ആലുവ: നിരോധിത നോട്ടുകളുമായി ആറംഗ സംഘം പൊലീസ് പിടിയില്‍. എസ്.ബി.ഐ ലൈഫ് പെരുമ്പാവൂര്‍ യൂനിറ്റ് മാനേജര്‍ കുറുപംപടി രായമംഗലം കണ്ണോത്ത് വീട്ടില്‍ നന്ദകുമാര്‍ (29), ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന കടമറ്റം തുരുത്തേറ്റ് വീട്ടില്‍ അനൂപ് (27), ആലുവ ചുണങ്ങംവേലി നാലാംമൈല്‍ കോലഞ്ചേരി വീട്ടില്‍ ജിജു (38), മലപ്പുറം രണ്ടത്താണി ചിനക്കല്‍ സ്വദേശികളായ പൂക്കയില്‍ അലി (27), അമ്പലത്തിങ്കല്‍ അമീര്‍ (36), ആലുവ തോട്ടുമുഖം അമിറ്റി ഫ്ലാറ്റ് അഞ്ച് എയില്‍ താമസിക്കുന്ന വെട്ടുകല്ലുമ്പുറത്ത് ലൈല എന്നിവരെയാണ് പിടികൂടിയത്. സംഘത്തിൽ രണ്ട് കോടി 71.5 ലക്ഷം രൂപയുടെ നിരോധിത നോട്ടുകൾ പൊലീസ് പിടിച്ചെടുത്തു.
മലപ്പുറത്തു നിന്ന് എറണാകുളത്തേക്ക് കള്ളനോട്ട് കടത്തുന്നതായി എസ്.പി എ.വി. ജോര്‍ജിനു രഹസ്യ വിവരം കിട്ടുകയായിരുന്നു. ഇതേതുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ ദേശീയപാതയില്‍ ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലത്തിന് സമീപം പൊലീസ് സംഘം കാത്തുനില്‍ക്കുകയും നോട്ട് കടത്തി കൊണ്ടുവന്ന പജേറോ കാര്‍ തടയുകയും ചെയ്തു. എന്നാല്‍, കാര്‍ നിര്‍ത്താതെ പോകുകയും ദേശീയപാതയില്‍ നിന്ന് നഗരത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു.
പിന്തുടര്‍ന്നെത്തിയ പൊലീസ് സംഘം പാലസിന് സമീപത്തുവെച്ച് വാഹനം തടയുകയായിരുന്നു. കാര്‍ പരിശോധിച്ചപ്പോഴാണ് നിരോധിത നോട്ടുകള്‍ കണ്ടെത്തിയത്. ആയിരത്തിന്‍റെ 122 കെട്ടുകളും അഞ്ഞൂറിന്‍റെ 299 കെട്ടുകളുമാണ് പിടികൂടിയത്. ലൈല ഒഴികെയുള്ള പ്രതികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ലൈല പറഞ്ഞിട്ടാണ് പണം കൊണ്ടു വരുന്നതെന്നും എടയപ്പുറത്തുള്ള അവരുടെ തയ്യല്‍ യൂനിറ്റില്‍ ലൈല കാത്തുനില്‍ക്കുന്നുണ്ടെന്നും പ്രതികള്‍ പൊലീസിന് വിവരം നല്‍കി. ഇതേതുടര്‍ന്ന് പൊലീസ് തയ്യല്‍ കേന്ദ്രത്തിലെത്തുമ്പോള്‍ ലൈല നോട്ടു കൊണ്ടു വരുന്നവരെ കാത്ത് യൂനിറ്റിന് പുറത്ത് നില്‍ക്കുന്നുണ്ടായിരുന്നു.
പൊലീസ് പ്രതികളെ വിശതമായി ചോദ്യം ചെയ്തു. സി.ഐ വിശാല്‍ ജോണ്‍സന്‍, ഷാഡോ ടീം എ.എസ്.ഐമാരായ ജോയ്, സജീവ് ചന്ദ്രന്‍, പൊലീസുകാരായ സലീഷ്, മനോജ്, രൂപേഷ്, ശ്യാം ലാല്‍, നിഖിലേഷ്, അഖില്‍ രാജേഷ്, ശ്യാം, മുഹമ്മദ്, പ്രശാന്ത് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.