തിരുവനന്തപുരം: റെയിൽവേയുടെ പരിധിയിലുള്ള ആമയിഴഞ്ചാൻ തോടിന്റെ ഭാഗം വൃത്തിയാക്കുന്നതിനിടെ മുങ്ങി മരിച്ച ക്രിസ്റ്റഫർ ജോയിയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണം എന്നാവശ്യപ്പെട്ട് ലേബർ ഓഫീസർ റീജിയണൽ ലേബർ കമ്മീഷണർ (സെൻട്രൽ) - ന് കത്ത് നൽകി. മന്ത്രി വി. ശിവൻകുട്ടിയുടെ നിർദേശപ്രകാരം സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കത്ത് നൽകിയത്.
തോടിന്റെ റെയിൽവേയുമായി ബന്ധപ്പെട്ട ഭാഗങ്ങൾ വൃത്തിയാക്കുന്നതിനായി റെയിൽവേ പി.ഡബ്യൂ.ഡി. ലൈസൻസുള്ള കരാറുകാരനായ ബിജു എന്ന ആളുമായി കരാറിൽ ഏർപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ വൃത്തിയാക്കാനിറങ്ങുകയും അപകടം സംഭവിക്കുകയും ആയിരുന്നു. ജോലിക്കിടെ അപകട മരണം സംഭവിച്ചതിനാൽ, ജോയിക്ക് 1932 ലെ എംപ്ലോയീസ് കോംപൻസേഷൻ നിയമ പ്രകാരമുള്ള നഷ്ടപരിഹാരത്തിന് അർഹതയുണ്ട്.
കരാർ പ്രകാരം പ്രിൻസിപ്പൽ എംപ്ലോയർ റെയിൽവേ ആയതിനാൽ ഈ വിഷയത്തിൽ തുടർ നടപടി സ്വീകരിക്കാനാണ് ലേബർ ഓഫീസർ കത്തിൽ നിർദേശം നൽകിയത്. ക്രിസ്റ്റഫർ ജോയിയുടെ കുടുംബത്തിന് റെയിൽവേ നഷ്ടപരിഹാരം നൽകണം എന്നാവശ്യപ്പെട്ട് റെയിൽവേ മന്ത്രിക്ക് മന്ത്രി വി. ശിവൻകുട്ടി കത്തയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.