നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട ഒരുജനതയുടെ അടുത്തേക്ക് രണ്ട് പതിറ്റാണ്ടിനുശേഷം എത്തിയ വലിയൊരു ദുരന്തത്തിൽ നിന്ന് കുട്ടനാട് ജനതക്ക് മോചനം നേടാൻ ഇന്നും കാത്തിരിക്കേണ്ടിവരും. വലിയൊരു പ്രളയം ഇവരുടെ വീട്ടുമുറ്റത്തേക്കും ജീവിതം കരുപിടിപ്പിച്ചിരുന്ന കൃഷിയിടത്തിലേക്കും ഇരച്ചുകയറിയപ്പോൾ ആ മഴവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയത് അവരുടെ പ്രതീക്ഷകളായിരുന്നു. ഉറ്റവരെയും അയൽവാസികളെയും സുഹൃത്തുക്കളെയും അവർക്ക് നഷ്ടമായി. ചുട്ടുപൊള്ളുന്ന വെയിലേറ്റ് പാടത്ത് പണിയെടുത്ത് സ്വരുപിച്ചുവെച്ച സാമ്പാദ്യം കൊണ്ട് കെട്ടിയുണ്ടാക്കിയ കൂരകളിന് മഴവെള്ളം കൈയടിയ വെച്ചിരിക്കുകയാണ്. ഒരുതരത്തിലും വീടിനകത്തേക്ക് കയറാൻ സാധിക്കാത്ത അത്രയും ആഴത്തിൽ വെള്ളം നിറഞ്ഞിരിക്കുന്നു. മഴ കെടുതിയിലും മറ്റും മരിക്കുന്നവരുടെ സംസ്ക്കാരം പോലും നടത്താൻ ബന്ധുക്കൾക്ക് സാധിക്കാത്ത അവസ്ഥയാണ്. കഴുത്തോളം വെള്ളത്തിൽ സ്ത്രീകളടക്കം നീന്തുകയാണ് കുട്ടനാടിന്റെ ഓരോ ഇടവഴികളിലൂടെയും.
കുട്ടനാട് എന്ന ലോകാദ്ഭുതത്തിലൂടെ കടന്നുപോകുന്നവരുടെ അനുഭവങ്ങൾ അത്രവേഗമൊന്നും വിട്ടുപിരിയില്ല. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർ ഒരുനേരത്തെ ഭക്ഷണത്തിന് വേണ്ടി കൂട്ടത്തോടെ കൈനീട്ടുന്ന കാഴ്ച ആരെയും കണ്ണുനിറക്കും.ചില സംഘടങ്ങൾ കൊടുവരുന്ന ഭക്ഷ്യവസ്തുക്കളുടെ അടുക്കലേക്ക് ഓടിയെത്തുന്നവരെ നമ്മൾ എന്തുപറഞ്ഞാണ് ആശ്വസിപ്പിക്കുക. കുട്ടനാട്ടിലെ സ്കൂളുകളിലും പഞ്ചായത്ത് ഓഫീസുകളുടെ മുകളിലും മറ്റുമായാണ് ഇന്ന് ഒരോ കുടുംബങ്ങളും താമസിക്കുന്നത്. വെള്ളം കുറയുന്നുണ്ടെങ്കിലും പൂർവ്വസിഥിതിയിലേക്ക് കുട്ടനാട് ജനത എത്താൻ ഇനിയും കാത്തിരിക്കണം.
വാഹനങ്ങൾ ചീറിപാഞ്ഞിരുന്ന റോഡുകളിലൂടെ ഇന്ന് വള്ളം തുഴഞ്ഞാണ് യാത്ര. പ്രതീക്ഷകൾ മങ്ങിയ കർഷകരുടെ കണ്ണീരുകൾ, സാധാരണ ജീവിതത്തിലേക്ക് തിരിചച്ചുവരാൻ കൊതിക്കുന്ന കുട്ടികൾ അടക്കമുള്ളവർ, വിശന്ന് കരയുന്ന പക്ഷിമൃഗാദികൾ, ക്യാൻസർ രോഗം ബാധിച്ച് ഒന്നനങ്ങാൻ പോലും കഴിയാത്ത ആളുകൾ, വെള്ളത്തിലായി ജീവിത മാർഗങ്ങൾ തുടങ്ങി കുട്ടനാടൻ വരമ്പത്തെ കണ്ണീർ കാഴ്ചകൾ നിരവധിയാണ്. ഏഴുപേരാണ് മഴക്കെടുതിയിൽ ആലപ്പുഴയിൽ മരിച്ചത്. 292 ക്യാമ്പുകളിൽ 17594 കുടുംബങ്ങളിൽ നിന്ന് 70102 പേരാണ് കഴിയുന്നത്. 11 വീടുകൽ തകർന്നു. 17.69 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
വെള്ളം വറ്റാനുള്ള കാത്തിരിപ്പ്
മഴശക്തി പ്രാപിച്ചത് മുതൽ നിറഞ്ഞുകവിഞ്ഞ വീട്ടുമുറ്റത്തെ വെള്ളം വറ്റിക്കിട്ടാനുള്ള പ്രാർഥനയിലും കാത്തിരിപ്പിലുമാണ് കുട്ടനാട്ടിലെ ഓരോ കുടുംബവും.തലയ്ക്കൊപ്പം നിന്ന വെള്ളക്കെട്ട് അനുഭവിച്ച് തങ്ങൾ മടുത്തതായി നാട്ടുകാർ പറയുന്നു.ഒന്ന് പുറത്തിറങ്ങാൻ പോലും സാധിക്കുന്നില്ല.കാലിൽ വെള്ളം തൊടാതെ ഒന്ന് നിക്കാനോ ഇരിക്കാനോ കൊതിക്കുകയാണ് ഞങ്ങൾ. വെള്ളത്തെ ഭയക്കുന്ന കുട്ടനാടൻതുരുത്തിലെ ജനങ്ങൾക്ക് വെള്ളമില്ലാത്ത സ്ഥലത്ത് കാലു കുത്തണേ ആലപ്പുഴയ്ക്ക് ബോട്ടിൽ കയറി പോരുകയേ രക്ഷയുള്ളൂ.വീട്ടിലെ വെള്ളത്തിൽ നിന്ന് രക്ഷതേടി എത്തിയ ക്യാമ്പിൽ വരെ വെള്ളം കയറിയ സംഭവങ്ങൾ ഉണ്ടായി.പലരും ബന്ധുവീടുകളിലേക്ക് യാത്രയായി. കുട്ടനാട്ടിലെ ബന്ധുക്കളുടെ വീട്ടിലെത്തിയവർ ഇവിടെ പെട്ടുപോകുകയും ചെയ്തു.
ഒരുനേരത്തെ ഭക്ഷണം പാചകം ചെയ്യാൻ സ്ഥലമില്ലാത്ത സ്ഥിതിയാണ്. ഉയർന്ന പാലത്തിൽ വെച്ചാണ് പല ക്യാമ്പുകളിലേക്കുമുള്ള ഭക്ഷം പാകംചെയുന്നത്.നിലയിലെ ദുരിതത്തിൽ നിന്ന്മോചനം നേടാൻ അഞ്ചു മാസമെങ്കിലുമെടുക്കും. വീടുകളിലെ പായലും ,ചെളിയും തേച്ച് കഴുകി കളയുന്നത് വലിയ ബുദ്ധിമുട്ടാണെന്ന് വീട്ടമ്മമാർ പറയുന്നു.മടവീഴ്ചയുണ്ടായ സ്ഥലകളിൽ മടകുത്തി ആറ്റിലെ വെള്ളംവറ്റിച്ചാലെ വീടിനുള്ളിൽ കയറിയ വെള്ളം പൂർണ്ണമായി ഇറങ്ങൂ.ആറ്റിലെ വെള്ളമിറങ്ങിയാൽ പുരയിടത്തിലെ വെള്ളമിറക്കുമെന്ന പതിവ് പ്രതീക്ഷയിലാണ് ഇത്തവണയും
1208 ഹെക്ട്ടറിലധികം കൃഷി നാശം
കുട്ടനാട്ടില്‍ വെള്ളപ്പൊക്കത്തില്‍ വ്യാപക കൃഷിനാശമാണ് സംഭവിച്ചിരിക്കുന്നത്. രണ്ടാം കൃഷി ദിവസങ്ങള്‍ പിന്നിട്ട കുട്ടനാട്ടിലെ നിരവധി പാടശേഖരങ്ങളിലാണ് മടവീഴ്ചയുണ്ടായത്. പ്രാഥമിക കണക്കനുസരിച്ച് 1208 ഹെക്ടറിലധികം കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. ചമ്പക്കുളം, എടത്വാ, പുളിങ്കുന്ന്, കാവാലം കൃഷി ഭവനുകളില്‍ രണ്ടാം കൃഷിയുള്ള പാടശേഖരങ്ങളിലെല്ലാം നെല്‍ച്ചെടികള്‍ വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. പുറംബണ്ട് കവിഞ്ഞാണ് ഈ പാടശേഖരങ്ങളിലെല്ലാം വെള്ളമെത്തിയത്. മിക്ക പാടശേഖരങ്ങളും മടവീഴ്ച ഭീഷണിയിലായതിനാല്‍ കൃഷി നാശം ഇനിയും ഉയരാനാണ് സാധ്യത.
കൈനകരി കനകാശേരി, മീനപ്പളളി, വലിയകരി, വലിയതുരുത്ത്, ചമ്പക്കുളം പടച്ചാല്‍, മൂലപള്ളിക്കാട്, നാട്ടായം, കാവാലം മണലേരിക്കല്‍, ആലപ്പാത്തടി മാടംപാക്ക, എടത്വാ പട്ടത്താനം, എരവുകരി പാടശേഖരങ്ങളിലാണ് മടവീണത്. മൂലപള്ളിക്കാട് പാടത്ത് മടവീണതിനെത്തുടര്‍ന്ന് സമീപത്തുള്ള 50-ല്‍ച്ചിറ ജനാര്‍ദനന്റെ വീട് ഭാഗീകമായി തകര്‍ന്നിരുന്നു. ചമ്പക്കുളം ചക്കങ്കരി, കൈനകരി ആറുപങ്ക് പാടശേഖരങ്ങളിലു മട വീണു. രണ്ടാം കൃഷി 20 മുതല്‍ 60 ദിവസം വരെ പിന്നിട്ട പാടശേഖരങ്ങളാണ് ഇവയില്‍ ഭൂരിഭാഗവും.
അര്‍ബുദം വിഴുങ്ങുന്ന കുട്ടനാട്
കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന നെല്‍വയലുകളും വഞ്ചികളൊഴുകുന്ന തോടുകളും ഇരുകരകളിലുമായി ആടിയുലയുന്ന തെങ്ങുകളും തീര്‍ക്കുന്ന ദൃശ്യവിസ്മയങ്ങളാല്‍ മനോഹരമായ നാട്ടിന്‍പുറങ്ങള്‍ നിറഞ്ഞയിടമാണ് കുട്ടനാട്. പക്ഷേ,ഒന്നിന് പിറകെ ഒന്നായി ദുരന്തം ഇവിടേക്ക് ചേക്കേറുകയാണ്. യഥാര്‍ഥത്തിലത് അര്‍ബുദത്തിന്റെ നാടായി മാറുകയാണ് കുട്ടനാട്.വെള്ളത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഈ പ്രദേശത്തെ ജലം പൂര്‍ണമായും മലിനമാണ്.പമ്പ, അച്ചന്‍കോവില്‍, മണിമല എന്നീ മൂന്നു പുഴകളാല്‍ ചുറ്റപ്പെട്ട് കടല്‍നിരപ്പിനുതാഴെ സ്ഥിതിചെയ്യുന്ന പ്രദേശമാണ് കുട്ടനാട്. നെല്‍വയലുകളിലടിച്ച കീടനാശിനികളും പുഴകളിലൂടെ ഒഴുകിവന്ന മാലിന്യങ്ങളും വീടുകളില്‍നിന്നും ഹൗസ്‌ബോട്ടുകളില്‍നിന്നും ഒഴുകുന്ന മനുഷ്യവിസര്‍ജ്യങ്ങളും എണ്ണപ്പാടകളും കെട്ടിക്കിടക്കുന്ന ഒരിടം. ആ വെള്ളമാണ് വലിയൊരുവിഭാഗം കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്നത്. ഫലമോ, ജലജന്യരോഗങ്ങളും അര്‍ബുദവും അനുദിനം വര്‍ധിക്കുന്നു.
കോട്ടയം മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. സെയ്‌റു ഫിലിപ്പിന്റെ നേതൃത്വത്തില്‍ 2009ല്‍ കൈനകരിയില്‍ നടന്ന സര്‍വേ മുതൽ ഇങ്ങോട്ട് ഓരോ സർവേയിലും ഞെട്ടിക്കുന്ന കണക്കുകളാണ് കുട്ടനാട്ടിൽ നിന്ന് കേൾക്കുന്നത്. കോശങ്ങള്‍ക്കു നാശമുണ്ടാക്കുന്ന സെല്ലുലൈറ്റിസ് രോഗം മറ്റു പ്രദേശങ്ങളിലുള്ളതിലുമേറെ കുട്ടനാട്ടിലുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു.'കൊയ്ത്തുകഴിഞ്ഞാല്‍ അടിക്കള കളയാന്‍ കീടനാശിനി പ്രയോഗിക്കും.പോള അഥവാ പായല്‍ വാരാന്‍ കൂലിച്ചെലവായതിനാല്‍ അതിനും വിഷപ്രയോഗം. പായല്‍ ചീഞ്ഞ് വെള്ളത്തിലലിയുമല്ലോ. പാടം വറ്റിയാല്‍പ്പിന്നെ അടുത്ത കൃഷിയിറക്കുന്നതിനുള്ള രാസവളപ്രയോഗമായി അങ്ങനെ പലതും ഈ മണ്ണിൽ നടക്കുന്നുണ്ട്.ഇതിലൂടെ മണ്ണും വെള്ളവും വിഷമയമാകുന്നതിന്റെ ചിത്രം വ്യക്തമാണ്. മനുഷ്യവിസര്‍ജ്യംമൂലമുണ്ടാകുന്ന ഇകോളി ബാക്ടീരിയ വെള്ളസാമ്പിളില്‍ പരമാവധി പത്തുമാത്രമേ പാടുള്ളൂ. കുട്ടനാട്ടിലെ വെള്ളത്തില്‍ അത് 1450വരെ കണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ജലനിരപ്പിന് കുറയുന്നു
മഴയുടെ ശക്തി കുറയുന്നത് മൂലം കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിലെ ജലനിരപ്പിൽ അൽപ്പം കുറവ് വരുന്നുണ്ട്. പ്രളയജലം കരകവിഞ്ഞൊഴുകിയതോടെ കിണറുകളിലടക്കം മലിന ജലം നിറഞ്ഞിരിക്കുകയാണ്.എന്നാൽ ശക്തമായ മഴ ഇനിയും ഉണ്ടായാൽ വീണ്ടും വെള്ളംനിറയും. വൈദ്യുതി മുടക്കവും പതിവാണ്. ഇത് മൂലംക്യാമ്പിലും കര പ്രദേശത്തെ ബന്ധുവീട്ടുകളിലും അഭയം തേടിയിരിക്കുകയാണ് ഭൂരിഭാഗം ആളുകൾ. പ്രധാനറോഡുകളിലടക്കം വെള്ളം കയറിയതോടെ ഉള്‍പ്രദേശങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. വീടുകള്‍ വെള്ളത്തില്‍ മുങ്ങിയതോടെ വയോധികരെയും രോഗികളെയും വള്ളങ്ങളിലും മറ്റുമായി ബന്ധുവീടുകളിലേക്ക് മാറ്റി.ബസ് സർവീടുകളും മുടങ്ങുന്നുണ്ട്.
കുട്ടനാടിന് കൈത്താങ്ങായി ഐ.ആര്‍.ഡബ്ല്യു
വെള്ളക്കെട്ടിൽ അകപ്പെട്ട് ദുരിതമനുഭവിക്കുന്ന കുട്ടനാട്ടുകാര്‍ക്ക് കൈത്താങ്ങാകുകയാണ് ജമാഅത്തെ ഇസ്‌ലാമി നേത്രത്വം നൽകുന്ന ഐ.ആര്‍.ഡബ്ല്യു(ഐഡിയല്‍ റിലീഫ് വിംഗ്). ദുരിതം വന്നുപതിഞ്ഞ ദിവസം മുതൽ കുട്ടനാട്ടിലെ വിവിധ ക്യാമ്പുകളില്‍ രാവും പകലും ഇവർ സേവനവുമായി എത്തി. പച്ചക്കറിയും ഭക്ഷണ വസ്തുക്കളും ഓരോ ദിവസവും ക്യാമ്പുകളിൽ എത്തിച്ചു നല്‍കുന്നുണ്ട്.കോ-ഓഡിനേറ്റർ കെ.എം റഷീദിന്റെ മേൽനോട്ടത്തിലാണ് ഓരോദിവസത്തെയും കാര്യങ്ങൾ ഒരുക്കുന്നത്.സേവനം ഒരുക്കി സ്ത്രീകളും സജീവമാണ്. ജില്ലയിലെ വിവിധ പ്രദേശത്തെ ഐ.ആര്‍.ഡബ്ല്യു വോളന്റിയർമാർ കുട്ടനാട്ടിൽ സജ്ജമാണ്.ജില്ലയിലെ പള്ളികളും ഇവരുമായി സഹകരിക്കുന്നുണ്ട്. കൂടാതെ മറ്റുചില സംഘടന പ്രവർത്തകരും ആവശ്യമായ സഹായങ്ങളും കുട്ടനാട്ടിൽ ഒരുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.