പത്തനാപുരം: തോട്ടം തൊഴിലാളികളും മലയോരകര്‍ഷകരും തിങ്ങിപ്പാര്‍ക്കുന്ന പത്തനാപുരം നിയോജകമണ്ഡലത്തിന് ഇടതിനെയും വലതിനെയും മാറിമാറി ഭരണസിരാകേന്ദ്രത്തിലേക്ക് അയച്ച ചരിത്രമാണുള്ളത്. തീ പാറുന്ന മത്സരങ്ങൾക്കും ഫോട്ടോ ഫിനിഷുകൾക്കും അനായാസവിജയങ്ങൾക്കുമെല്ലാം മണ്ഡലം സാക്ഷിയായിട്ടുണ്ട്.
മാവേലിക്കര പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെടുന്ന പത്തനാപുരം ഏട്ട് പഞ്ചായത്തുകളുടെ സംഗമഭൂമി കൂടിയാണ്. കോൺഗ്രസിന് ഏറെ സ്വാധീനമുള്ള തലവൂരും പട്ടാഴിയും വിളക്കുടിയും വെട്ടിക്കവലയും ഇടതു പാരമ്പര്യമുള്ള മേലിലയും പത്തനാപുരവും പട്ടാഴി വടക്കും പിറവന്തൂരും ചേരുമ്പോൾ പത്തനാപുരം മണ്ഡലത്തിന്റെ ചിത്രം ഏറക്കുറെ പൂർണമാകും. എൻ.എസ്.എസ്, എസ്.എൻ.ഡി. പി വോട്ട് ബാങ്കുകൾക്കും ചെറുതല്ലാത്ത സ്വാധീനം മണ്ഡലത്തിൽ ഉണ്ട്.
ഇടതുമുന്നണിക്കെതിരെ എന്‍.എസ്.എസ് കഴിഞ്ഞ തവണ സ്വീകരിച്ച നിലപാട് ലോക്സഭ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചിരുന്നു. വർഷങ്ങളായി മത്സരരംഗത്തുള്ള എന്‍.ഡി.എക്ക് ഇതുവരെ നിർണായകശക്തിയാകാൻ കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത. 1957 മുതല്‍ 11 തവണ എല്‍.ഡി.എഫും നാലു തവണ യു.ഡി.എഫുമാണ് സമാജികരായത്. എന്നാല്‍, ലോക്സഭയിലേക്ക് അധികവും കോണ്‍ഗ്രസിന് അനുകൂലമായാണ് വോട്ടുകള്‍ വീഴുക.
2006ൽ ജില്ലയിലെ എല്ലാ സീറ്റുകളും ഇടതിന് അനൂകൂലമായപ്പോൾ പത്തനാപുരം മാത്രം വലത്തോട്ട് ചാഞ്ഞു. കേരള കോണ്‍ഗ്രസ്-ബി പ്രതിനിധിയായ കെ.ബി. ഗണേഷ് കുമാറാണ് വിജയിച്ചത്.സംസ്ഥാനത്തെ 120 ാമത്തെ മണ്ഡലം ഒരിക്കലും കൊടിയുടെ നിറം നോക്കി വോട്ട് ചെയ്തിട്ടില്ല.
യു.ഡി.എഫില്‍ ആയിരുന്നപ്പോഴും എല്‍.ഡി.എഫില്‍ ആയിരുന്നപ്പോഴും വിജയം കേരള കോണ്‍ഗ്രസ്-ബിക്കായിരുന്നു. മുന്‍ മന്ത്രിയായിരുന്ന ആര്. ബാലകൃഷ്ണപിള്ളയുടെ ശിഷ്യനെന്ന പരിഗണയിലാണ് ആദ്യം കൊടിക്കുന്നില്‍ സുരേഷ് മണ്ഡലത്തിലേക്ക് എത്തുന്നത്.
ലോക്സഭ മണ്ഡലം എന്നനിലയിൽ വർഷങ്ങളായി കൊടിക്കുന്നിൽ സുരേഷാണ് ഡൽഹിക്ക് പറക്കുന്നത്. എന്നാൽ, രാഷ്ട്രീയ സമവാക്യങ്ങളെല്ലാം അട്ടിമറിക്കുന്നതായിരുന്നു ഇത്തവണത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം. എട്ട് പഞ്ചായത്തുകളിൽ ആറിനെയും ചുവപ്പിച്ചുകൊണ്ടാണ് വിധി വന്നത്. വെട്ടിക്കവലയിലും വിളക്കുടിയിലും മാത്രമാണ് യു.ഡി.എഫിനെ പിന്തുണച്ചത്. ആദ്യപകുതി പിന്നിട്ടപ്പോള്‍തന്നെ വിളക്കുടി യു.ഡി.എഫിന് നഷ്ടമാകുകയും ചെയ്തു.
ആദിവാസിവിഭാഗങ്ങളും തോട്ടം തൊഴിലാളികളും നിരവധിയുള്ള മണ്ഡലത്തില്‍ എല്‍.ഡി.എഫ് അനുകൂലകാറ്റാണ് വീശുന്നത്. എന്നാല്‍, ലോക്സഭയിലേക്ക് യു.ഡി.എഫിന്റെ കൊടിക്കുന്നില്‍ സുരേഷിനാണ് കഴിഞ്ഞ തവണവരെ വിജയം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ പതിനാലായിരത്തിന് മുകളിലായിരുന്നു ഭൂരിപക്ഷം.
ആകെ 1,82,544 വോട്ടര്‍മാരുള്ള പത്തനാപുരം മണ്ഡലത്തില്‍ 85,769 പുരുഷവോട്ടര്‍മാരും 96,775 സ്ത്രീ വോട്ടറുമാരുമാണുള്ളത്. ഇത്തവണയും ശക്തമായ പോരാട്ടമാണ് പത്തനാപുരം നിയോജകമണ്ഡലത്തിലുള്ളത്. ആദ്യം മുതല്‍ പ്രചാരണം ആരംഭിച്ച എല്‍.ഡി.എഫും സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പ് ഗോദയിലുള്ളപ്പോള് വോട്ടിങ് നില മെച്ചപ്പെടുത്തുകയാണ് എന്‍.ഡി.എ ലക്ഷ്യം. മുന്‍കൊല്ലങ്ങളെ അപേക്ഷിച്ച് അവസാന ലാപ്പില്‍ വരെ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.