ആലുവ: അഞ്ചു വയസ്സുകാരിയുടെ ക്രൂരമായ കൊലക്ക് സാക്ഷിയായ ആലുവ നഗരസഭ മാർക്കറ്റ് ഇന്നും സാമൂഹിക വിരുദ്ധരുടെ സുരക്ഷിത താവളം. ഗുണ്ടകളും അനാശാസ്യക്കാരും ലഹരി ഇടപാടുകാരും പ്രധാനമായും മാർക്കറ്റിലാണ് തമ്പടിക്കുന്നത്. പകൽ വെളിച്ചത്തിൽ പോലും ഒരു കുട്ടിയെ പൈശാചികമായി കൊലപ്പെടുത്താനുള്ള സാഹചര്യം മാർക്കറ്റിൽ നിലനിൽക്കുന്നു എന്നത് ഞെട്ടിക്കുന്നതാണ്. ആധുനിക രീതിയിൽ പൊതുമാർക്കറ്റ് ഉടൻ പണിയാനെന്ന് പറഞ്ഞ് നിലവിലെ മാർക്കറ്റ് കെട്ടിടങ്ങൾ പൊളിച്ചതോടെയാണ് സാമൂഹിക വിരുദ്ധ കേന്ദ്രമായി ഇവിടം മാറിയത്. നിർമാണം വൈകിയതോടെ മാർക്കറ്റിലെയും നഗരത്തിലെയും മാലിന്യം തള്ളാനുള്ള സ്ഥലമായി പദ്ധതി പ്രദേശവും മാർക്കറ്റിലെ പുഴയോരവും മാറി. ഇതോടെ ഈ ഭാഗത്തേക്ക് ആരും വരാതായി.
മത്സ്യ- മാംസ മാർക്കറ്റ് കെട്ടിടങ്ങളിലും സാമൂഹ്യവിരുദ്ധർ തമ്പടിക്കുന്നുണ്ട്. രാപകൽ ഭേദമെന്യേ നിരവധിയാളുകളാണ് ഇവിടെ വന്നുപോകുന്നത്. ചിലർ ഇവിടെയാണ് ഉറങ്ങുന്നതുപോലും. രണ്ട് നില കെട്ടിടത്തിന്റെ താഴെ മാത്രമാണ് കച്ചവടക്കാരുള്ളത്. മുകൾ നിലയിലെ മുറികൾ അടഞ്ഞുകിടക്കുകയാണ്. ഇവിടെ രാത്രിയും പകലും സാമൂഹികവിരുദ്ധ ശല്യമുള്ളതായി നേരത്തെ ആക്ഷേപമുണ്ട്. ചോദ്യം ചെയ്യുന്ന കച്ചവടക്കാരെ സംഘം ഭീഷണിപ്പെടുത്തും.
ഒഴിഞ്ഞ പ്രദേശമായതിനാൽ ഇവിടേക്ക് ആരുടെയും ശ്രദ്ധ പെട്ടെന്ന് ചെന്നെത്തില്ല. അതിനാൽ തന്നെ ലഹരി മാഫിയകൾക്ക് ഇടപാടുകൾ നടത്താൻ എളുപ്പമാണ്. മദ്യപാനികൾക്കും ഒഴിഞ്ഞു കിടക്കുന്ന പ്രദേശങ്ങളും ഈ കെട്ടിടവും ആശ്രയകേന്ദ്രമാണ്. ഇത്തരക്കാർ തമ്മിൽ അടിപിടിയും പതിവാണ്. കുട്ടിയുടെ കൊലപാതകത്തോടെ മാർക്കറ്റിന്റെ ശോച്യാവസ്ഥക്കെതിരെ ജനരോഷമുയർന്നിരുന്നു. തുടർന്ന് മൃതദേഹം കണ്ടെത്തിയ പ്രദേശത്തെ മാലിന്യമെല്ലാം അവിടെത്തന്നെ നിരത്തി മണ്ണിട്ട് മൂടി. അതിനപ്പുറം യാതൊരു സുരക്ഷ സംവിധാനങ്ങളും ഒരുക്കിയിട്ടില്ല. ആളൊഴിഞ്ഞ ഈ ഭാഗത്തേക്ക് അനാവശ്യമായി ആരും കടക്കാതിരിക്കാൻ വേലികെട്ടി സുരക്ഷിതമാക്കേണ്ടതുണ്ട്. മാർക്കറ്റ് കെട്ടിടങ്ങൾക്കടക്കം രാത്രി കാവലും ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.