തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് തട്ടുകടക്കാരനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിച്ചു. തട്ടുകടക്കാരനെ ചോദ്യം ചെയ്തപ്പോൾ അക്രമത്തില്‍ പങ്കില്ലെന്ന് വ്യക്തമായെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തൽ. ഇയാള്‍ പ്രാദേശിക സി.പി.എം നേതാവിന്റെ ഫോണിലേക്ക് വിളിച്ചെന്ന ആക്ഷേപം തെറ്റാണെന്നും ക്രൈംബ്രാഞ്ച് പറയുന്നു. എന്നാല്‍, പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
എ.കെ.ജി സെന്ററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞയാളെ പിടികൂടാത്തതിന് കാരണം ആക്രമണത്തിനുപിന്നിൽ സി.പി.എമ്മായതിനാലാണെന്നാണ് പ്രതിപക്ഷമുള്‍പ്പെടെ ആരോപിച്ചിരുന്നത്. സംഭവസമയത്ത് അതുവഴി സ്കൂട്ടറില്‍ സഞ്ചരിച്ച തട്ടുകടക്കാരനും സി.പി.എം പ്രാദേശിക നേതാവുമായുള്ള ബന്ധം ആരോപണത്തിന് ശക്തിയേകിയിരുന്നു. രാജാജി നഗര്‍ സ്വദേശിയായ തട്ടുകടക്കാരനെ സംശയിച്ച് പൊലീസ് ആദ്യം തന്നെ കസ്റ്റഡിയിലെടുക്കുകയും ഒന്നര ദിവസം നീണ്ട ചോദ്യം ചെയ്യലിനു ശേഷം വിട്ടയക്കുകയും ചെയ്തിരുന്നു. പൊലീസിന്റെ കണ്ടെത്തൽ ശരിവെക്കുകയാണിപ്പോൾ ക്രൈംബ്രാഞ്ചും.
തട്ടുകടയിലേക്ക് വെള്ളമെടുക്കാനായാണ് ഇയാള്‍ എ.കെ.ജി സെന്ററിനു സമീപമെത്തിയത്. സി.പി.എം നേതാവിനെ വിളിച്ചിട്ടില്ലെന്ന് ഫോണ്‍വിളി രേഖകള്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായെന്നും അന്വേഷണസംഘം വിശദീകരിക്കുന്നു. എന്നാല്‍, അന്വേഷണമേറ്റെടുത്ത് 20 ദിവസം കഴിയുമ്പോഴും പ്രതിയെ കണ്ടെത്താൻ ക്രൈംബ്രാഞ്ചിനായിട്ടില്ല. മൂന്നാഴ്ചക്കുള്ളില്‍ നിര്‍ണായക കണ്ടെത്തലുണ്ടാകുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.