കൊച്ചി: പങ്കാളിത്ത പെൻഷൻ പദ്ധതിയിലേക്കും സ്‌റ്റേറ്റ് ലൈഫ് ഇൻഷുറൻസ് പോളിസിയിലേക്കും അടക്കാൻ ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് കെ.എസ്.ആർ.ടി.സി പിടിച്ച തുക ആറുമാസത്തിനകം നിക്ഷേപിക്കണമെന്ന് ഹൈകോടതി. ശമ്പളത്തിൽനിന്ന് പിടിച്ച തുക വകമാറ്റിയതിൽ അതൃപ്തി പ്രകടിപ്പിച്ചാണ് അതത് പദ്ധതികളുടെ അക്കൗണ്ടുകളിലേക്ക് തുക മുഴുവൻ അടക്കാൻ ജസ്റ്റിസ് സതീഷ് നൈനാൻ ഉത്തരവിട്ടത്.
ഇത്തരം വകമാറ്റൽ അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. പങ്കാളിത്ത പെൻഷൻ പദ്ധതിയിലേക്കും ലൈഫ് ഇൻഷുറൻസ് പോളിസിയിലേക്കും അടക്കാൻ ശമ്പളത്തിൽനിന്ന് പിടിച്ച തുക അതത് പദ്ധതികളിൽതന്നെ നിക്ഷേപിക്കാൻ കെ.എസ്.ആർ.ടി.സിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് സ്വദേശി എസ്.എ സുനീഷ് കുമാർ ഉൾപ്പെടെ 106 ജീവനക്കാർ നൽകിയ ഹരജി തീർപ്പാക്കിയാണ് കോടതി ഉത്തരവ്.
കെ.എസ്.ആർ.ടി.സിയിൽ പങ്കാളിത്ത പെൻഷൻ പദ്ധതി ഏർപ്പെടുത്തിയ 2014 മുതലുള്ള കണക്കനുസരിച്ച് 333.36 കോടിയാണ് ഈ ഇനത്തിൽ അടക്കേണ്ടത്. കോവിഡ് പ്രതിസന്ധി മൂലം 81.73 കോടി മാത്രമാണ് അടച്ചതെന്നും 251.63 കോടി കുടിശ്ശികയാണെന്നും കെ.എസ്.ആർ.ടി.സി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഹരജിക്കാരുടെ കുടിശ്ശിക മാത്രം അടക്കാൻ 15 കോടി വേണം.
9000ലേറെ ജീവനക്കാരാണ് പങ്കാളിത്ത പെൻഷൻ പദ്ധതിയിലുള്ളത്. ഇവരുടെ ശമ്പളത്തിൽനിന്നുള്ളതിന് പുറമേ കെ.എസ്.ആർ.ടി.സിയുടെ വിഹിതവും പദ്ധതിയിൽ അടക്കണം. കോർപറേഷൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ശമ്പളം നൽകുന്നതുപോലും സർക്കാറിന്റെ സാമ്പത്തിക സഹായത്തോടെയാണെന്നും വിശദീകരിച്ചിരുന്നു. എന്നാൽ, ഇക്കാര്യങ്ങളൊന്നും കോടതി അംഗീകരിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.