ആലപ്പുഴ: പോപ്പുലർ ഫ്രണ്ടുകാരെ സംരക്ഷിക്കുന്നുവെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് സന്ദീപ് വാര്യരുടെ പ്രസ്താവനക്കെതിരെ എ.എം ആരിഫ്. ജാതി,മത, രാഷ്ട്രീയ ഭേദമന്യേ എല്ലാവരോടും സമഭാവനയോടെ പെരുമാറാനാണ് രാഷ്ട്രീയം പഠിപ്പിച്ചിട്ടുള്ളതെന്നും മതാന്ധതയിൽ ടയർ കൂട്ടിയിട്ട് കത്തിച്ച് ആളുകളെ കൊന്നുകളയണമെന്ന് അഭിപ്രായം പറയുന്ന രാഷ്ട്രീയമല്ല തേന്റതെന്നും ആരിഫ് തിരിച്ചടിച്ചു.
വയലാറിലെ ആർ.എസ്.എസ് പ്രവര്‍ത്തകൻ നന്ദുകൃഷ്ണന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ആരിഫിനെതിരെ ആരോപണവുമായി സന്ദീപ് വാര്യർ രംഗത്തെത്തിയത്.ആരിഫിന്‍റെ എല്ലാ സംരക്ഷണവും പിന്തുണയും ലഭിക്കുന്നവരാണ് ആലപ്പുഴയിലെ എസ്.ഡി.പി.ഐ പോപ്പുലർ ഫ്രണ്ട് ഭീകരൻമാരെന്ന് സന്ദീപ് വാര്യർ പറഞ്ഞിരുന്നു. കേരളത്തിൽ ഇസ്ലാമിക് ഖാലിഫൈറ്റ് സ്ഥാപിക്കാനുള്ള പോപ്പുലർ ഫ്രണ്ടിന്‍റെ ആഗ്രഹം നടക്കാൻ പോകുന്നില്ല. സംസ്ഥാന പൊലീസിന് പോപ്പുലർ ഫ്രണ്ട് തീവ്രവാദികളെ നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ ജിഹാദി ഭീകരതക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയരുമെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
എ.എം ആരിഫ് പങ്കുവെച്ച ഫേസ്ബുക് കുറിപ്പ്:
കഴിഞ്ഞ നാൽപ്പതു വർഷത്തോളമായി ആലപ്പുഴയുടെ മണ്ണിൽ ചുവന്ന കൊടിയെന്തി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ഒരു എളിയ ഇടതുപക്ഷ പ്രവർത്തകനാണ് ഞാൻ. ഇതുവരെ പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ പരമാവധി ആത്മാർത്ഥതയോടെ നിറവേറ്റിയതുകൊണ്ടാണ്, ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കാൻ പാർട്ടി എന്നെ നിയോഗിച്ചത്.
ആലപ്പുഴയിലെ ജനങ്ങൾക്ക് എന്നെ അറിയാം. മതാന്ധതയിൽ ടയർ കൂട്ടിയിട്ട് കത്തിച്ച് ആളുകളെ കൊന്നുകളയണമെന്ന് അഭിപ്രായം പറയുന്ന രാഷ്ട്രീയമല്ല എൻ്റെത്.സ്വന്തം പ്രവർത്തകനെ എതിരാളികൾ കൊലപ്പെടുത്തിയ കേസ് ഒത്തു തീർപ്പാക്കുക വഴി കിട്ടിയ കോടികൾ കൊണ്ട് കാര്യാലയം പണി കഴിപ്പിക്കുന്ന വാണിജ്യ തൽപ്പരതയുമല്ല എന്നെ നയിക്കുന്നത്.
ജാതി മത രാഷ്ട്രീയ ഭേദമന്യേ എല്ലാവരോടും സമഭാവനയോട് പെരുമാറാൻ ആണ് എന്റെ രാഷ്ട്രീയമെന്നെ പഠിപ്പിച്ചിട്ടുള്ളത്. അത് പാലക്കാട് ഉള്ള സന്ദീപ് വാര്യർക്കു മനസിലാവണമെന്നില്ല. ആലപ്പുഴയിലെ നിങ്ങളുടെ പാർട്ടിയുടെ തന്നെ നേതാക്കളോട് ചോദിച്ചാൽ മതി.
കൊലപ്പെടുത്തിയവരുടെ രാഷ്ട്രീയത്തെക്കുറിച്ച് ഒരുവരി പരാമർശിക്കാതെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി വെറും മൂന്നാംകിട ദുരാരോപണം ഉന്നയിക്കുന്ന സന്ദീപ് വാര്യരെപ്പോലുള്ള ഒരു രാഷ്ട്രീയ നേതാവിനു ഇതൊക്കെ മനസിലാകുമോ എന്നറിയില്ല. മനസിലാക്കിയാൽ നല്ലത്. കൊല്ലപ്പെട്ട നന്ദുവിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.