തൃശൂർ: കേന്ദ്രാവിഷ്കൃത പദ്ധതികൾ വഴി സംസ്ഥാനത്തെ വിവിധ വകുപ്പുകളിലേക്ക് ലഭിക്കുന്ന തുകയുടെ വിനിയോഗം ഇനി കേന്ദ്രസർക്കാർ നേരിട്ട് നിരീക്ഷിക്കും. കേന്ദ്ര ധനമന്ത്രാലയത്തിെൻറ വെബ് അധിഷ്ഠിത ഓൺലൈൻ സോഫ്റ്റ്വെയർ ആപ്ലിക്കേഷനായ പബ്ലിക് ഫിനാൻഷ്യൽ മാനേജ്മെൻറ് സിസ്റ്റം (പി.എഫ്.എം.എസ്) വഴി മാത്രമേ കേന്ദ്ര ധന വിനിയോഗം പാടുള്ളൂവെന്ന കർശന നിർദേശമാണ് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിട്ടുള്ളത്. ഈ സമ്പ്രദായം പ്രാബല്യത്തിലാകുന്നതോടെ സംസ്ഥാനങ്ങൾ ചെലവിടുന്ന ഓരോ രൂപയും കേന്ദ്ര ധനമന്ത്രാലയത്തിന് വീക്ഷിക്കാനാവും.
കേന്ദ്രാവിഷ്കൃത പദ്ധതി ഫണ്ടിെൻറ കാര്യക്ഷമമായ വിനിയോഗം ഉറപ്പുവരുത്തുക എന്നതാണ് പുതിയ ധനവിനിയോഗ ക്രമത്തിെൻറ ലക്ഷ്യം. ഇതിെൻറ ഭാഗമായി സംസ്ഥാന തലത്തിൽ കേന്ദ്രീകൃത ബാങ്ക് അക്കൗണ്ടും കീഴ്ഘടകങ്ങളിൽ സീറോ ബാലൻസ് അക്കൗണ്ടുകളും തുടങ്ങി വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഇതോടെ കേന്ദ്രാവിഷ്കൃത പദ്ധതി ആനുകൂല്യങ്ങളും ചെലവുകളും പൂർണമായും ബാങ്ക് വഴിയായിരിക്കും. ഇതിനായി പൊതുമേഖലയിലടക്കം 300 ബാങ്കുകളുമായി സഹകരിച്ച് കേന്ദ്രം രൂപവത്കരിച്ച നാഷനൽ പേമെൻറ് കോർപറേഷൻ ഓഫ് ഇന്ത്യ എന്ന ബാങ്കിങ് ശൃംഖല ഉപയോഗപ്പെടുത്തണം.
ചെറു ഫണ്ടുകൾക്ക് ചലാൻ ഉപയോഗിച്ച് ട്രഷറി വഴിയുള്ള ധനവിനിയോഗവും കൈമാറ്റവും ഇതോടെ കേന്ദ്ര പദ്ധതികളിൽനിന്ന് ഒഴിവാക്കപ്പെടും. കേന്ദ്രാവിഷ്കൃത പദ്ധതികളിൽ സംസ്ഥാനങ്ങളിലേക്കുള്ള ഫണ്ട് വിഹിതം പരിമിതപ്പെടുത്തി കേന്ദ്രം ഗുണഭോക്താക്കൾക്ക് നേരിട്ട് നൽകുന്നതിലേക്ക് പി.എഫ്.എം.എസ് ധനവിനിയോഗ ക്രമം വഴിതെളിച്ചേക്കുമെന്ന് ധനകാര്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. പി.എഫ്.എം.എസ് സംസ്ഥാനങ്ങളിൽ അടിച്ചേൽപിക്കാനുള്ള നടപടി നാലുവർഷം മുേമ്പ തുടങ്ങിയിരുന്നെങ്കിലും കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിലാണ് പദ്ധതിക്ക് ഗതിവേഗം വെച്ചത്.
എന്താണ് പി.എഫ്.എം.എസ്
കേന്ദ്ര സർക്കാറിെൻറ ധനകാര്യ വിനിയോഗം കാര്യക്ഷമവും സുഗമവുമാക്കാനായി കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ് (സി.ജി.എ) ഓഫിസ് വികസിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന ഒരു വെബ് അധിഷ്ഠിത ഓൺലൈൻ സോഫ്റ്റ്വെയർ ആപ്ലിക്കേഷനാണ് പി.എഫ്.എം.എസ്. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും കേന്ദ്രാവിഷ്കൃത വിഹിതത്തിെൻറ വിനിമയവും പുരോഗതിയും യഥാസമയം അറിഞ്ഞ് ഇടപെടുകയെന്നതാണ് ലക്ഷ്യം. ഇവ പരിശോധിച്ചാണ് ഒാരോ സാമ്പത്തിക വർഷത്തെയും ധനകാര്യ നീക്കിയിരിപ്പ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ധന കമീഷൻ അനുവദിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.