കൊച്ചി: കളമശ്ശേരി കുസാറ്റ് ക്യാമ്പസിൽ ടെക് ഫെസ്റ്റിനോടനുബന്ധിച്ച ഗാനമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാല് വിദ്യാർഥികളെയും തിരിച്ചറിഞ്ഞു. കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, നോർത്ത് പറവൂർ സ്വദേശി ആൻ റിഫ്റ്റ (രണ്ടാം വർഷ ഇലക്ട്രോണിക് എൻജിനീയറിങ്), കോഴിക്കോട് താമരശ്ശേരി സ്വദേശി സാറ തോമസ് (രണ്ടാം വർഷ എൻജിനീയറിങ്), ഇതരസംസ്ഥാനക്കാരനായ ജിതേന്ദ്ര ദാമു എന്നീ വിദ്യാർഥികളാണ് മരിച്ചത്. നാലുപേരെയും മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്.
'ധിഷ്ണ' എന്ന പേരിൽ നടത്തിയ ടെക് ഫെസ്റ്റിന്‍റെ ഭാഗമായി പ്രശസ്ത ഗായിക നിഖിത ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഗാനസന്ധ്യയായിരുന്നു ഇന്ന് വൈകീട്ട് ക്യാമ്പസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്നുവന്നിരുന്നത്. ഇതിനിടെയിലുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് വിദ്യാർഥികൾ മരിച്ചത്. 72 വിദ്യാർഥികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരിൽ നാല് വിദ്യാർഥിനികളുടെ നില ഗുരുതരമാണ്.
എൻജിനീയറിങ് വിദ്യാർഥികളാണ് പരിപാടിക്കായി ഓഡിറ്റോറിയത്തിനകത്ത് ആദ്യം കയറിയത്. മറ്റ് ഡിപ്പാർട്മെന്‍റുകളിലെ വിദ്യാർഥികൾക്ക് കയറാൻ ഗേറ്റിനടുത്ത് വൻ തിരക്ക് അനുഭവപ്പെട്ടിരുന്നു. പുറത്ത് മഴ പെയ്തതും കൂടുതൽ കുട്ടികൾ ഓഡിറ്റോറിയത്തിലേക്ക് വരാൻ കാരണമായി.
ഗേറ്റ് തുറന്നതോടെ വിദ്യാർഥികൾ കൂട്ടമായി തിക്കിത്തിരക്കി ഉള്ളിലേക്ക് കടന്നു. ഗേറ്റ് കടക്കുന്നയുടൻ താഴേക്ക് സ്റ്റെപ്പുകളാണ്. ഈ സ്റ്റെപ്പിലാണ് ആദ്യം കുട്ടികൾ വീണത്. പിന്നാലെയെത്തിയവർ ഇവർക്ക് മേലെ വീണു. പിറകിൽ നിന്ന് വീണ്ടും വീണ്ടും തിരക്കുണ്ടായതോടെ വീണവർ അടിയിൽ കുടുങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.