ഇടതുപക്ഷക്കാര്‍ ഷാഫിക്ക് വോട്ടുചെയ്തു; പി. സരിന്റെ അഭിപ്രായം ആവര്‍ത്തിച്ച് എ.കെ. ബാലൻ

പാലക്കാട്: 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷക്കാര്‍ ഷാഫി പറമ്പിലിന് വോട്ടുചെയ്തെന്ന പി. സരിന്റെ അഭിപ്രായം ആവര്‍ത്തിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന്‍. സരിന്‍ പറഞ്ഞതില്‍ ഒരു അപകടവുമില്ല. സി.പി.എമ്മിന്റെയോ എല്‍.ഡി.എഫ് ഘടകകക്ഷികളുടേതോ അല്ലാത്ത ഒരു വിഭാഗം വോട്ട് ഞങ്ങള്‍ക്കുണ്ട്. ആ വോട്ടിന്റെ ഒരുഭാഗം കോണ്‍ഗ്രസിലേക്ക് പോയി. ബി.ജെ.പി ജയിക്കാന്‍ പാടില്ല എന്നുള്ളതുകൊണ്ടാണ് ഇങ്ങനെയുണ്ടായതെന്നും എ.കെ. ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സരിന്‍ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. ഫാഷിസ്റ്റ് ശക്തികള്‍ അപ്പുറം വരുന്നതിനെക്കാള്‍ നല്ലത് കോണ്‍ഗ്രസ് വിജയിക്കുന്നതാണെന്ന് ചിന്തിക്കുന്ന ഒരു വിഭാഗം വോട്ടര്‍മാരിലൂടെ കുറച്ചു വോട്ട് അപ്പുറത്ത് പോയിട്ടുണ്ടാവാം. പക്ഷേ, യു.ഡി.എഫിന്റെ ഭൂരിപക്ഷം 18,000ത്തില്‍നിന്ന് 3800ലേക്ക് എങ്ങനെ താഴ്ന്നു. ആ വോട്ടുകള്‍ എവിടെ പോയി. അതിനല്ലേ കോണ്‍ഗ്രസ് മറുപടി പറയേണ്ടത്. ഈ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ ബി.ജെ.പി മൂന്നാം സ്ഥാനത്തുപോലുമില്ല.

ഇവിടെ മത്സരം എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണ്. ഡോ. സരിനെ ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. എല്‍.ഡി.എഫിന് ചരിത്രവിജയമാണ് പാലക്കാട്ട് ഉണ്ടാകാന്‍ പോകുന്നതെന്നും എ.കെ. ബാലന്‍ പറഞ്ഞു.

Tags:    
News Summary - A.K. Balan react to Leftists voted for Shafi Parambil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.