‘ഞാൻ പോകുന്നു ‘ അമൽ ജ്യോതി എഞ്ചിനീയറിംഗ് വിദ്യാർഥിനിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളജ് വിദ്യാർഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യാക്കുറിപ്പ് അന്വേഷണ സംഘത്തിന് ലഭിച്ചു. വിദ്യാർഥിനിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരിക്കുകയാണ്. ആരെയും കുറ്റപ്പെടുത്തുന്ന ഒന്നും കുറിപ്പിൽ ഉണ്ടായിരുന്നില്ലെന്ന് കോട്ടയം എസ്.പി വെളിപ്പെടുത്തി.

വിദ്യാർഥിനിയുടെ ഹോസ്റ്റൽ മുറിയിൽ നിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. ‘ഞാൻ പോകുന്നു ‘ എന്ന് മാത്രമാണ് ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നത്. ആത്മഹത്യയുടെ കാരണത്തെക്കുറിച്ചോ കുറ്റക്കാരായ ആരെയെങ്കിലും കുറിച്ചോ കുറിപ്പിൽ വിവരങ്ങൾ ഉണ്ടായിരുന്നില്ല. ആത്മഹത്യയുടെ കാരണം കണ്ടെത്തുന്നതിനായി സമഗ്ര അന്വേഷണം നടത്തുമെന്നും ക്രൈം ബ്രാഞ്ച് നല്ല നിലയിൽ അന്വേഷണം നടത്തുമെന്നും കോട്ടയം എസ്.പി കൂട്ടിച്ചേർത്തു.

കഴിഞ്ഞ വെളളിയാഴ്ച്ചയാണ് അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളജിൽ ഫുഡ് ടെക്നോളജി രണ്ടാംവർഷ വിദ്യാർഥിയായ ശ്രദ്ധയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.കോളജ് ലാബിൽ ഫോൺ ഉപയോഗിച്ചതിന് അധ്യാപകർ ശ്രദ്ധയുടെ ഫോൺ വാങ്ങി വെച്ചിരുന്നു.

വകുപ്പ് മേധാവി ശ്രദ്ധയെ വിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് മറ്റുള്ളവർ ഭക്ഷണം കഴിക്കാൻ പോയ സമയത്ത് ശ്രദ്ധ ആത്മഹത്യ ചെയ്യുന്നത്. എച്ച്.ഒ.ഡിയുടെ റൂമിൽ നിന്ന് പുറത്തിറങ്ങി വന്ന ശ്രദ്ധ ആത്മഹത്യ ചെയ്യുമെന്ന് സൂചന നൽകിയിരുന്നതായും സഹപാഠികൾ പറഞ്ഞിരുന്നു. ആത്മഹത്യയെ തുടർന്ന് വലില പ്രതിഷേധമാണ് നടന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും ,മന്ത്രി വി.എൻ. വാസവനുമായി നടന്ന ചർച്ചയെ തുടർന്ന് വിദ്യാർഥികളുടെ സമരം പിൻവലിച്ചിരിക്കുകയാണ്. 

Tags:    
News Summary - Amal Jyoti engineering student

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.