്കുമ്പോൾ എത്താൻ കഴിയാത്തതാണ് വിവാദം. മറ്റേ പ്രശ്നം ഞങ്ങൾക്ക് ഒന്നുമല്ല.’’ ഇതായിരുന്നു പ്രസംഗത്തിൽ ബാലൻ പറഞ്ഞത്. തെങ്കരയിൽ സി.പി.ഐ കാണിച്ച നെറികേടിന് സംസ്ഥാന കമ്മിറ്റി നടപടി സ്വീകരിക്കണമെന്നും കോൺഗ്രസിനെ കുട്ടുപിടിച്ചാണ് സി.പി.എമ്മിനെതിരെ തെങ്കരയിൽ അവിശ്വാസം പാസാക്കിയതെന്നും ബാലൻ പറഞ്ഞു. പി.കെ. ശശിയോ മറ്റ് നേതാക്കളോ സി.പി.ഐയെക്കുറിച്ച് ഒന്നും പറയരുതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.