ആലുവ: തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ സ്വാതന്ത്ര്യ പോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകർന്ന മണ്ണായിരുന്നു ആലുവ. കൊച്ചി മേഖലയില്‍ പ്രവർത്തകർക്ക് ഏറെ ആവേശവും സുരക്ഷിതത്വവും നൽകിയ ആലുവ, ആലങ്ങാട് തുടങ്ങിയ പ്രദേശങ്ങള്‍ കൊച്ചി രാജാവ് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തിരുവിതാംകൂറിന് സമ്മാനമായി നല്‍കുകയായിരുന്നു. ബ്രിട്ടീഷുകാരുടെ ചൊൽപ്പടിക്ക് നിന്നവയില്‍ കൂടുതല്‍ കൂറ് കാണിച്ച രാജ്യമായതിനാല്‍ തിരുവിതാംകൂറില്‍ സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്കും ശക്തി കൂടുതലായിരുന്നു.
1938ലാണ് ആലുവയില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപവത്കരിച്ചത്. ഇടപ്പള്ളി സ്വദേശി എ.വി. ജോസഫാണ് പ്രസ്ഥാനത്തിന് ആലുവയില്‍ നേതൃത്വം നല്‍കിയിരുന്നത്. ചന്തപ്പള്ളിക്ക് സമീപം ജോസഫിന്റെ വീടിന്റെ രണ്ടാംനില സംഘടനയുടെ പ്രവര്‍ത്തനത്തിനായി തുറന്നുകൊടുക്കുകയായിരുന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചൊവ്വരയിലാണ് പലപ്പോഴും യോഗം ചേര്‍ന്നിരുന്നത്. സര് സി.പിയുടെ രഹസ്യപൊലീസില്നിന്ന് ഒഴിഞ്ഞുമാറി ആലുവയിലെ പ്രവര്‍ത്തകര്‍ യോഗം ചേർന്നതും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചതും ഇടപ്പള്ളിയിലും എറണാകുളം ദര്‍ബാര്‍ ഹാളിന് എതിര്‍വശത്തെ സ്റ്റേറ്റ് കോണ്‍ഗ്രസ് ഓഫിസിലുമാണ്. 1938 ആഗസ്റ്റ് 26ന് വൈകീട്ട് അഞ്ചിന് ആലുവയിലെ ഉയര്‍ന്ന പ്രദേശമായ ഇന്നത്തെ പമ്പ്കവല ഭാഗത്താണ് നിയമനിഷേധ സമരം നടത്തിയത്.
തിരുവിതാംകൂറില്‍ ആദ്യത്തെ വിദ്യാര്‍ഥികളുടെ ക്ലാസ് ബഹിഷ്കരണ സമരം നടന്നത് ആലുവ സെന്റ് മേരീസ് സ്കൂളിലാണ്. 1946ല്‍ കൊൽക്കത്തയില്‍ പൊലീസ് വെടിവെപ്പില്‍ നാല് കോളജ് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ഇതില്‍നിന്ന് ആവേശം ഉൾക്കൊണ്ട യു.സി കോളജ് വിദ്യാര്‍ഥികള്‍ അടുത്തദിവസം ക്ലാസ് ബഹിഷ്കരിച്ചു.
വിദ്യാര്‍ഥികളെ നിയന്ത്രിച്ചില്ലെങ്കില്‍ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുമെന്ന സി.പി. രാമസ്വാമി അയ്യരുടെ ഭീഷണിയെ, വിദ്യാര്‍ഥികളെ നിയന്ത്രിക്കാന്‍ തങ്ങള്‍ക്ക് അറിയാമെന്ന മറുപടികൊണ്ടാണ് അധ്യാപകര്‍ നേരിട്ടത്. 1925 മാർച്ച് 18ന് മഹാത്മാഗാന്ധി യു.സി കോളജ് സന്ദർശിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.