മറ്റു സംസ്ഥാനങ്ങളിൽ പയറ്റുന്ന അടവുമായി വന്നാൽ കേരളത്തിൽ താമര വേരുപിടിക്കില്ലെന്ന് ബി.ജെ.പി കേന്ദ്രനേതാക്കൾക്ക് നന്നായി അറിയാം, വിശിഷ്യാ പാർട്ടിയുടെ ചാണക്യൻ എന്ന് പുകഴ്ത്തപ്പെടുന്ന കേന്ദ്രമന്ത്രി അമിത്ഷാക്ക്. ബംഗാളിലും അസമിലും അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ പോലും വീരശൂര പരാക്രമി പരിവേഷത്തിലെത്തി കശ്മീർ വിഷയവും പൗരത്വ നിയമവും ന്യൂനപക്ഷ വിരോധവുമെല്ലാം വിളമ്പുന്ന അമിത് ഷാ തന്നാലാവുന്നത്ര സൗമ്യത ഭാവം നിറച്ചാണ് കേരളത്തിൽ വന്നിറങ്ങുന്നത്. ശരീരഭാഷയിലും പ്രസംഗരീതിയിലും പ്രവർത്തകരുമായുള്ള ഇടപഴകലിലുമെല്ലാം അത് പ്രകടം.
ബുധനാഴ്ച രാവിലെ തൃപ്പൂണിത്തുറയിലായിരുന്നു ആദ്യപരിപാടി.
അണിയിച്ചൊരുക്കിയ തുറന്ന വാഹനത്തിൽ കിഴക്കേകോട്ടയില്നിന്ന് ആരംഭിച്ച റോഡ് ഷോയിൽ തൃപ്പൂണിത്തുറയിലെ എൻ.ഡി.എ സ്ഥാനാർഥി ഡോ. കെ.എസ്. രാധാകൃഷ്ണനും സംസ്ഥാന, ജില്ല നേതാക്കളും കൂടെ ചേർന്നു. വാദ്യമേളങ്ങളുടെയും കഥകളി വേഷങ്ങളുടെയും കാവടികളുടെയും നൂറുകണക്കിന് ബൈക്കുകളുടെയും അകമ്പടിയോടെ നടത്തിയ യാത്രക്ക് ശേഷം കാഞ്ഞിരപ്പള്ളിയിലേക്ക്. ഉച്ചക്ക് 12.20ന് കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളജ് ഗ്രൗണ്ടിലെ ഹെലിപാഡിലിറങ്ങി പൊൻകുന്നം ശ്രേയസ് സ്കൂൾ മൈതാനിയിേലക്കെത്തുേമ്പാൾ സി.വി. ആനന്ദബോസായിരുന്നു പ്രസംഗപീഠത്തിൽ. എൻ.ഡി.എ സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനം പ്രസംഗം തുടങ്ങി. യു.പിയിൽ കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ അക്രമം സംബന്ധിച്ച് കണ്ണന്താനം ഇംഗ്ലീഷിൽ നടത്തിയ പ്രസംഗം കേട്ട ശേഷം ഇതുസംബന്ധിച്ച നിവേദനവും ആനന്ദബോസ് തയാറാക്കിയ കേരളത്തിെൻറ വികസനരേഖയും ഏറ്റുവാങ്ങി.
പ്രവർത്തകരെ കൈയിലെടുത്താണ് അമിത് ഷാ തുടങ്ങിയത്. മോദിജി അസമിലാണ്, നിങ്ങളുടെ ആരവം അവിടെ കേൾക്കുമാറുച്ചത്തിലാകണമെന്ന ആഹ്വാനം ഏറ്റെടുത്തു പ്രവർത്തകരെല്ലാം. തുടർന്ന് കോട്ടയം ജില്ലയിലെ ഒമ്പത് മണ്ഡലത്തിലെയും എൻ.ഡി.എ സ്ഥാനാർഥികളെയും വേദിയുടെ മുന്നിലേക്ക് പേരുപറഞ്ഞു വിളിച്ചുവരുത്തി വോട്ട് അഭ്യർഥിച്ചു. പ്രസംഗം തർജമ ചെയ്ത ജോർജ് കുര്യൻ സ്ഥാനാർഥികളുടെ പേര് ആവർത്തിച്ചപ്പോൾ ഞാൻ സ്ഥാനാർഥികൾക്ക് വേണ്ടിയല്ല ബി.ജെ.പിക്ക് വേണ്ടിയാണ് പ്രചാരണത്തിന് എത്തിയതെന്ന് പറഞ്ഞ് വിലക്കി. പ്രസംഗ ശേഷം ബി.ജെ.പിയിലെത്തിയ പത്തനംതിട്ട മുൻ ജില്ല കലക്ടർ ടി.ടി. ആൻറണിയെ ഷാൾ അണിയിച്ച് ചാത്തന്നൂരിലേക്ക് പോകാൻ ഹെലിപാഡിലേക്ക്.
ചാത്തന്നൂർ മണ്ഡലം സ്ഥാനാർഥിയും ബി.ജെ.പി ജില്ല പ്രസിഡൻറുമായ ബി.ബി. ഗോപകുമാറുമൊത്തുള്ള റോഡ് ഷോ അര മണിക്കൂർ വൈകി രണ്ടരയോടെയാണ് തുടങ്ങിയത്. എല്ലാവർക്കും അഭിവാദ്യം നൽകി, സമ്മേളന സ്ഥലമായ പരവൂർ പുറ്റിങ്ങൽ ക്ഷേത്ര മൈതാനത്തേക്ക്. റോഡിനിരുവശവും കൂടിനിന്നവർ ആവേശത്താൽ മുദ്രാവാക്യം വിളിച്ചു. ഇരുവശത്തും നിന്നവർക്കു നേരെ കാറിനുള്ളിലിരുന്ന് കൈവീശി. 2.40 ഓടെ സമ്മേളന നഗരിയിൽ.
വരവേൽക്കാനായി വർണത്തലപ്പാവും വലിയ ഹാരവുമൊരുക്കിയിരുന്നു പ്രവർത്തകർ. മാലയിലേക്ക് സ്ഥാനാർഥിയെയും ഒപ്പം കൂട്ടി. പ്രസംഗത്തിനായി വിളിച്ചെങ്കിലും സ്ഥാനാർഥിക്ക് ആദ്യം അവസരം. തുടർന്ന് അമിത് ഷാ മൈക്കിനരികിലേക്ക്. കേരളത്തിെൻറ പാരമ്പര്യവും സംസ്കാരവും ഇരുമുന്നണികളും തകർക്കുകയാണെന്നും ബി.ജെ.പിക്ക് ഒരവസരം തന്നാൽ രാജ്യത്തെ മികച്ച വികസന കേന്ദ്രമാക്കി മാറ്റുമെന്നും ഉറപ്പ് നൽകിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയനോട് കുറെ ചോദ്യങ്ങൾ. പിക്നിക്കിനായാണ് 'രാഹുൽ വാവ' കേരളത്തിൽ വരുന്നതെന്ന് പരിഹാസം. അണികളിൽ ഹരം നിറഞ്ഞു. സദസ്സിനെക്കൊണ്ട് വന്ദേമാതരം ചൊല്ലിച്ച് വേദിക്കുപുറത്തേക്ക്.
മലമ്പുഴ മണ്ഡലത്തിലെ കഞ്ചിക്കോടായിരുന്നു ഒടുവിലത്തെ റോഡ് ഷോ. നിശ്ചിത സമയത്തിനും 25 മിനിറ്റ് വൈകിയാണ് ബെമ്ൽ ഹെലിപാഡിൽ ഇറങ്ങിയത്. എസ്കോർട്ട് വാഹനങ്ങളുെട അകമ്പടിയോടെ ബുള്ളറ്റ് പ്രൂഫ് കാറിൽ റോഡ് ഷോ ആരംഭിക്കുന്ന പുതുശ്ശേരി സെൻട്രലിലേക്ക്. വാഹനവ്യൂഹം കണ്ടതോടെ പൊരിവെയിലിൽ കാത്തിരിക്കുന്ന പ്രവർത്തകർ ഹർഷാരവം മുഴക്കി.
വെള്ള ലിനൻ കുർത്തയും ഇളം വയലറ്റ് ജാക്കറ്റും ധരിച്ച്, പുഞ്ചിരി തൂവി പാലക്കാട്, മലമ്പുഴ മണ്ഡലം സ്ഥാനാർഥികളായ ഡോ. ഇ. ശ്രീധരൻ, സി. കൃഷ്ണകുമാർ, ജില്ല പ്രസിഡൻറ് ഇ. കൃഷ്ണദാസ് എന്നിവർക്കൊപ്പം പുതുശ്ശേരി സെൻട്രലിൽനിന്ന് കഞ്ചിക്കോട് സത്രപ്പടി വരെ അര കിലോമീറ്ററോളം തുറന്ന വാഹനത്തിൽ സഞ്ചരിച്ചു. വാദ്യമേളങ്ങളും പൂക്കാവടിയും റോഡ് ഷോക്ക് കൊഴുപ്പ് പകർന്നു. പ്രിയ നേതാവിനെ അടുത്തുകണ്ട പ്രവർത്തകരുടെ ആവേശം പലപ്പോഴും ഭാരത് മാത കീ ജയ്... മുദ്രാവാക്യങ്ങളായി പുറത്തുവന്നു. പ്രസംഗമൊന്നും നടത്താതെ, തടിച്ചുകൂടിയ പ്രവർത്തകരെ മുഷ്ടി ചുരുട്ടി പലതവണ അഭിവാദ്യം ചെയ്താണ് റോഡ് ഷോ അവസാനിപ്പിച്ച് കോയമ്പത്തൂരിലേക്ക് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.