തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ ദുരന്തത്തിൽ പരസ്പരം പഴിചാരി സർക്കാറും റെയിൽവേയും. മാലിന്യ നീക്കത്തിന്റെ ചുമതല സർക്കാറിനെന്ന് റെയിൽവേയും റെയിൽവേയുടേതെന്ന് സർക്കാറും കുറ്റപ്പെടുത്തുകയാണിപ്പോൾ. രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും വകുപ്പുകളും സ്വയംരക്ഷക്ക് വഴിനോക്കുമ്പോൾ ശാശ്വത പരിഹാരം തേടുകയാണ് ജനങ്ങൾ. രക്ഷാപ്രവർത്തകരെ അഭിനന്ദിച്ച ഹൈകോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പ്രതികരണത്തിന് പിന്നാലെ അന്വേഷണത്തിന് അമിക്കസ് ക്യൂറിയെയും ചുമതലപ്പെടുത്തിയതിലാണ് പ്രതീക്ഷ.
റെയിൽപാളത്തിനടിയിലൂടെ കടന്നുപോകുന്ന തുരങ്കസമാനമായ തോടാണ് ഇപ്പോഴത്തെ ശ്രദ്ധാകേന്ദ്രം. സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമുകൾക്കടിയിലൂടെയാണ് ഈ തോട് കടന്നുപോകുന്നത്. തോടിന് മുകളിലെ കോൺക്രീറ്റ് പാലത്തിലൂടെയാണ് റെയിൽ പാളം. 150 മീറ്ററോളം വരുന്ന തുരങ്കസമാനമായ ഇവിടെ പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യവും ചളിയും അടിഞ്ഞുകൂടിയതാണ് തെരച്ചിൽ ദുഷ്കരമാക്കിയത്. തോടിന്റെ സ്വാഭാവിക ഒഴുക്ക് നിലച്ച് പാറപോലെ ഉറച്ച മാലിന്യക്കൂമ്പാരത്തിൽ അകത്തുപോയി പരിശോധന നടത്താൻ രക്ഷാപ്രവർത്തകർ പാടുപെട്ടു. രക്ഷാപ്രവർത്തനം രണ്ടു ദിവസം നീളാനും ഒരു ജീവൻ നഷ്ടപ്പെടാനും ഇടയാക്കിയതും ഇതുതന്നെ.
വർഷങ്ങൾക്കുമുമ്പ് തമ്പാനൂർ ഭാഗം നെൽപ്പാടമായിരുന്ന കാലത്തേയുള്ളതാണ് ആമയിഴഞ്ചാൻ തോട്. 1931ൽ ചാക്കയിൽനിന്ന് തമ്പാനൂരിലേക്ക് റെയിൽവേ ലൈൻ എത്തിയപ്പോൾ തോട് റെയിൽവേ ട്രാക്കിനടിയിലായി. പിന്നീട് കോർപറേഷനും ജലവിഭവവകുപ്പുമെല്ലാം പല ഘട്ടങ്ങളിലായി തോട്ടിൽ നിർമാണം നടത്തി. തമ്പാനൂർ കോഫി ഹൗസ് മുതൽ പവർഹൗസ് വരെ 150 മീറ്ററോളം ദൂരം ഭൂമിക്കടിയിലൂടെയാണ് തോട്.
വെള്ളം തോട്ടിലേക്ക് ഇറങ്ങാനും മറ്റു പ്രവൃത്തികൾക്കുമായി റെയിൽ പാളങ്ങളിൽ മാൻഹോളുകളുണ്ട്. ഈ മാൻഹോളുകളിലൂടെയായിരുന്നു ജോയിക്കായുള്ള തിരച്ചിലും നടന്നത്. റെയിൽപാളത്തിലെ ഓരോ മാൻഹോളിലൂടെയും അകത്തേക്കിറങ്ങിയ സ്കൂബ ടീം അഴുക്കും ചളിയും നിറഞ്ഞ തുരങ്കത്തിലൂടെ പലതവണകളായി അകത്തേക്ക് പോയാണ് പരിശോധന പൂർത്തിയാക്കിയത്. വെള്ളത്തിലിറങ്ങുന്ന അതേ സ്ഥലത്ത് കൂടെ മാത്രമേ പുറത്തിറങ്ങാനാവൂ എന്നതായിരുന്നു പ്രധാന വെല്ലുവിളി.
2018ൽ ഓപറേഷൻ അനന്തയുടെ ഭാഗമായി ഈ ഭാഗത്തുനിന്ന് ഏകദേശം 700 ലോഡ് മണ്ണും മാലിന്യവും നീക്കം ചെയ്തിരുന്നു. തോടിന്റെ വീതികൂട്ടി ഒഴുക്ക് സുഗമമാക്കുന്നതിനുള്ള നടപടിയും പൂർത്തിയായിരുന്നു. അന്ന് ഈ തുരങ്കത്തിലൂടെ ചെറിയ എക്സ്കവേറ്റർ അപ്പുറത്ത് വരെ സഞ്ചരിച്ചിരുന്നു. ഇതേ കനാലാണ് ഏതാനും വർഷങ്ങൾക്കിപ്പുറം ഒരു മനുഷ്യന്റെ ജീവനപഹരിക്കും വിധം ഇടുങ്ങിപ്പോയത്. തലസ്ഥാനത്ത് മഴയൊന്ന് ചാറിയാൽ തമ്പാനൂരും പരിസരവും ഒപ്പം സെൻട്രൽ റെയിൽവേ സ്റ്റേഷനും വെള്ളത്തിലാകുന്നത് പതിവാണ്.
ഇതിനു പരിഹാരമായി ആവിഷ്കരിച്ച ഓപറേഷൻ അനന്തയുടെ ഭാഗമായി റെയിൽവേ ട്രാക്കിനടിയിൽ കൂടി കടന്നുപോകുന്ന ഭാഗം വീതികൂട്ടുന്നതിനും പദ്ധതി ഉണ്ടായിരുന്നു. പ്രീ ഫാബ്രിക് ടെക്നോളജി ഉപയോഗിച്ച് ഓവുചാലിന്റെ വീതികൂട്ടാനുള്ള വിശദപദ്ധതി രേഖ മുന്നിലുണ്ടായിട്ടും സര്‍ക്കാര്‍ തലത്തിൽ തുടര്‍നടപടി ഉണ്ടായില്ല എന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.