തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു; മുഖ്യമന്ത്രിയുടെ പ്രതിഛായ തകർക്കാനും ശ്രമം -അൻവറിനെതിരെ എ.കെ. ബാലൻ

തിരുവനന്തപുരം: ന്യുനപക്ഷ വിഭാഗങ്ങൾക്ക് ഏറെ സ്വീകാര്യനായ മുഖ്യമന്ത്രിയുടെ പ്രതിഛായ തകർക്കുകയാണ് പി.വി. അൻവറിന്റെ ലക്ഷ്യമെന്ന് സി.പി.എം നേതാവ് എ.കെ. ബാലൻ. മലപ്പുറത്ത് വോട്ടിങ് ശതമാനം കൂടാൻ കാരണം പിണറായി വിജയനാണ്. അദ്ദേഹം ആർ.എസ്.എസിന്റെ പ്രചാരകനാണ് എന്ന ആരോപണം വഴി മതനിരപേക്ഷ സമൂഹങ്ങളിലെ സി.പി.എമ്മിന്റെ ജനകീയത ഇല്ലാതാക്കാനാണ് ശ്രമം. യു.ഡി.എഫിന്റെ അജണ്ടയാണിത്. ഈ അജണ്ട നടപ്പാക്കാൻ കഴിഞ്ഞ എട്ടുവർഷമായി പണികൾ നടന്നുകൊണ്ടിരിക്കുകയാണ്.

അൻവർ വിശ്വാസത്തെ ദുരുപയോഗം ചെയ്യുകയാണ്. അൻവറിന്റെ പേരിന് ആരും എതിരല്ല, അൻവർ നിസ്കരിക്കുന്നതിനും എതിരല്ല. അദ്ദേഹത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്. കേരളത്തിൽ ഇതൊന്നും വിലപ്പോവില്ല. പാർട്ടിയെയും മുഖ്യമന്ത്രിയെയും ഒന്നും ചെയ്യാൻ അൻവറിന് സാധിക്കില്ലെന്നും എ.കെ. ബാലൻ വ്യക്തമാക്കി.

അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടക്കുന്നുണ്ട്. അൻവറിനെ പാർട്ടി പലവട്ടം പരിഗണിച്ചിട്ടുണ്ട്. ഉന്നയിച്ച എല്ലാ ആരോപണങ്ങളിലും ഏറ്റവും ഉന്നത തലത്തിലുള്ള അന്വേഷണങ്ങളാണ് നടക്കുന്നത്. ഒരാഴ്ചക്കുള്ളിൽ ഒരു റിപ്പോർട്ട് പുറത്തുവരും. അതുവരെ കാത്തിരിക്കാനുള്ള ക്ഷമ പോലും അദ്ദേഹത്തിനില്ല. അന്വേഷണം നടത്താതെ ആരെയും സർവീസിൽ നിന്ന് സസ്​പെൻഡ് ചെയ്യാൻ പറ്റില്ല. മുമ്പ് സെൻകുമാറിനെ സസ്​പെൻഡ് ചെയ്തപ്പോഴുണ്ടായ സംഭവവികാസങ്ങൾ കേരളം കണ്ടതാണ്. അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളിൽ ഒന്നിൽ പോലും കേരള സർക്കാറും സി.പി.എമ്മും പിന്തിരിഞ്ഞു നിന്നിട്ടുണ്ടോയെന്നും എ.കെ. ബാലൻ ചോദിച്ചു.

തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണ് അൻവർ. പണ്ട് എം.വി. രാഘവനും ഗൗരിയമ്മയും പോയപ്പോഴും ഒരുപാട് പേർ ഒപ്പമുണ്ടായിരുന്നു. എന്നാൽ മരിക്കുമ്പോൾ ചെ​ങ്കൊടി പുതപ്പിച്ച് കിടത്തണമെന്നായിരുന്നു അവരുടെ എല്ലാം ആഗ്രഹം. അൻവറിന്റെ കൂടെ ആളുകൾ പോകുമോയെന്നതിൽ പാർട്ടി ഭയക്കുന്നില്ല. ലക്ഷക്കണക്കിന് അണികളുണ്ട് സി.പി.എമ്മിന്. അതെല്ലാം ഭദ്രമാണെന്നും എ.കെ. ബാലൻ കൂട്ടിച്ചേർത്തു. 

Tags:    
News Summary - AK Balan turns against PV Anvar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.