കോഴിക്കോട്: കർണാടക വനംവകുപ്പിന്‍റെ റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന മാനന്തവാടിയിൽ വീട്ടുമുറ്റത്തേക്ക് പാഞ്ഞുകയറി ഒരാളെ കൊന്ന സംഭവത്തിൽ പ്രതികരണവുമായി വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. കർണാടക വനംവകുപ്പ് അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഉടനെ വെടിവെച്ച് അവിടെ നിന്നും കൊണ്ടുപോയാൽ ജനങ്ങളുടെ ആശങ്ക അവസാനിക്കും. എന്നാൽ, നടപടിക്രമങ്ങൾ പാലിച്ചില്ല എന്ന് പറഞ്ഞ് പിന്നീട് ചർച്ചയുണ്ടാകും. വനംവകുപ്പ് ചെയ്യാവുന്ന എല്ലാ നടപടികളും ത്വരിതഗതിയിൽ സ്വീകരിക്കുന്നുണ്ടെങ്കിലും പ്രയോജനം ജനങ്ങൾക്ക് ലഭിക്കുന്നില്ല എന്നത് വസ്തുതയാണ്. ഈ പശ്ചാത്തലത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കാനുണ്ടോ എന്നത് പരിശോധിക്കാൻ നിർദേശിച്ചിട്ടുണ്ട് -മന്ത്രി പറഞ്ഞു.
ഇപ്പോൾ ചെയ്തുവരുന്നത് കൂടുതൽ ദൗത്യസംഘത്തെ അയച്ച് ഇത്തരം വന്യമൃഗങ്ങളെ പിടികൂടി തിരിച്ചയക്കുകയോ സംരക്ഷിക്കുകയോ ആണ് ചെയ്തുവരുന്നത്. കർമ്മ നിരതരായ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസത്തെ തകർക്കുന്ന ഒരു വർത്തമാനവും പറയാൻ പാടില്ല. ജനങ്ങളുടെ ഭാഗത്തുനിന്നും സഹകരണം നല്ല നിലയിൽ ഉണ്ടായാൽ മാത്രമേ പ്രവശ്നം നല്ല നിലയിൽ പരിഹരിക്കാനാകൂ -മന്ത്രി വ്യക്തമാക്കി.
ഇന്ന് രാവിലെ മാനന്തവാടി പയ്യമ്പള്ളിയിൽ കാട്ടാന ആക്രമണത്തിലാണ് ചാലിഗദ്ദ പനച്ചിയിൽ അജീഷ് (47) കൊല്ലപ്പെട്ടത്. പണിക്കാരെ വിളിക്കാൻ പോയ അജിക്ക് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. അയൽവാസിയുടെ വീടിന്‍റെ മതിൽ അജി അടക്കമുള്ളവർ ചാടിക്കടന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ മതിൽ തകർത്ത് മുറ്റത്തെത്തിയ ആന അജിയെ ആക്രമിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.