ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ്​ വാഹനങ്ങൾ​ സ്റ്റേജ് കാര്യേജായി സർവിസ്​ നടത്തിയാൽ നടപടിയെടുക്കാം - ഹൈകോടതി

കൊച്ചി: ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുള്ള വാഹനങ്ങൾ​ സാധാരണ പാസഞ്ചർ ബസ്​ പോലെ സ്റ്റേജ് കാര്യേജായി സർവിസ്​ നടത്തിയാൽ അധികൃതർക്ക്​ നടപടിയെടുക്കാമെന്ന്​ ഹൈകോടതി. ടൂറിസ്റ്റ് പെര്‍മിറ്റെടുത്ത് സ്റ്റേജ് കാര്യേജ് സർവിസ് നടത്തിയതിന് പിഴ ഈടാക്കിയത് ചോദ്യം ചെയ്ത് ബസുടമയായ കൊല്ലം സ്വദേശി അബ്ദുല്ല എച്ച്. നൗഷാദ് അടക്കം ഫയല്‍ ചെയ്ത ഹരജിയിലാണ് സിംഗ്​ള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

ഹരജിക്കാർ ടൂറിസ്റ്റ് പെര്‍മിറ്റിന്‍റെ മറവിൽ സ്റ്റേജ് കാര്യേജ് സർവിസ് നടത്തിയെന്നും ഇതിനാണ്​ പിഴ ചുമത്തിയതെന്നുമായിരുന്നു സർക്കാറിന്‍റെ വാദം. എന്നാല്‍, ഇത്തരത്തിൽ സർവിസ്​ നടത്തിയ വാഹനത്തിൽനിന്ന്​ പിഴ ഈടാക്കുന്നത്​ തടഞ്ഞ്​ കോടതിയിൽനിന്ന്​ ഇടക്കാല ഉത്തരവുണ്ടായിട്ടുണ്ടെന്ന്​ ​റോബിന്‍ ബസ്​ ഉടമയടക്കം നൽകിയ ഹരജിയിലെ ഉത്തരവ്​ പരാമർശിച്ച്​ ഹരജിക്കാ​ർ ചൂണ്ടിക്കാട്ടി.

ജസ്റ്റിസ്​ ദിനേശ്​ കുമാർ സിങ്ങിന്‍റേതാണ് ഉത്തരവ്​. പെർമിറ്റ്​ വ്യവസ്ഥകൾ ലംഘിച്ച്​ സർവിസ്​ നടത്തുന്ന വാഹനങ്ങൾക്ക്​ അനുമതി നൽകാനാവില്ലെന്ന്​ കോടതി വിലയിരുത്തി. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റുള്ള വാഹനങ്ങള്‍ സ്റ്റേജ് കാര്യേജായി ഓടുന്നത് കെ.എസ്.ആര്‍.ടി.സി അടക്കം സ്റ്റേജ് കാര്യേജ് സർവിസ് നടത്തുന്നവരെ പ്രതികൂലമായി ബാധിക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടു.

ഹരജിക്കാര്‍ പെര്‍മിറ്റ് വ്യവസ്ഥ ലംഘിക്കുന്നുണ്ടെങ്കില്‍ പിഴ ഈടാക്കാം. വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ പിഴത്തുകയുടെ 50 ശതമാനം അടക്കാന്‍ നിർദേശിച്ചു. ബാക്കി തുകയുടെ കാര്യം ഹരജിയുടെ തീര്‍പ്പിന് വിധേയമായിരിക്കുമെന്നും വ്യക്തമാക്കി. തുടർന്ന്​ ഈ ഹരജി മറ്റ്​ സമാന ഹരജികൾക്കൊപ്പം പരിഗണിക്കാൻ മാറ്റി.

അതേസമയം, ചെക്ക് കേസിൽ അറസ്റ്റിലായ റോബിൻ ബസ്സുടമ ഗിരീഷിന് ജാമ്യം ലഭിച്ചു. 2012ലെ ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് പാലായിലെ വീട്ടിൽനിന്ന് ഗിരീഷിനെ അറസ്റ്റ് ചെയ്തിരുന്നത്. കോട്ടയത്തെ വീട്ടിൽനിന്നും അറസ്റ്റ് ചെയ്ത് എറണാകുളം മരട് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും പിന്നീട് കോടതിയിൽ ഹാജരാക്കുകയുമായിരുന്നു.

കഴിഞ്ഞ ദിവസം തുടർച്ചയായ പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി റോബിൻ ബസ് എം.വി.ഡി പിടിച്ചെടുത്ത് പത്തനംതിട്ട എ.ആർ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ബസിന്റെ പെർമിറ്റും ഡ്രൈവർമാരുടെ ലൈസൻസും റദ്ദാക്കാൻ നടപടി തുടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് ഗിരീഷിനെ അറസ്റ്റ് ചെയ്തത്. സർക്കാർ വേട്ടയാടുകയാണെന്ന് ഗിരീഷ് പറയുന്നു. എന്നാൽ, ദീർഘകാലമായുള്ള വാറന്റ് നടപ്പാക്കുക മാത്രമാണ് ഉണ്ടായതെന്നാണ് പൊലീസ് വിശദീകരണം.

Tags:    
News Summary - All India Tourist Permit vehicles cannot be used as stage carriage says HC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.