മാർ പാംബ്ലാനി സംഘ്​പരിവാറിനെക്കാൾ തരംതാഴുന്നു -അൽമായ മുന്നേറ്റം

കൊച്ചി: തലശ്ശേരി ആർച് ബിഷപ് മാർ ജോസഫ് പാംബ്ലാനി സംഘ്​പരിവാർ നിലവാരത്തിൽനിന്ന്​ താഴേക്ക് പോകുന്നുവെന്ന് അൽമായ മുന്നേറ്റം എറണാകുളം അതിരൂപത സമിതി. സംഘ്​പരിവാർ സംഘടനകൾപോലും വിചാരധാരയിൽ ക്രിസ്ത്യാനികളെക്കുറിച്ച പരാമർശം തള്ളിപ്പറയാനോ അത് അന്നത്തെ കാലഘട്ടത്തിൽ എഴുതിയതാണ് എന്ന് പറഞ്ഞ്​ ന്യായീകരിക്കാനോ ശ്രമിച്ചിട്ടില്ല. എന്നിട്ടും അതിനെ ലഘൂകരിക്കാനുള്ള മാർ പാംബ്ലാനിയുടെ ശ്രമം അദ്ദേഹം സാധാരണ സംഘിയെക്കാൾ തരംതാഴുന്നു എന്നതിന്‍റെ തെളിവാണെന്നും പ്രസ്താവനയിൽ പരിഹസിച്ചു.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർ നേരിടുന്ന അക്രമങ്ങളും ക്രിസ്ത്യൻ പള്ളികൾ അടിച്ചുതകർക്കുന്നതും മറ്റും മാർ പാംബ്ലാനി അറിയാതെയല്ല ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തുന്നത്. സ്വാർഥ താൽപര്യങ്ങൾക്കായി ക്രിസ്ത്യൻ സമൂഹത്തെ മുഴുവൻ സംഘ്​പരിവാർ അജണ്ടക്കുവേണ്ടി ഒറ്റുകൊടുക്കുകയാണെന്ന് അൽമായ മുന്നേറ്റം കൺവീനർ ജെമി അഗസ്റ്റിൻ, വക്താവ് റിജു കാഞ്ഞൂക്കാരൻ എന്നിവർ ആരോപിച്ചു.

റബറിന് 300 രൂപ തന്നാൽ ബി.ജെ.പിക്ക് പിന്തുണ വാഗ്ദാനം ചെയ്യുന്നത് 2000 വർഷം മുമ്പ്​ 30 വെള്ളിക്കാശ് തന്നാൽ ക്രിസ്തുവിനെ കാണിച്ചുതരാമെന്ന് പറഞ്ഞ യൂദാസും തമ്മിൽ കാലഘട്ടത്തിന്‍റെ വ്യത്യാസം മാത്രമാണുള്ളതെന്ന് അൽമായ മുന്നേറ്റം ആരോപിച്ചു. 

Tags:    
News Summary - Almaya Munnettom against bishop pamplany

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.