കട്ടപ്പന: വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് നിർത്തിയിട്ട ആംബുലൻസിന് മുമ്പിൽ വീണ കെ. എസ്.ഇ.ബി ജീവനക്കാരന് കനിവ് 108 ആംബുലൻസ് ജീവനക്കാർ രക്ഷകരായി. കെ.ഫോൺ ലൈൻ ജോലിക്കിടെ ലൈൻമാൻ ഇടുക്കി ചെറുതോണി സ്വദേശി അലിയാരാണ് (50) വൈദ്യുതി ആഘതമേറ്റ് ആംബുലൻസിനു മുമ്പിൽ വീണത്.
അടിമാലി - കുമളി ദേശീയ പാത 185 - ൽ കട്ടപ്പന വാഴവരയിൽ ഇന്നലെ ഉച്ചകഴിഞ്ഞു ഒരു മണിയോടെ യാണു സംഭവം. ലൈൻ വലിക്കുന്നതിനിടെയാണ് അലിയാർക്ക് ഷോക്കേറ്റത്. റോഡിനു കുറുകെ ലൈൻ കമ്പികൾ കിടന്നതിനാൽ ഈ സമയം ഇടുക്കിയിൽ നിന്ന് തിരികെ വരികയായിരുന്ന 108 ആംബുലൻസ് നിർത്തിയിടേണ്ടി വന്നു.
ഒപ്പം മറ്റു വാഹനങ്ങളും. റോഡ് ബ്ലോക്ക് ഒഴിവാക്കാൻ വൈദ്യുതി പോസ്റ്റിനു മുകളിൽ നിന്ന് കമ്പി മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ലൈൻമാനു ഷോക്കേൽക്കുന്നത്. ആംബുലൻസിനു മുമ്പിൽ റോഡിലേക്ക് ലൈൻമാൻ വീഴുന്നതുകണ്ട് ജീവനക്കാക്കാർ ഓടിയെത്തി.
പൈലറ്റ് ഷിനോസ് രാജൻ, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ അനൂപ് ജോർജ് എന്നിവരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. അബോധാവസ്‌ഥയിൽ വീണ അലിയാരുടെ ഹൃദത്തിെൻറ പ്രവർത്തനം ഒരു നിമിഷത്തേക്ക് നിലച്ചു പോയിരുന്നു. ജീവനക്കാർ അടിയന്തിര ജീവൻ രക്ഷപ്രവർത്തനം നടത്തി ഹൃദയത്തിെൻറ പ്രവർത്തനം വീണ്ടെടുത്തതാണ് ജീവൻ രക്ഷിച്ചത്.
ഒരു രോഗിയെ ആശുപത്രിയിലെത്തിച്ചുകഴിഞ്ഞു തിരികെ പോകുകയായിരുന്നു ആംബുലൻസ് ജീവനക്കാർ. ആരോഗ്യനില മെച്ചപ്പെട്ടു എന്ന് ഉറപ്പാക്കിയ ശേഷം ജീവനക്കാർ ഉടൻ തന്നെ അലിയാരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ശരീരത്തിൽ പൊള്ളൽ ഏറ്റിട്ടുണ്ടെങ്കിലും പരിക്ക്ഗുരുതരമല്ലെന്നും നിരീക്ഷണത്തിന് ശേഷം അലിയാർ ആശുപത്രി വിട്ടതായും ആശുപത്രി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.