മന്ത്രി വീണ ജോർജിന്റെ ഭർത്താവിനെതിരെ ആരോപണം: സി.പി.എം ജില്ല കമ്മിറ്റി അംഗത്തിന് പാർട്ടി താക്കീത്

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഭർത്താവിനെതിരെ ആരോപണം ഉന്നയിച്ച സി.പി.എം ജില്ല കമ്മിറ്റി അംഗത്തിന് പാർട്ടിയുടെ താക്കീത്. കൊടുമൺ പ‍ഞ്ചായത്ത് പ്രസിഡന്‍റായ കെ.കെ. ശ്രീധരനെയാണ് സി.പി.എം താക്കീത് ചെയ്തത്. മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫ് ഇടപെട്ട് കിഫ്ബി റോഡ് നിർമാണത്തിൽ ഓടയുടെ ഗതി മാറ്റിച്ചെന്ന് ശ്രീധരൻ മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചിരുന്നു. തുടർന്ന് പാർട്ടിക്കുള്ളിൽ ഭിന്നത രൂക്ഷമായിരുന്നു. കഴിഞ്ഞ ദിവസം നടന്ന ജില്ല കമ്മിറ്റിയിൽ വിഷയം ചർച്ചക്ക് വന്നു. കൊടുമൺ ഏരിയ സെക്രട്ടറി ഉൾപ്പെടെ ചില നേതാക്കൾ ശ്രീധരനെതിരെ നടപടി ആവശ്യപ്പെട്ടു.

എന്നാൽ, ഭൂരിഭാഗം പേരും ഇതിനോട് യോജിച്ചില്ല. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഓടയുടെ നിർമാണത്തിന്റെ ഗതി ജോർജ് ജോസഫ് മാറ്റുന്നതായാണ് ശ്രീധരൻ ആരോപിച്ചത്. ജില്ല സെക്രട്ടറി സ്ഥലത്തെത്തി വിവാദസ്ഥലത്ത് ഓട പണി ആരംഭിക്കാൻ നിർദേശം കൊടുത്തതോടെയാണ് എതിർപ്പുമായി കെ.കെ. ശ്രീധരൻ മുന്നോട്ടുവന്നത്. തുടർന്ന് പ്രതിഷേധവുമായി കോൺഗ്രസും എത്തി. ഓടയുടെ അലൈൻമെന്‍റ് മാറ്റിയത് സി.പി.എമ്മിൽ ഭിന്നത രൂക്ഷമാക്കിയിരുന്നു.

ഏഴംകുളം-കൈപ്പട്ടൂർ റോഡിൽ കൊടുമൺ സ്റ്റേഡിയത്തിന് സമീപമുള്ള വീണ ജോർജിന്‍റെ ഭർത്താവ് ജോർജ് ജോസഫിന്‍റെ കെട്ടിടം സംരക്ഷിക്കാൻ സംസ്ഥാന പാതയുടെ ഓടയുടെ അലൈൻമെന്റിൽ മാറ്റംവരുത്തിയതായാണ് ആരോപണം ഉയർന്നത്. 12 മീ. വീതിയിൽ നിർമിക്കുന്ന റോഡിൽ ഓട നിർമാണത്തിന്റെ ഗതിമാറ്റിയാൽ റോഡിന്റെ വീതി കുറയുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം നടന്നത്. തർക്കങ്ങൾക്കും സംഘർഷങ്ങൾക്കുമൊടുവിൽ പൊലീസ് സാന്നിധ്യത്തിലാണ് ഓട പണി പൂർത്തിയാക്കിയത്. 40 കോടി രൂപ ചെലവിട്ടാണ് റോഡ് നിർമാണം നടക്കുന്നത്. ഇതിനിടെ പുറമ്പോക്ക് കൈയേറ്റം സംബന്ധിച്ച പരാതികളും ഉയർന്നിട്ടുണ്ട്. ജോർജ് ജോസഫ് പുറമ്പോക്ക് കൈയേറിയതായി കോൺഗ്രസ് ആരോപിച്ചിരുന്നു.

എന്നാൽ, ഓട നിർമാണവുമായി ബന്ധപ്പെട്ട് തർക്കമുന്നയിച്ച ഭാഗത്ത് റോഡിന്‍റെ വീതി 17 മീറ്ററാണെന്നും ഇത്രയും വീതി മറ്റൊരിടത്തും ഇല്ലെന്നുമാണ് ജോർജ് ജോസഫ് പറഞ്ഞത്‌. തുടർന്ന് ജോർജ് ജോസഫ് കോൺഗ്രസിന്‍റെ കൊടുമൺ മണ്ഡലം കമ്മിറ്റി ഓഫിസിന്‍റെ മുൻവശം റോഡ് പുറമ്പോക്ക് കൈയേറിയതായി കാണിച്ച് കലക്ടർക്ക് പരാതി നൽകി. തുടർന്ന് അധികൃതർ റോഡിന്‍റെ ഇരുവശങ്ങളും അളന്നു. റോഡിന്‍റെ ഇരുവശങ്ങളിലും കൈയേറ്റം നടന്നതായാണ് റിപ്പോർട്ട്. എന്നാൽ, ജോർജ്‌ ജോസഫ് സ്ഥലം കൈയേറിയിട്ടില്ലെന്നുമാണ് റിപ്പോർട്ട്. ഈ റിപ്പോർട്ടിന്‍റെ ബലത്തിലാണ് പ്രതിഷേധം ഉയർത്തിയ മുതിർന്ന നേതാവിനെതിരെ നടപടിക്ക് ഒരുവിഭാഗം മുറവിളി ഉയർത്തിയത്. എന്നാൽ, ജില്ല കമ്മിറ്റിയിൽ പങ്കെടുത്ത സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം തോമസ് ഐസക് മുതിർന്ന നേതാവിനെതിരെ കടുത്ത നടപടി പാടില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതോടെയാണ് താക്കീതിൽ ഒതുക്കിയത്.

Tags:    
News Summary - Allegation against minister Veena George's husband: Party warning to CPM district committee member

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.