ന്യൂഡൽഹി: സിൽവർ ലൈനിന്റെ ബദൽ പദ്ധതി ചർച്ച ചെയ്യാൻ കേരള എം. പിമാരുടെ യോഗം വിളിക്കണമെന്ന് കേന്ദ്രറെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനോട് കേരളത്തിൽ നിന്നുള്ള ബി.ജെ.പി പ്രതിനിധി സംഘം ആവശ്യപ്പെട്ടു. കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ ഓടിക്കാവുന്ന വികസനമാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നതെന്നും അക്കാര്യം കേരളത്തിലെ മുഴുവൻ എം.പിമാരുമായും ചർച്ച ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. കേരള സംഘം കേന്ദ്ര റെയിൽവേ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേമം ടെർമിനൽ പദ്ധതി ഒരു കാരണവശാലും ഉപേക്ഷിക്കില്ലെന്ന് അശ്വിനി വൈഷ്ണവ് അറിയിച്ചതായി മുരളീധരൻ വ്യക്തമാക്കി. പദ്ധതി ഉപേക്ഷിക്കുകയാണെന്ന റിപ്പോർട്ടുകളിൽ സംസ്ഥാനത്തിനുള്ള ആശങ്ക മന്ത്രിയെ അറിയിച്ചെന്നും അനുകൂല ഉത്തരവ് ഉടൻ ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയതായും മുരളീധരൻ തുടർന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെ തിരക്ക് കുറക്കാനുള്ള പദ്ധതി വൈകുന്നത് സംഘം മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. പരിമിത സൗകര്യങ്ങൾ മാത്രമുള്ള കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്കായി ലിഫ്റ്റ് നിർമാണം അടക്കം ഉൾപ്പെടുത്തി സമഗ്രവികസനത്തിനുള്ള നടപടികളുണ്ടാകണമെന്നും പ്രതിനിധി സംഘം റെയിൽ മന്ത്രിയോടാവശ്യപ്പെട്ടു.
റെയിൽവേ മന്ത്രിയെ കാണാൻ മൂന്ന് മന്ത്രിമാർ
ന്യൂഡൽഹി: നേമം കോച്ചിങ് ടെർമിനലുമായി ബന്ധപ്പെട്ടും തിരുവനന്തപുരം സെൻട്രൽ സ്റ്റേഷന്റെയും കൊച്ചുവേളി റെയിൽവേ സ്റ്റേഷന്റെയും വികസനം സംബന്ധിച്ചുമുള്ള നിവേദനവുമായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനെ കാണാൻ മന്ത്രിമാരായ വി. ശിവൻകുട്ടി, അഡ്വ. ജി.ആർ. അനിൽ, അഡ്വ. ആന്റണി രാജു തുടങ്ങിയവർ ഡൽഹിയിലെത്തി.
പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുകളുമായി ബന്ധപ്പെട്ട് മന്ത്രി വി. ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവ് എന്നിവരെയും കാണും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.