കോട്ടയം: കുട്ടികളിൽ ഇതര മതവിദ്വേഷം വളർത്തി ചങ്ങനാശ്ശേരി അതിരൂപതക്ക് കീഴിലെ ചെറുപുഷ്പ മിഷൻ ലീഗ് മതപഠന പുസ്തകം. ഇതര മതവിശ്വാസികൾ ദൈവവിരുദ്ധരാണെന്നും ഹലാൽ ഭക്ഷണം കഴിക്കരുതെന്നും സ്ഥാപിക്കുന്ന പുസ്തകം അഞ്ചാം ക്ലാസിലാണ് പഠിപ്പിക്കുന്നത്. പുസ്തക സ്വാധീനം അറിയാൻ കുട്ടികളെ വൈവ പരീക്ഷക്കും വിധേയരാക്കി. പുസ്തകത്തിനെതിരെ രക്ഷിതാക്കളിൽ കടുത്ത എതിർപ്പ് ഉയർന്നിട്ടുണ്ടെങ്കിലും സഭ ഗൗരവത്തിലെടുത്തിട്ടില്ല.
കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി പറയുന്ന രീതിയിൽ തയാറാക്കപ്പെട്ട പുസ്തകം ഇസ്ലാം, ഹൈന്ദവ മതങ്ങളെ കുറിച്ച് തെറ്റിദ്ധാരണജനകമായ രീതിയിലാണ് വിശദീകരിക്കുന്നത്. ബൈബിളിലെ ഈശോയും ഖുർആനിലെ ഈസ നബിയും ഒന്നല്ലെന്ന് പറയുന്ന പുസ്തകം മുഹമ്മദീയ മതം ആരംഭിച്ച ആദ്യകാലഘട്ടത്തിൽതന്നെ അതിനെ ഒരു ‘പാഷണ്ഡത’ ആയാണ് സഭാ പിതാവായ വിശുദ്ധ ജോൺ ഡമഷീൻ അടക്കം പല വിശുദ്ധരും കണ്ടതെന്നും പഠിപ്പിക്കുന്നു. ഇസ്ലാമിനെയും ക്രിസ്തുമതത്തെയും താരതമ്യം ചെയ്യുന്ന ഭാഗങ്ങളിൽ പല വരികളും മഷി ഉപയോഗിച്ച് മറച്ചിട്ടുണ്ട്. ഗുരുതര പരാമർശങ്ങളായതിനാലാണിതെന്നാണ് രക്ഷിതാക്കളുടെ ആരോപണം.
ഹൈന്ദവർ മുഹൂർത്തം, രാഹുകാലം, ജ്യോതിഷം തുടങ്ങിയവ നോക്കുന്നത് ദൈവപദ്ധതിക്ക് വിരുദ്ധമാണെന്നും പെന്തക്കോസ്തുകാർ തിരുവചനത്തെ ദുർവ്യാഖ്യാനം ചെയ്യുന്നവരാണെന്നും അവരുടെ പള്ളിയിൽ പ്രവേശിക്കരുതെന്നും പഠിപ്പിക്കുന്നുണ്ട്. മാധ്യമങ്ങൾ പറയുന്നത് വിശ്വസിക്കരുത് എന്ന് ആഹ്വാനം ചെയ്യുന്ന ഭാഗത്ത് മാധ്യമങ്ങൾക്ക് സത്യവും വിശ്വസ്തതയുമില്ല എന്ന് സ്ഥാപിക്കാൻ ലൂസിഫർ, ജനഗണമന എന്നീ സിനിമകളിലെ രംഗങ്ങൾ ഉദാഹരിക്കുന്നു. അതിരൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി വിവിധ വിഷയങ്ങൾ ഓരോ വർഷവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താറുണ്ട്.
അതിന്‍റെ ഭാഗമായി നാലും അഞ്ചും വർഷത്തെ വിഷയങ്ങളായ ‘വിശ്വാസവഴികളിലൂടെ’, ‘ജീവിത പൂർണതയിലേക്ക്’ എന്നിവ ഒന്നിച്ച് ചേർത്ത് അഞ്ചാം വർഷത്തെ വിശ്വാസവും കൃസ്തീയ ധാർമികതയും എന്ന വിഷയം ക്രമീകരിച്ചിരുന്നു. ഈ വിഷയത്തെ ആസ്പദമാക്കി അതിരൂപത അംഗങ്ങൾക്ക് പഠനത്തിനും വിചിന്തനത്തിനുമായി നൽകിയ പഠനഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാണ് സിസ്റ്റർ ജെ.എസ്. ജെസ്ലിൻ തോമസ് എഴുതിയ ‘സുകൃതവഴിയിലൂടെ’ എന്ന പഠനഗ്രന്ഥവും തയാറാക്കിയിരിക്കുന്നത്.
വിശ്വാസം സംബന്ധിച്ച കുട്ടികളുടെ സംശയങ്ങൾ ദൂരീകരിക്കാനും പഠനങ്ങളിലെ ആശയക്കുഴപ്പങ്ങൾ മാറ്റാനുമാണ് പുസ്തകത്തിൽ ശ്രമിച്ചിട്ടുള്ളതെന്ന് ചെറുപുഷ്പ മിഷൻലീഗ് ഡയറക്ടർ ഫാ. ആൻഡ്രൂസ് പാണംപറമ്പിൽ ‘മാധ്യമ’ത്തോടു പറഞ്ഞു. മുൻവിധിയോടെ പുസ്തകത്തെ കാണരുതെന്നും ആവശ്യപ്പെട്ടു. ക്രൈസ്തവ വിശ്വാസം എന്താണെന്ന് ലളിത ഭാഷയിൽ കുട്ടികളെ മനസ്സിലാക്കുന്നതിനുള്ള ശ്രമം മാത്രമാണ് ഗ്രന്ഥത്തിലൂടെ നടത്തിയിരിക്കുന്നതെന്ന് അതിരൂപത പി.ആർ.ഒ അഡ്വ. ജോജി ചിറയിലും പറഞ്ഞു. ഇതരമതങ്ങളെ മോശമായി ചിത്രീകരിക്കാനോ മതവികാരം വ്രണപ്പെടുത്താനോ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.